ഉരുൾപൊട്ടൽ ഭീഷണി നിലനിൽക്കുന്ന മേഖലയിൽ പുഴ കൈയേറി കെട്ടിപ്പൊക്കിയത് നൂറുകണക്കിന് കെട്ടിടങ്ങൾ
ആലക്കോട്: വയനാട് ദുരന്തത്തിൽ നാട് വിറങ്ങലിച്ചു നിൽക്കുമ്പോഴും എപ്പോൾ വേണമെങ്കിലും വന്നുചേരാനിടയുള്ള കൊടുംദുരന്തത്തിനെ കണ്ടില്ലെന്ന് നടിക്കുകയാണ് മലയോരം. കണ്ണൂർ ജില്ലയിലെ ഏറ്റവും ഉയരമുള്ള വൈതൽമലയുടെ ചെരിവിൽ നിന്നും ഉത്ഭവിക്കുന്ന രയരോം, ആലക്കോട്, കരുവൻചാൽ പുഴകൾ കാലവർഷത്തിൽ മലയോരത്തിന്റെ പേടിസ്വപ്നമാണ്.കേരള-കർണ്ണാടക വനങ്ങളിൽ നിന്നും ഉത്ഭവിക്കുന്ന രയരോം പുഴയിൽ മഴക്കാലത്ത് എപ്പോൾ വേണമെങ്കിലും ഉരുൾപൊട്ടലിൽ വെള്ളം കുതിച്ചുയരാം. എന്നാൽ ചീക്കാട്,വായിക്കമ്പ വനാതിർത്തി മുതൽ ചപ്പാരപ്പടവ് വരെയുള്ള പുഴയോരം കാലാകാലങ്ങളായി കൈയേറി കൃഷിയിറക്കുകയും കെട്ടിടങ്ങൾ നിർമ്മിക്കുകയും ചെയ്തതിനാൽ ഉരുൾപൊട്ടിയാൽ അതിഭീകരമായ ദുരന്തമായിരിക്കും ഫലം.
ആലക്കോട്,കരുവൻചാൽ പുഴയോരങ്ങൾ കൈയേറ്റത്തിന്റെ പിടിയിലായി കാലങ്ങളായി. ഈ പുഴകൾക്കൊന്നും പുറമ്പോക്കില്ല എന്നാണ് അധികൃതരുടെയും കൈയേറ്റക്കാരുടെയും ന്യായം.പുഴയിൽ വേനലിൽ വെള്ളമൊഴുകുന്ന സ്ഥലം മാത്രമാണ് ഇവരുടെ കണക്കിൽ പുഴ.ബാക്കിയുള്ള സ്ഥലങ്ങളെല്ലാം വേനലിൽ സംഘടിതമായി കൈയേറുന്നു. കാപ്പിമല, വൈതൽകുണ്ട്, ഒറ്റത്തൈ, ഫർല്ലോങ്കര തുടങ്ങിയ പ്രദേശങ്ങളിൽ അടിക്കടി ഉരുൾപൊട്ടൽ ഉണ്ടാകാറുണ്ട്.ഉരുൾപൊട്ടലിന്റെ ശക്തി വർദ്ധിച്ചാൽ നൂറുകണക്കിന് വീടുകളും കൃഷിയിടങ്ങളും പുഴയെടുക്കുമെന്ന് ഉറപ്പാണ്.
വൈതൽമലയോട് ചേർന്നുനിൽക്കുന്ന വൈതൽകുണ്ട് മഞ്ഞപ്പുല്ല്,കുട്ടിപ്പുല്ല് പ്രദേശങ്ങൾ അതിപരിസ്ഥിതി ലോലപ്രദേശമായി കണക്കാക്കപ്പെട്ടവയാണ്. ഇവിടെ ഉരുൾപൊട്ടിയാൽ ആലക്കോട് ടൗൺ തന്നെ വെള്ളത്തിനടിയിലാകും.
ഉത്ഭവസ്ഥാനം പതിവ് ഉരുൾപൊട്ടൽ പ്രദേശം
കരുവൻചാൽ പുഴയുടെ ഉദ്ഭവസ്ഥാനം തന്നെ പതിവായി ഉരുൾപൊട്ടലുണ്ടാകുന്ന നൂലിട്ടാമലയാണ്.പാത്തൻപാറ,വെള്ളാട്, കരുവൻചാൽ, തുടങ്ങിയ സ്ഥലങ്ങളിലൂടെ ഒഴുകിയെത്തി ചപ്പാരപ്പടവ് പുഴയിൽ ലയിക്കുന്ന ഈ പുഴയുടെ പുറമ്പോക്ക് എവിടെയെന്ന് ആർക്കും അറിയില്ല.മഴക്കാലത്ത് പുഴയ്ക്ക് ഒഴുകാൻ സ്ഥലമില്ലാത്തതിനാൽ കൃഷിയിടങ്ങളും വീടുകളും കച്ചവടസ്ഥാപനങ്ങളുമൊക്കെ പുഴ കൈയേറും.
പുഴ കൈയേറ്റം പഞ്ചായത്ത് വകയും
ആലക്കോട്: പുഴ സംരക്ഷണത്തിന് ഉത്തരവാദപ്പെട്ടവർ തന്നെ പുഴ കൈയേറിയ കാഴ്ചകളും ആലക്കോട് പുഴയോരത്ത് കാണാം.ആലക്കോട് പഞ്ചായത്ത് ടൗൺ അങ്കണവാടി കെട്ടിടം നിർമ്മിച്ചിരിക്കുന്നത് ആലക്കോട് പുഴയിൽ നിന്നും കെട്ടി ഉയർത്തിയ സ്ഥലത്താണ്.കെട്ടിടത്തിന്റെ പുറകുവശം പുഴയിൽ നിന്നും മൂന്നു മീറ്ററോളം ഉയരത്തിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |