കണ്ണൂർ:കൂത്തുപറമ്പ് സമര പോരാളി പുഷ്പന്റെ വേർപാട് അത്യന്തം ദു:ഖത്തിലാഴ്ത്തുന്നുവെന്ന് സി.പി.എം കേന്ദ്രകമ്മിറ്റിയംഗം ഇ.പി ജയരാജൻ. ഇടതുപക്ഷ പ്രസ്ഥാനത്തിനാകെയും പ്രത്യേകിച്ച് സി.പി. എമ്മിനും ഡി.വൈ.എഫ്‌ഐക്കും കനത്ത നഷ്ടമാണ്. വെടിയുണ്ടയെ തോൽപിച്ച പോരാട്ട വീറുമായി മൂന്ന് പതിറ്റാണ്ടോളം തികഞ്ഞ ഇച്ഛാശക്തിയോടെ പോരാടിയ ഉൾക്കരുത്തിന്റെ ആൾരൂപമായിരുന്നു പുഷ്പൻ. ലോകചരിത്രത്തിൽ രേഖപ്പെടുത്തേണ്ടതാണ് സമര ജീവിതം. പൊരുതുന്ന യുവജനഇടതുപക്ഷ പ്രസ്ഥാനത്തിനാകെ കരുത്തും ആവേശവും പകർന്ന പോരാളിയായിരുന്നു പുഷ്പൻ. അവസാന ശ്വാസം വരെയും പാർട്ടിയേയും ഇടതുപക്ഷത്തേയും നെഞ്ചേറ്റി ജീവിച്ചു.
ചികിത്സയും മരുന്നുമായി വേദനയിലൂടെയുള്ള നിരന്തര ജീവിതയാത്രക്കിടയിലും സമകാലിക രാഷ്ട്രീയസാമൂഹ്യ വിഷയങ്ങളെ കുറിച്ച് പഠിച്ചും പ്രതികരിച്ചും പ്രസ്ഥാനത്തിന് കരുത്ത് പകർന്നു. എതിരാളികൾ പലതവണ ചതിക്കുഴിയിൽ വീഴ്ത്താൻ ശ്രമിച്ചെങ്കിലും തികഞ്ഞ രാഷ്ട്രീയ ബോധത്തോടെ അതിനെയെല്ലാം തള്ളിമാറ്റി.
ഓരോതവണയും മരണമുഖത്ത് നിന്ന് കൂടുതൽ കരുത്തോടെ തിരിച്ചുവന്നു. അതുപോലൊരു തിരിച്ചുവരവ് ഇത്തവണയും നാട് പ്രതീക്ഷിച്ചിരുന്നു. കമ്യൂണിസ്റ്റുകാരന്റെ ഇഛാശക്തിയോടെ അന്ത്യംവരെ പൊരുതിനിന്നാണ് വിടപറയുന്നത്. സഹോദരതുല്യനായി സ്‌നേഹിച്ച പുഷ്പന്റെ വേർപാട് വ്യക്തിപരമായും വലിയ വേദന സൃഷ്ടിക്കുന്നുവെന്ന് ഇ.പി. പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |