അഞ്ചമ്പല ദർശനം ഒമ്പത് മുതൽ 17 വരെ

Friday 08 May 2026 11:16 PM IST

ഇടവെട്ടി: വൈശാഖ മാസത്തിൽ പഞ്ചപാണ്ഡവർ പ്രതിഷ്ഠിച്ച അഞ്ചു വിഷ്ണക്ഷേത്രങ്ങൾ ദർശിക്കുന്നതിന് കെ.എസ്.ആർ.ടി.സിയുടെ സഹകരണത്തോടെയുള്ള അഞ്ചമ്പലദർശനം ഒമ്പത് മുതൽ 17 വരെ നടക്കും. ഒമ്പതിന് ഇടവെട്ടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ നടക്കുന്ന തിരുവോണ ഊട്ടിലും 10ന് നടക്കുന്ന സൗഖ്യാഭീഷ്ടസിദ്ധി പൂജയിലും 10 മുതൽ 17 വരെ നടക്കുന്ന ശ്രീമദ് ഭാഗവത സപ്താഹത്തിലും കൂടി പങ്കെടുക്കാൻ പറ്റുന്ന തരത്തിലാണ് അഞ്ചമ്പല ദർശനം ക്രമീകരിച്ചിട്ടുള്ളതെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. രാവിലെ 6.30ന് തൊടുപുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ നിന്ന് പുറപ്പെട്ട് കോലാനി, മുട്ടം, പെരുമ്പിള്ളിച്ചിറ എന്നീ ക്ഷേത്രങ്ങൾ ദർശിച്ച് ഇടവെട്ടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ എത്തുന്ന രീതിയിലാണ് അഞ്ചമ്പല ദർശനം ക്രമീകരിച്ചിട്ടുള്ളത്. ആറിന് ക്ഷേത്രത്തിൽ ആരംഭിച്ച ദശാവതാര ചാർത്ത് 16ന് മഹാവിഷ്ണു അവതാരത്തോടെ സമാപിക്കും. ശ്രീമദ് ഭാഗവത സപ്താഹ യജ്ഞത്തിന്റെ ഉദ്ഘാടനം 10ന് വൈകിട്ട് നാലിന് മാർഗ്ഗദർശക മണ്ഡലത്തിന്റെ സംസ്ഥാന ജനറൽ സെക്രട്ടറി സ്വാമി സത് സ്വരൂപാനന്ദ നിർവഹിക്കും. പി.എൻ. നാരായണൻ നമ്പൂതിരി പുതുമന ഇല്ലമാണ് ഈ വർഷത്തെ യജ്ഞാചാര്യൻ. സ്വാമി അയ്യപ്പദാസ് അനുഗ്രഹ പ്രഭാഷണം നടത്തും. ആഗസ്റ്റ് ഒന്നിന് നടക്കുന്ന ഔഷധസേവയുടെ കലണ്ടർ വിതരണത്തിന്റെ ഉദ്ഘാടനം രാജൻ അക്ഷയയ്ക്ക് നൽകി ഔഷധസേവ ചെയർമാൻ പ്രസിദ്ധ നന്ദദാസ് പ്രഭു നിർവഹിക്കും. ഔഷധസേവയുടെ കൂപ്പൺ വിതരണത്തിന്റെ ഉദ്ഘാടനം പ്രദീപ് ഉണ്ണീസിന് നൽകി സ്വാമി സദ്സ്വരൂപാനന്ദ നിർവഹിക്കും. പത്മവിഭൂഷൻ നേടിയ പി. നാരായണനെയും ഗ്രാമത്തിലെ മികച്ച ക്ഷീരകർഷകനെയും ചടങ്ങിൽ ആദരിക്കും. വിവിധ മേഖലകളിൽ മികവ് തെളിയിച്ചവരെ അനുമോദിക്കും.

വാർത്താ സമ്മേളനത്തിൽ ക്ഷേത്രദേവസ്വം ട്രസ്റ്റ് സെക്രട്ടറി സിജു ബി. പിള്ള വടക്കേ മൂഴിക്കൽ, സഹ രക്ഷാധികാരി എം.ആർ. ജയകുമാർ പുത്തൻമഠത്തിൽ, മാനേജർ കെ.ആർ. സതീഷ്, അഞ്ചമ്പല ദർശനത്തിന്റെ ജനറൽ കൺവീനർ പി.ആർ. സുധീർകുമാർ പുളിക്കൽ, പ്രോഗ്രാം കോഡിനേറ്റർ അരവിന്ദ് എസ്. പഞ്ചവടി എന്നിവർ പങ്കെടുത്തു.