ഒന്നര ലക്ഷം പതാകകൾ കുടുംബശ്രീ നൽകി
കൊച്ചി: സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികാഘോഷത്തിന്റെ ഭാഗമായി വീടുകളിൽ ദേശീയ പതാക ഉയർത്തുന്ന 'ഹർ ഘർ തിരംഗ’ ഇന്ന് ആരംഭിക്കും. 15 വരെ ജില്ലയിലെ എല്ലാ വീടുകളിലും സർക്കാർ, പൊതുമേഖലാ, സ്വയംഭരണ സ്ഥാപനങ്ങളിലും സർക്കാർ കെട്ടിടങ്ങൾ, പൗരസമൂഹങ്ങൾ, സ്ഥാപനങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സ്വകാര്യ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലും ദേശീയ പതാക ഉയർത്തണമെന്ന് കളക്ടർ ഡോ. രേണു രാജ് അഭ്യർത്ഥിച്ചു.
കുടുംബശ്രീ വഴിയാണ് പതാകയുടെ നിർമ്മാണം. സ്കൂളുകൾ വഴിയും തദ്ദേശ സ്ഥാപനങ്ങൾ വഴിയുമാണ് പതാകകൾ വിതരണം ചെയ്യുന്നത്. ജില്ലയിലെ മുഴുവൻ വീടുകളിലും സ്ഥാപനങ്ങളിലും ദേശീയ പതാക ഉയർത്തും.
കുടുംബശ്രീ വഴി നിർമ്മിച്ച ഒന്നര ലക്ഷം പതാകകളുടെ വിതരണം പൂർത്തിയായി. പതാകകൾ എ.ഡി.എസ്, സി.ഡി.എസ്, തദ്ദേശ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ എത്തിച്ചു. ഇന്നലെ കുട്ടികൾ സ്കൂളുകളിൽ നിന്ന് വീടുകളിലേക്ക് മടങ്ങിയപ്പോകുമ്പോൾ പതാക കൊടുത്തു വിട്ടു. സ്കൂളിൽ പോകുന്ന കുട്ടികളില്ലാത്ത വീടുകളിൽ തദ്ദേശ സ്ഥാപനങ്ങൾ പതാകകൾ എത്തിക്കും.
ദേശീയ പതാകയോടുള്ള വൈകാരികബന്ധം വളർത്തുന്നതിനും ആദരിക്കുന്നതിനുമായാണ് പരിപാടി. ഇന്നു മുതൽ 15 വരെയാണ് പതാക ഉയർത്തേണ്ടത്. ദേശീയ പതാകയുടെ അന്തസ് നിലനിർത്തും വിധം ഫ്ളാഗ് കോഡ് പാലിച്ചാകണം ദേശീയപതാക ഉയർത്തേണ്ടത്.
മാർഗനിർദേശങ്ങൾ
വീടുകളിൽ ദേശീയ പതാക ഉയർത്തുമ്പോൾ മൂന്നു ദിവസം രാത്രി താഴ്ത്തേണ്ടതില്ല
കോട്ടൺ, പോളിസ്റ്റർ, കമ്പിളി, സിൽക്ക്, ഖാദി തുണി എന്നിവ ഉപയോഗിച്ചു കൈകൊണ്ടു നൂൽക്കുന്നതോ നെയ്തതോ മെഷീനിൽ നിർമിച്ചതോ ആയ ദേശീയ പതാക ഉപയോഗിക്കണം
ദേശീയ പതാക ദീർഘചതുരാകൃതിയിലാകണം. ഏതു വലുപ്പവും ആകാം, പതാകയുടെ നീളവും ഉയരവും (വീതി) തമ്മിലുള്ള അനുപാതം 3:2 ആയിരിക്കണം
പതാക പ്രദർശിപ്പിക്കുമ്പോഴെല്ലാം ആദരവോടെയും വ്യക്തതയോടെയുമാകണം സ്ഥാപിക്കേണ്ടത്
കേടുപാടുള്ളതോ വൃത്തിയില്ലാത്തതോ കീറിയതോ ആയ പതാക ഉയർത്താൻ പാടില്ല
മറ്റേതെങ്കിലും പതാകയ്ക്കൊപ്പം ദേശീയപതാക ഉയർത്താൻ പാടില്ല
തലതിരിഞ്ഞ രീതിയിൽ ദേശീയ പതാക പ്രദർശിപ്പിക്കരുത്
തോരണം, റോസെറ്റ് തുടങ്ങിയ അലങ്കാര രൂപത്തിൽ ഉപയോഗിക്കരുത്
പതാക തറയിലോ നിലത്തോ തൊടാൻ അനുവദിക്കരുത്
പതാകയിൽ എഴുത്തുകൾ പാടില്ല
കെട്ടിടങ്ങളുടെ മുൻവശത്തോ ജനൽപ്പാളിയിലോ ബാൽക്കണിയിലോ തിരശ്ചീനമായി ദേശീയ പതാക പ്രദർശിപ്പിക്കുമ്പോൾ സാഫ്രോൺ ബാൻഡ് ദണ്ഡിന്റെ അറ്റത്ത് വരത്തക്കവിധമാണ് കെട്ടേണ്ടത്
വാഹനത്തിൽ പതാക ഉയർത്താൻ പാടില്ല
മറ്റേതെങ്കിലും പതാക ദേശീയപതാകയ്ക്കു മുകളിലായോ അരികിലോ സ്ഥാപിക്കരുത്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |