കൊച്ചി: ജില്ലാ ജനറൽ ആശുപത്രിയുൾപ്പെടെയുള്ള സർക്കാർ ആശുപത്രികളിലെ മരുന്ന് ക്ഷാമത്തിന് പരിഹാരം കാണാനൊരുങ്ങി സർക്കാർ. ആശുപത്രികൡലെ മരുന്നുകളുടെ ലഭ്യത സംബന്ധിച്ച് അടിയന്തര പരിശോധന നടത്തുമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്ജ് പറഞ്ഞു. വ്യാഴാഴ്ച കേരളകൗമുദിയിൽ മരുന്ന് ക്ഷാമം സംബന്ധിച്ച് പ്രസിദ്ധീകരിച്ച വാർത്തയിലാണ് നടപടി. ഇന്നും നാളെയുമായി ഇതു സംബന്ധിച്ച പരിശോധന നടക്കും.
മരുന്നുകളില്ലെന്ന സാഹചര്യമുണ്ടെങ്കിൽ നടപടിയെടുക്കണമെന്നാണ് ഈ സർക്കാരിന്റെ തുടക്കം മുതലുള്ള തീരുമാനം. മരുന്ന് വിതരണം കൃത്യമായി നടത്തണമെന്നും ഇതിനായി കേരള മെഡിക്കൽ സർവീസ് കോർപ്പറേഷനിലും ഡയറക്ടറേറ്റ് ഓഫ് ഹെൽത്ത് സർവീസിലും മോണിറ്ററിംഗ് സെൽ രൂപീകരിക്കണമെന്നും നിർദേശിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. മരുന്ന് വിതരണം സുഗമമാക്കുന്നതിന് പ്രത്യേക ഉദ്യോഗസ്ഥരെ വരെ നിയോഗിച്ചിട്ടുണ്ട്. അപാകതകളുണ്ടാകരുതെന്ന നിർദ്ദേശത്തിനു പിന്നാലെ വിതരണം കൃത്യമായി നടക്കുന്നുവെന്നായിരുന്നു വിവരമെന്നും എന്നാൽ വീഴ്ച ഉണ്ടായോ എന്ന് ഇന്നും നാളെയുമായി പരിശോധിച്ച് ആവശ്യ നടപടികൾ സ്വീകരിക്കുമെന്നും വീണ ജോർജ് കൂട്ടിച്ചേർത്തു.
ദിവസേന 2,800നും 3,500നും ഇടയിൽ രോഗികളെത്തുന്ന എറണാകുളം ജനറൽ ആശുപത്രിയിലും ആലുവ ജനറൽ ആശുപത്രി, പറവൂർ താലൂക്ക് ആശുപത്രി, കരുവേലിപ്പടി മഹാരാജാസ് എന്നിവിടങ്ങളിലുമെല്ലാം വ്യാഴാഴ്ചയും മരുന്ന് ക്ഷാമമുണ്ടായി. ജനറൽ ആശുപത്രിയിലെത്തിയ നിരവധി പേർക്കാണ് മരുന്നിനായി സ്വകാര്യ മെഡിക്കൽ സ്റ്റോറുകളെ ആശ്രയിക്കേണ്ടി വന്നത്. ടെൻഡർ പുതുക്കുന്നത് സംബന്ധിച്ച പ്രശ്നങ്ങളും സുഗമമായ മരുന്ന് വിതരണത്തിന് കാരണമാകുന്നുവെന്നാണ് വിവരം.
ആന്റി ബയോട്ടിക്, ജീവിതശൈലീ രോഗങ്ങൾ തുടങ്ങി ആശുപത്രികളിലില്ലാത്ത മരുന്നുകൾക്ക് ഒരു നീണ്ട പട്ടികതന്നെയുണ്ട്. കേരള മെഡിക്കൽ സർവീസ് കോർപ്പറേഷനിൽ നിന്ന് മരുന്നുകൾ യഥാക്രമം ലഭിക്കാത്തതാണ് ക്ഷാമത്തിന് കാരണമെന്നാണ് ആശുപത്രി അധികൃതരുടെ പക്ഷം.
ജില്ലാ ജനറൽ ആശുപത്രിയിൽ കഴിഞ്ഞ രണ്ടാഴ്ചയിലെ ക്ഷാമം
അമോക്സിലിൻ സിറപ്പ്
അറ്റോർവാസ്റ്റാറ്റിൻ
അസ്താലിൻ സിറപ്പ് (സാൽബൂറ്റമോൾ)
അസത്രോമൈസിൻ സിറപ്പ്
സൊറേഷ്യോ പെപ്റ്റിഡെയ്സ്
സക്ലോപാം ഗുളിക
ആന്റി ബയോട്ടിക് ഇൻജക്ഷനുകൾ
ബെൻസൈൽ പെൻസിലിൻ
സോഡിയം ക്ലോറൈഡ്
പാരസിറ്റാമോൾ ഐ.വി
പൊതുവിലെ ക്ഷാമം
നോർഫ്ലോക്സിൻ
മെറ്റ്ഫോർമിൻ 500
നോർമൽ സൈലൻ 500
ആസ്പിരിൻ 75എം.ജി
സിട്രിസിൻ
പാരസിറ്റാമോൾ സിറപ്പ്
പാൻഡപ്രിസോൾ
പാൻടോപ്പ്
അസിക്ലോഫെനാക്
ആന്റിബയോട്ടിക് മരുന്നുകൾ
ജീവിതശൈലി രോഗ മരുന്നുകൾ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |