കൊച്ചി: വനിതളോട് ഏറ്രവുമധികം ബഹുമാനത്തോടെ പെരുമാറുന്നവരാണ് മലയാളികളെന്നാണ് തന്റെ അനുഭവമെന്ന് തമിഴ് സൂപ്പർ താരം സൂര്യ. കേരളം ഇന്ത്യയ്ക്ക് തന്നെ വഴികാട്ടിയാണ്.
പലതും കേരളത്തെ കണ്ടാണ് പഠിക്കുന്നത്. സിനിമയിലും അങ്ങിനെ തന്നെ. ബോളിവുഡിലെ ഏതാനും സംവിധായകർ നിർദ്ദേശിക്കുന്നത് മലയാള സിനിമകൾ കാണാനാണ്. പുതിയ സിനിമ ഇറ്റിയുടെ പ്രചരണാർത്ഥം കൊച്ചിയിലെത്തിയതായിരുന്നു താരം. രണ്ടരവർഷത്തിന് ശേഷം കൊച്ചിയിലെത്തിയ സൂര്യ മനസു തുറക്കുന്നു.
എന്നാണൊരു
മലയാളപ്പടം ?
മലയാളസിനിമകൾ അത്ഭുതപ്പെടുത്തുകയാണ്. ജോജി മുതൽ മിന്നൽ മുരളി വരെ എല്ലാം ഒന്നിനൊന്ന് മികച്ചത്. നല്ല സിനിമയുടെ ഭാഗമാകാൻ ആഗ്രഹമുണ്ട്.
വരും വർഷങ്ങളിൽ നടക്കുമെന്ന് പ്രതീക്ഷിക്കുന്നു. മമ്മൂട്ടി സാറിനോ മോഹൻലാൽ സാറിനൊപ്പമോ ഒരാളുടെ കൂടെ ചെയ്യണമെന്നല്ല, നല്ല നടന്മാർക്കൊപ്പം അഭിനയിക്കണമെന്നതാണ് ആഗ്രഹം. അമൽനീരദുമായി ഒരു സിനിമയുടെ ചർച്ചകൾ നടന്നിരുന്നു.
തിയേറ്ററാവേശം
മിസ് ചെയ്യുന്നുണ്ടോ ?
സുരാരേ പോട്രും ജയ് ഭീമും തിയേറ്രർ റീലീസ് തന്നെയായിരുന്നു മനസിൽ. കൊവിഡ് വ്യാപനഘട്ടത്തിൽ നമുക്കതിന് സാധിക്കുമായിരുന്നില്ലല്ലോ. അതുകൊണ്ടാണ് രണ്ടും ഒ.ടി.ടിയിലെത്തിയത്. ഒ.ടി.ടിക്ക് അതിന്റേതായാ പ്രേക്ഷകരുണ്ട്. ഒ.ടി.ടിയിൽ വന്നതിന് ശേഷം ജയ് ഭീം കേരളത്തിലെ തിയേറ്ററുകളിൽ റിലീസ് ചെയ്തിരുന്നു. തിയേറ്രർ പ്രതികരണം കണ്ട് സന്തോഷമടക്കാനായില്ല. എന്തോ മിസ്സായിപ്പോയെന്ന് തോന്നിപ്പോയി. പുതിയ സിനിമ തിയേറ്റർ റീലീസായിരിക്കും.
വാരണമായിരം
പോലെ ഒരു സിനിമ
ഉടനുണ്ടാകുമോ ?
നല്ലകഥയുള്ള, കാമ്പുകൾ സിനിമകൾ നിർമ്മിക്കണമെന്നാണ് ആഗ്രഹം. ജയ് ഭീം പച്ചയായ ജീവിതമാണ് തുറന്നുകാട്ടിയത്. സിനിമ കണ്ട് ഇപ്പോഴും ആളുകൾ നല്ല വാക്കുകൾ പറയാറുണ്ട്.
കേരളത്തിലെ മുൻ ആരോഗ്യമന്ത്രി കെ.കെ. ശൈലജ സിനിമ കണ്ട് വിളിച്ചിരുന്നു. അവരുടെ വാക്കുകൾ എന്റെ കാതുകളിൽ ഇപ്പോഴുമുണ്ട്. അതെനിക്ക് മറക്കാൻ കഴിയില്ല.
സൂര്യ- ജ്യോതിക
ഒന്നിച്ചൊരു
സിനിമ ?
നല്ല കഥയുണ്ടെങ്കിൽ ഒരുമിച്ച് അഭിനയിക്കും. ഞങ്ങൾ അഭിനയിക്കാൻ പോകുകയാണ് അതിനൊരു കഥ എഴുതൂവെന്ന് ഒരിക്കലും പറയില്ല.
അങ്ങിനെ ചെയ്യാനേ പാടില്ല. കഥയുണ്ടായതിന് ശേഷമല്ലേ സിനിമയിൽ ആരെല്ലാം അഭിനയിക്കണമെന്നുപോലും തീരുമാനിക്കാനാകൂ. നോക്കാം നല്ലകഥകൾ വരട്ടേ.
നടിക്ക് നേരെയുണ്ടായ
ആക്രമണത്തെ
എങ്ങനെ കാണുന്നു?
അതിജീവിതയ്ക്കൊപ്പമാണ്. കേസിനെക്കുറിച്ച് കൂടുതലൊന്നുമറിയില്ല. അതുകൊണ്ട് വിശദമായി സംസാരിക്കുന്നില്ല. ഒരിക്കലും സംഭവിക്കാത്ത കാര്യമാണ് കൊച്ചിയിലുണ്ടായത്. ഇനിയൊരിക്കലും ഇത്തരമൊരു സംഭവമുണ്ടാകരുത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |