കാസർകോട് : പിതൃമോക്ഷ കർമ്മങ്ങൾക്ക് പ്രസിദ്ധമായ തൃക്കണ്ണാട് ശ്രീ ത്രയംബകേശ്വര ക്ഷേത്രത്തിൽ കർക്കിടക വാവിന് ബലിതർപ്പണത്തിനായി ഇക്കുറിയും ആയിരങ്ങളെത്തി. പ്രതികൂല കാലാവസ്ഥ പരിഗണിച്ച് കടലിനോട് ചേർന്നുള്ള ഭാഗം ഒഴിവാക്കി ക്ഷേത്രത്തിന്റെ തെക്കുഭാഗത്ത് 20 ബലിതറകൾ ഒരുക്കിയാണ് തർപ്പണം ചടങ്ങുകൾ നടന്നത്.
ഉഷപ്പൂജക്ക് ശേഷം പുലർച്ചെ അഞ്ചരയോടെ തർപ്പണ ചടങ്ങുകൾ ആരംഭിച്ചു. ക്ഷേത്ര മേൽശാന്തി നവീൻചന്ദ്ര കായർത്തായയുടെ നേതൃത്വത്തിൽ ക്ഷേത്ര പുരോഹിതൻ രാജേന്ദ്ര അരളിത്തായയുടെ കാർമ്മികത്വത്തിൽ പ്രത്യേകം സജ്ജമാക്കിയ പന്തലിൽ ഒരേ സമയത്ത് ഇരുപത് കർമ്മികളാണ് തർപ്പണചടങ്ങുകൾക്കായി നിയോഗിക്കപ്പെട്ടത്. പുലർച്ചെ തന്നെ തൃക്കണ്ണാട് കടപ്പുറവും ക്ഷേത്രവും പിതൃതർപ്പണത്തിന് എത്തിയവരെകൊണ്ട് നിറഞ്ഞിരുന്നു. കോഴിക്കോട് മുതൽ മംഗളൂരു വരെയുള്ള ഭാഗങ്ങളിൽ നിന്ന് തർപ്പണത്തിനെത്തിയിരുന്നു. തിരക്കൊഴിവാക്കാൻ മുൻകൂർ രസീതി നൽകിയതിന് പുറമെ ക്ഷേത്രം വെബ്‌സൈറ്റ് വഴിയും പേരുകൾ രജിസ്റ്റർ ചെയ്തിരുന്നു. എന്നിട്ടും കൗണ്ടറുകൾക്ക് മുന്നിൽ നല്ല തിരക്ക് അനുഭവപ്പെട്ടു. അഞ്ചുമണിക്ക് പ്രവർത്തനം തുടങ്ങിയ കൗണ്ടർ എട്ടുമണിവരെ പ്രവർത്തിച്ചു.
ക്ഷേത്രകമ്മിറ്റിയും പൊലീസും കോസ്റ്റ് ഗാർഡ്, സ്കൗട്ട് ആന്റ്ഗൈഡ്‌സ് ചന്ദ്രഗിരി റോവേഴ്‌സ് റേഞ്ചർസും വളണ്ടിയർമാരുമാണ് തിരക്ക് നിയന്ത്രിച്ചത്. ക്ഷേത്രത്തിൽ എത്തിയവർക്ക് കുടിവെള്ളവും, ലഘുഭക്ഷണവും വിതരണം ചെയ്തിരുന്നു. യാത്രാക്ലേശം ഒഴിവാക്കാൻ കാസർകോട് കാഞ്ഞങ്ങാട് റൂട്ടിൽ കെ.എസ്.ടി.പി റോഡ് വഴി കെ. എസ്. ആർ. ടി. സി കൂടുതൽ ബസ് സർവ്വീസ് നടത്തി. ക്ഷേത്ര ആഘോഷകമ്മിറ്റി, മാതൃസമിതി, ഭജനസമിതി എന്നിവയുടെ സേവനവും ക്ഷേത്രസന്നിധിയിലുണ്ടായിരുന്നു.
എക്‌സിക്യൂട്ടീവ് ഓഫീസർ കെ.പി സുനിൽകുമാർ, ട്രസ്റ്റിബോർഡ് ചെയർമാൻ വള്ളിയോടൻ ബാലകൃഷ്‌ണൻ നായർ, പാരമ്പര്യട്രസ്റ്റി അംഗങ്ങളായ മേലത്ത് സത്യനാഥൻ നമ്പ്യാർ, ഇടയില്ല്യം ശ്രീവത്സൻ നമ്പ്യാർ എന്നിവരും സന്നിഹിതരായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |