കൊച്ചി: കേരള സംസ്ഥാന ചലച്ചിത്ര അക്കാഡമി നാളെ മുതൽ മുതൽ അഞ്ചുവരെ കൊച്ചിയിൽ സംഘടിപ്പിക്കുന്ന രാജ്യാന്തര ചലച്ചിത്രമേള (ആർ.ഐ.എഫ്.എഫ്.കെ) നാളെ രാവിലെ 9ന് സരിത തിയേറ്ററിൽ നടൻ മോഹൻലാൽ ഉദ്ഘാടനം ചെയ്യും. മന്ത്രി സജി ചെറിയാൻ അദ്ധ്യക്ഷത വഹിക്കും. പ്രമുഖ എഴുത്തുകാരൻ എൻ.എസ്. മാധവൻ മുഖ്യാതിഥിയാകും.
ടി.ജെ വിനോദ് എം.എൽ.എ ഫെസ്റ്റിവൽ ഹാൻഡ് ബുക്ക് പ്രകാശനം ചെയ്യും. കൊച്ചി മേയർ എം. അനിൽകുമാർ ഫെസ്റ്റിവൽ ബുള്ളറ്റിനിന്റെ പ്രകാശനം നിർവ്വഹിക്കും. സംഘാടക സമിതി ചെയർമാൻ ജോഷി, ചലച്ചിത്ര അക്കാഡമി ചെയർമാൻ രഞ്ജിത്, സെക്രട്ടറി സി. അജോയ്, വൈസ് ചെയർമാൻ പ്രേംകുമാർ, ആർട്ടിസ്റ്റിക് ഡയറക്ടർ ബീനപോൾ എന്നിവർ പങ്കെടുക്കും. ചടങ്ങിനുശേഷം ബംഗ്ളാദേശ്, സിംഗപ്പൂർ, ഖത്തർ രാജ്യങ്ങളുടെ സംയുക്ത സംരംഭമായ 'രെഹാന' ഉദ്ഘാടന ചിത്രമായി പ്രദർശിപ്പിക്കും.
മേളയുടെ ഭാഗമായി ആദ്യകാല പ്രസ് ഫേട്ടോഗ്രാഫറും ചെമ്മീനിന്റെ നിശ്ചല ഛായാഗ്രാഹകനുമായ ശിവന്റെ ചലച്ചിത്രസംബന്ധിയായ ഫേട്ടോകളുടെ പ്രദർശനം, മലയാള സിനിമയുടെ ടൈറ്റിൽ ഡിസൈനിന്റെ ചരിത്രം പറയുന്ന അനൂപ് രാമകൃഷ്ണന്റെ ഫെലോഷിപ്പ് പ്രബന്ധത്തിലെ പേജുകളുടെ ഡിജിറ്റൽ പ്രദർശനം എന്നീ പ്രദർശനങ്ങളും ഒരുക്കിയിട്ടുണ്ട്. മേളയോടനുബന്ധിച്ച് ഓപ്പൺ ഫോറം, സെമിനാറുകൾ, സിംപോസിയം എന്നിവ ഉണ്ടായിരിക്കുന്നതാണ്.
ഡെലിഗേറ്റ്
രജിസ്ട്രേഷൻ
ആർ.ഐ.എഫ്.എഫ്.കെ ഡെലിഗേറ്റ് രജിസ്ട്രേഷൻ പുരോഗമിക്കുന്നു. വിദ്യാർത്ഥി വിഭാഗത്തിന് 250 രൂപയും പൊതുവിഭാഗത്തിന് 500 രൂപയുമാണ് ഡെലിഗേറ്റ് ഫീസ്.
സിനിമാ രംഗത്ത് അസിസ്റ്റന്റും അസോസിയേറ്റുമായി പ്രവർത്തിക്കുന്നവർക്ക് വിദ്യാർത്ഥികളുടെ അതേ നിരക്കിൽ ഡെലിഗേറ്റ് ഫീസടച്ച് രജിസ്റ്റർ ചെയ്യാം. https://registration.iffk.in/ എന്ന വെബ്സൈറ്റിലും സരിത തിയേറ്ററിൽ ഒരുക്കിയിട്ടുള്ള ഡെലിഗേറ്റ് സെൽ വഴി നേരിട്ടും രജിസ്ട്രേഷൻ നടത്താം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |