അഞ്ചുരുളിയിൽ വനംവകുപ്പ് നീക്കത്തിനെതിരെ ഉപരോധ സമരം
Saturday 09 May 2026 12:00 AM IST
കട്ടപ്പന: അഞ്ചുരുളിയിലെ 24 കുടുംബങ്ങളെ കുടിയിറക്കാൻ വനംവകുപ്പ് സ്വീകരിച്ച നടപടിക്കെതിരെ കോവിൽമല കർഷക അതിജീവന സംരക്ഷണ സമിതി ഉപരോധം സമരം നടത്തി. സമിതി പ്രസിഡന്റ് ഒ.എസ്. ദിലീപ് ഉദ്ഘാടനം ചെയ്തു. അഞ്ചുരുളിയിൽ കാലങ്ങളായി താമസിച്ചുവരുന്ന കുടുംബങ്ങളെ കുടിയിറക്കാനുള്ള നീക്കമാണ് വനംവകുപ്പ് നടത്തുന്നതെന്നും ഇതിന് മുന്നോടിയായിട്ടാണ് വൈദ്യുതി ബന്ധം വിച്ഛേദിക്കാൻ കത്ത് നൽകിയതെന്നുമാണ് ആരോപണം. വനം വകുപ്പിന്റെ കർഷകദ്രോഹ നടപടിയെ ചെറുത്ത് തോൽപ്പിക്കാൻ ആരംഭിച്ച സംഘടനയാണ് കോവിൽമല കർഷക അതിജീവന സംരക്ഷണ സമിതി. ചാക്കോ ജോസഫ് ഇല്ലിക്കൽ, വിജയൽ പുല്ലൂർ, ലൈലാമ മുറിഞ്ഞ കല്ലിൽ, ജോസ് മറ്റപ്പള്ളിൽ എന്നിവർ സംസാരിച്ചു.