വെള്ളരിക്കുണ്ട്: പെട്രോൾ പമ്പിലെ പഴക്കം ചെന്ന ടാങ്ക് ചോർന്നതിനെ തുടർന്ന് കുടിവെള്ളം മലിനമായ സംഭവത്തിൽ സുപ്രധാന വിധിയുമായി കാഞ്ഞങ്ങാട് ആർ.ഡി.ഒ സൂഫിയാൻ അഹമ്മദ്. വെള്ളരിക്കുണ്ടിലെ ഇരുപ്പക്കാട്ട് ടി.ടി.ജോർജിന്റെ പരാതിയിലാണ് ഇന്ധനം കലർന്ന പ്രദേശത്തെ മണ്ണ് മുഴുവൻ നീക്കി പുതിയ മണ്ണ് നിറയ്ക്കാനും ബങ്കിലെ ഇന്ധന ടാങ്കിന് കോൺക്രീറ്റ് ഭിത്തി നിർമ്മിക്കാനും ഉത്തരവ് നൽകിയത്. ഒരുമാസത്തിനകം ഉത്തരവ് നടപ്പാക്കണമെന്നും അതുവരെ പരാതിക്കാരന് കുടിവെള്ളം നൽകണമെന്നും ആർ.ഡി.ഒ ഉത്തരവിട്ടു.
വെള്ളരിക്കുണ്ട് ടൗണിലെ അമല ഫ്യുവൽസ് ഉടമ വി.കെ.അസീസ്, ഡീലർ കെ.പി.സുതൻ എന്നിവർക്കെതിരെയാണ് ജോർജ് പരാതി നൽകിയത്.2023 മേയ് മുതലാണ് പമ്പിലെ കാലപ്പഴക്കം ചെന്ന പെട്രോൾ ടാങ്ക് ചോർന്ന് പെട്രോൾ മണ്ണിൽ കലരാൻ തുടങ്ങിയത്. 25 മീറ്റർ അകലെയുള്ള ഇരുപ്പക്കാട്ട് ജോർജിന്റെ വീട്ടുകിണറ്റിൽ പെട്രോൾ ചുവ കണ്ടതിനെ തുടർന്ന് പമ്പുടമയെയും ഡീലറെയും വിവരമറിയിച്ചെങ്കിലും ചോർച്ച തടയാൻ നടപടിയൊന്നുമെടുത്തില്ല. കിണിലെ വ്യത്യാസം ഫോട്ടോ, വീഡിയോ എന്നിവ സഹിതം ഇന്ത്യൻ ഓയിൽ കോർപറേഷൻ കോഴിക്കോട് ഡിവിഷണൽ മാനേജർ അമൽജിത്തിനു കൈമാറിയതിനെ തുടർന്ന് ഒരുമാസം പമ്പ് അടച്ച് ടാങ്ക് മാറ്റിയെങ്കിലും പെട്രോൾ കലർന്ന മണ്ണ് മാറ്റാൻ കമ്പനിയും തയ്യാറായില്ല. ക്വാർട്ടേഴ്സിൽ താമസിക്കുന്ന 24 കുടുംബങ്ങൾക്ക് വെള്ളം ലഭിക്കുന്ന രണ്ടുകുളങ്ങളിലേക്കും ചൈത്രവാഹിനി പുഴയിലേക്കും പെട്രോൾ ഒഴുകിയെത്തിയെന്ന് ജോർജ് നൽകിയ പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.ഹൈക്കോടതി, മുഖ്യമന്ത്രി, ചീഫ് സെക്രട്ടറി, ജലവിഭവമന്ത്രി, മലിനീകരണ നിയന്ത്രണ ബോർഡ്, മനുഷ്യാവകാശ കമ്മിഷൻ, തുടങ്ങിയവർക്ക് രേഖാമൂലം നൽകിയ പരാതിക്ക് പിന്നാലെ ആർ.ഡി.ഒ സ്ഥലത്തെത്തി അന്വേഷണം നടത്തിയിരുന്നു. അഡ്വ.വിനയ് മങ്ങാട്ട് ആണ് ജോർജിനുവേണ്ടി ആർ.ഡി.ഒ കോടതിയിൽ ഹാജരായത്.
'കിണർ ഉപയോഗശൂന്യമായി
പശുവിനെ വിൽക്കേണ്ടിവന്നു"
കടുത്ത വേനലിലും വറ്റാത്ത 12 ഓളം ഉറവകളുള്ള കിണർ ഉപയോഗശൂന്യമായതോടെ പറമ്പിലെ കൃഷി ഉണങ്ങിപ്പോയെന്നും പശുവിനെ വിൽക്കേണ്ടി വന്നുവെന്നും ജോർജ് പറയുന്നു. ഇവിടെ നിന്നും വെള്ളം എടുത്തുകൊണ്ടിരുന്ന സമീപവാസികൾക്കും കുടിവെള്ളം ലഭിക്കാതായെന്നും ഇദ്ദേഹം പറയുന്നു .
തീക്കളിയാണ്...
കഴിഞ്ഞ 23ന് വടക്കാഞ്ചേരി വാഴക്കോട് പെട്രോൾ പമ്പിലുണ്ടായ തീപിടിത്തം പെട്രോൾ കലർന്ന മലിനജലത്തിൽ നിന്നായിരുന്നു.പുറത്ത് മാലിന്യം കൂട്ടിയിട്ട് കത്തിച്ചപ്പോൾ മലിനജലത്തിലേക്ക് തീ ആളിപ്പടരുകയായിരുന്നു. പെട്രോൾ കലർന്ന ജലത്തിൽ നിന്നുള്ള തീ പമ്പിലേക്ക് എത്തുന്നതിന് മുമ്പ് ജീവനക്കാരും ഫയർഫോഴ്സും പൊലീസും ഇടപെട്ട് അപകടം ഒഴിവാക്കുകയായിരുന്നു.വൻദുരന്തത്തിലേക്ക് എത്തുമായിരുന്ന അപകടമാണ് വാൽവ് തക്കസമയത്ത് ഓഫാക്കി ഒഴിവാക്കിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |