തിരുവനന്തപുരം: കണ്ണൂർ എ.ഡി.എമ്മായിരുന്ന നവീൻ ബാബുവിന്റെ ആത്മഹത്യയിലേക്ക് നയിച്ച സംഭവങ്ങളിൽ ജില്ലാ കളക്ടർ അരുൺ.കെ.വിജയനെ പിന്തുണച്ച് ഐ.എ.എസ് അസോസിയേഷൻ. കഴിഞ്ഞ ദിവസം നടന്ന അസോസിയേഷൻ യോഗത്തിലാണ് ഇത് സംബന്ധിച്ച കാര്യങ്ങൾ ചർച്ച ചെയ്തത്. യോഗത്തിൽ ജില്ലാ കളക്ടർ അരുൺ.കെ.വിജയൻ പങ്കെടുത്തില്ല.
വിഷയത്തിൽ നിലവിൽ നടക്കുന്ന അന്വേഷണത്തിൽ അരുൺ കെ.വിജയൻ, അന്വേഷണ ഉദ്യോഗസ്ഥർക്ക് മൊഴികൾ നൽകുകയും സാധ്യമായ എല്ലാ വിധത്തിലും അവരെ സഹായിക്കുകയും ചെയ്തിട്ടുണ്ട്. കോടതിയുടെ പരിഗണനയിലിരിക്കുന്ന കേസായതിനാൽ തന്നെ കളക്ടർ നൽകിയ മൊഴികൾ പൂർണ്ണമായും മാദ്ധ്യമങ്ങളോട് വെളിപ്പെടുത്താൻ സാധിക്കുന്നതല്ല. എന്നാൽ ഇക്കാര്യത്തിൽ പൊതുസമൂഹത്തിൽ നിന്നും ഉദ്യോഗസ്ഥനെതിരെ വ്യക്തിപരമായ ആക്രമണങ്ങൾ ഉണ്ടായതിൽ അസോസിയേഷന് ദു:ഖമുണ്ട്. സത്യസന്ധമായ രീതിയിൽ അന്വേഷണത്തോട് കളക്ടർ സഹകരിക്കുന്നുണ്ടെന്ന് അസോസിയേഷന് ബോദ്ധ്യമായിട്ടുണ്ടെന്നും അവർ വ്യക്തമാക്കുന്നു.
കോടതി തീർപ്പ് കൽപ്പിക്കാത്ത കേസിന്റെ മെറിറ്റിനെ കുറിച്ച് മുൻവിധിയോടെയുള്ള കാര്യങ്ങൾ പ്രചരിപ്പിക്കുന്നത് ഒഴിവാക്കി ഉദ്യോഗസ്ഥനെ വ്യക്തിപരമായി ആക്രമിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കാനും അസോസിയേഷൻ പുറത്തിറക്കിയ പത്രക്കുറിപ്പിൽ വ്യക്തമാക്കി. വിഷയത്തിൽ അരുൺ കെ.വിജയൻ ഐ.എ.എസ് അസോസിേയഷന്റെ പിന്തുണ ആവശ്യപ്പെട്ടിരുന്നില്ല. അദ്ദേഹത്തെ ഭാരവാഹികൾ അങ്ങോട്ട് ബന്ധപ്പെട്ട് വിഷയം ചർച്ച ചെയ്തുവെന്നും ഇത്തരത്തിൽ പത്രക്കുറിപ്പ് നൽകുകയാണെന്നും അറിയിക്കുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |