ടി.ആർ.ടി. എസ്റ്റേറ്റിലെ കാട്ടാന ശല്യം നിയന്ത്രിക്കാൻ നടപടിയെന്ന് വനം വകുപ്പ്

Thursday 07 May 2026 2:09 AM IST

ഇടുക്കി: പെരുവന്താനം ടി.ആർ.ടി. എസ്റ്റേറ്റിലെ കാട്ടാന ശല്യം നിയന്ത്രിക്കാൻ നടപടിയെന്ന് വനം വകുപ്പ് മനുഷ്യാവകാശ കമ്മീഷനിൽ റിപ്പോർട്ട് നൽകി. എസ്റ്റേറ്റിൽ കാട്ടാനകൾ കൂട്ടത്തോടെ തമ്പടിക്കുന്നത് അവസാനിപ്പിക്കാൻ മുറിഞ്ഞപുഴ ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ വരുന്ന കണ്ടങ്കയം മുതൽ തമ്പ വരെ 16 കിലോമീറ്റർ ഹാങിംഗ് ഫെൻസിംഗ് സ്ഥാപിക്കാൻ തീരുമാനിച്ചതായി എരുമേലി ഫോറസ്റ്റ് റേഞ്ച് ഓഫീസർ മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു. കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജൂനാഥിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നടപടി. കണ്ണാട്ടുകവല മുതൽ പന്നിവെട്ടുംപാറ വരെ 1.5 കിലോമീറ്റർ ട്രഞ്ച് സ്ഥാപിക്കുന്നതിന് എസ്റ്റിമേറ്റ് അംഗീകരിച്ച് ജോലി പുരോഗമിക്കുന്നതായി റിപ്പോർട്ടിൽ പറഞ്ഞു. ഫെൻസിംഗും ട്രഞ്ചും സ്ഥാപിക്കുന്നതോടെ പ്രദേശത്തെ കാട്ടാന ശല്യത്തിന് പരിഹാരമാവുമെന്ന് റിപ്പോർട്ടിൽ പറയുന്നു. 6000 ഏക്കറോളം വരുന്ന റബ്ബർതോട്ടമാണ് ടി.ആർ.ടി. എസ്റ്റേറ്റെന്നും പരിചരണം നിലച്ചതിനാൽ റബ്ബർ മരങ്ങൾ കാടുപിടിച്ചു കിടക്കുന്നത് കാരണം വന്യമൃഗ ശല്യം രൂക്ഷമാണെന്നും എരുമേലി ഫോറസ്റ്റ് റേഞ്ച് ഓഫീസർ സമർപ്പിച്ച റിപ്പോർട്ടിൽ പറഞ്ഞു. ആന, പുലി ഉൾപ്പെടെയുള്ള വന്യമൃഗങ്ങളുടെ സാന്നിധ്യം തിരിച്ചറിഞ്ഞിട്ടുണ്ട്. ആന തോട്ടത്തിലിറങ്ങിയാൽ അവയെ തുരത്താൻ യഥാസമയം നടപടിയെടുക്കുന്നുണ്ടെന്നും റിപ്പോർട്ടിൽ പറഞ്ഞു.വനംവകുപ്പ് അധികൃതർ പരാതി പരിഹരിക്കാൻ നടപടിയെടുത്ത സാഹചര്യത്തിൽ കമ്മീഷൻ കേസ് തീർപ്പാക്കി. മനുഷ്യാവകാശ പ്രവർത്തകനായ ഡോ. ഗിന്നസ് മാടസാമി സമർപ്പിച്ച പരാതിയിലാണ് നടപടി.