പൂത്തോട്ടയിൽ ശ്രീനാരായണ വല്ലഭ ഭവനം പദ്ധതിക്ക് തുടക്കമായി
കൊച്ചി: ക്ഷേത്രങ്ങളിൽ സ്വർണക്കൊടിമരവും ആനക്കാെട്ടിലും പണിത് ആർഭാടം കാണിക്കാതെ ഭക്തർ സമർപ്പിക്കുന്ന സമ്പത്ത് ജനക്ഷേമത്തിന് വിനിയോഗിക്കണമെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. പൂത്തോട്ട ശ്രീനാരായണ വല്ലഭക്ഷേത്രത്തിൽ ഉത്സവത്തിന്റെ ഭാഗമായി ശ്രീനാരായണ വല്ലഭ ഭവനം പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം.
ദൈവങ്ങൾക്ക് വിശപ്പില്ല, ഭക്തർക്കുണ്ട്. ഭക്തർ സമർപ്പിക്കുന്ന സമ്പത്തുകൊണ്ട് പാവങ്ങളുടെ കണ്ണീരൊപ്പാനായാൽ ഭഗവാന് അതിൽപ്പരം തൃപ്തി വേറെയില്ല.
58 വർഷമായി താൻ കണിച്ചുകുളങ്ങര ദേവസ്വം പ്രസിഡന്റാണ്. വലിയ എതിർപ്പുകൾ നേരിട്ടാണ് അവിടത്തെ വേലപടയണിയെന്ന അനാചാരം അവസാനിപ്പിച്ചത്. വെട്ടും കുത്തും ഏൽക്കേണ്ടി വന്നു. പിന്മാറിയില്ല. ആനയെഴുന്നള്ളിപ്പും നിറുത്തി. ഭഗവതിക്ക് ഒരു തൃപ്തിക്കുറവും ഉണ്ടായില്ല.
കണിച്ചുകുളങ്ങര ക്ഷേത്രവരുമാനത്തിന്റെ വലിയ ഭാഗം ക്ഷേമപദ്ധതികൾക്കാണ് വിനിയോഗിക്കുന്നത്. അതുകൊണ്ട് വർഷാവർഷം വരുമാനം വർദ്ധിക്കുന്നു.
ക്ഷേത്രങ്ങളിൽ ഷർട്ടൂരി പ്രവേശിക്കണമെന്ന അനാചാരവും അവസാനിപ്പിക്കേണ്ട കാലമായി. പൂണൂലുണ്ടോ എന്നറിയാനുള്ള സൂത്രമാണ് ഈ പരിപാടി. ഷർട്ട് ധരിച്ച് പ്രവേശിക്കരുതെന്ന ബോർഡിന് പകരം ഷർട്ട് ഉൗരരുത് എന്ന ബോർഡാണ് വയ്ക്കേണ്ടതെന്നും വെള്ളാപ്പള്ളി പറഞ്ഞു.
എസ്.എൻ.ഡി.പി യോഗം പൂത്തോട്ട ശാഖയുടെ പ്രവർത്തനം മാതൃകയാണ്. ഉത്സവത്തിന്റെ ആർഭാടം കുറച്ച് ശാഖയിലെ 20 നിർദ്ധന കുടുംബങ്ങൾക്ക് വീടുവച്ച് നൽകാനുള്ള തീരുമാനം അഭിനന്ദനാർഹമാണ്. ഇനി ക്ഷേത്രങ്ങൾക്ക് പകരം വിദ്യാലയങ്ങൾ പണിയണമെന്ന ശ്രീനാരായണ ഗുരുദേവന്റെ ഉപദേശം അക്ഷരം പ്രതി പാലിച്ചവരാണ് പൂത്തോട്ടക്കാർ. ഒത്താെരുമയോടെ നിന്ന് കൂടുതൽ നേട്ടങ്ങൾ കൈവരിക്കാൻ ശാഖാ അംഗങ്ങൾ ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു.
യോഗത്തിൽ എസ്.എൻ.ട്രസ്റ്റ് ബോർഡ് അംഗം പ്രീതി നടേശൻ ഭദ്രദീപം പ്രകാശിപ്പിച്ചു. എസ്.എൻ.ഡി.പി യോഗം കണയന്നൂർ യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി ചെയർമാൻ മഹാരാജാ ശിവാനന്ദൻ അദ്ധ്യക്ഷത വഹിച്ചു. ശിവഗിരി മഠത്തിലെ നാരായണ റിഷിയും ശ്രീനാരായണ വല്ലഭ ക്ഷേത്രം തന്ത്രി ഡോ.ഒ.വി.ഷിബു ഗുരുപദവും അനുഗ്രഹ പ്രഭാഷണം നടത്തി. യൂണിയൻ കൺവീനർ എം.ഡി. അഭിലാഷ് മുഖ്യപ്രഭാഷണം നിർവഹിച്ചു. ഉദയംപേരൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.എ.ഗോപി, കണയന്നൂർ യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി അംഗം എൽ.സന്തോഷ്, പൂത്തോട്ട ശാഖാ വൈസ് പ്രസിഡന്റ് എ.ഡി. ഉണ്ണിക്കൃഷ്ണൻ, യൂണിയൻ കമ്മിറ്റി അംഗം ശ്രീജിത്ത് രാജൻ, ഉദയംപേരൂർ പഞ്ചായത്ത് അംഗങ്ങളായ എ.എസ്.കുസുമൻ, എം.പി.ഷൈമോൻ, ആനി അഗസ്റ്റിൻ, യൂത്ത് മൂവ്മെന്റ് പ്രസിഡന്റ് എൻ.ബി.സുജേഷ്, വനിതാസംഘം പ്രസിഡന്റ് ലളിത സുബ്രഹ്മണ്യൻ, കുമാരി സംഘം പ്രസിഡന്റ് ടി.ആർ.സേതുലക്ഷ്മി, ബാലജനയോഗം പ്രസിഡന്റ് ആദിത്യ ബിജു എന്നിവർ പങ്കെടുത്തു. ശാഖാ പ്രസിഡന്റ് ഇ.എൻ.മണിയപ്പൻ സ്വാഗതവും സെക്രട്ടറി കെ.കെ.അരുൺകാന്ത് നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |