സ്വയം അടിച്ചേൽപ്പിച്ച പട്ടിണി;  മരിക്കുമ്പോൾ ശ്രീനന്ദയുടെ ശരീരഭാരം 25 കിലോ

Wednesday 12 March 2025 10:31 PM IST

വെളിപ്പെടുത്തലുമായി ഡോക്ടർ

കണ്ണൂർ: കൂത്തുപറമ്പ് മെരുവമ്പായി സ്വദേശിനി ശ്രീനന്ദ മരിക്കുമ്പോൾ ശരീരഭാരം വെറും 25 കിലോഗ്രാം മാത്രമായിരുന്നുവെന്ന് ചികിത്സിച്ച ഡോക്ടർ നാഗേഷ്. പേശീഭാരം തീരെയില്ലാത്ത അവസ്ഥയിലാണ് പതിനെട്ടുകാരിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നും ഒരുഘട്ടത്തിൽ വിശപ്പെന്ന വികാരം പോലും പെൺകുട്ടിക്ക് ഉണ്ടായിരുന്നില്ലെന്നും ഡോക്ടർ പറഞ്ഞു. കൂടാതെ ശ്രീനന്ദയുടെ രക്തസമ്മർദവും ഷുഗർ ലെവലുമെല്ലാം താഴ്ന്ന നിലയിലായിരുന്നുവെന്നുമാണ് റിപ്പോർട്ട്.

പെൺകുട്ടി അനോറെക്സിയ നെർവോസ എന്ന സൈക്യാട്രിക് സാഹചര്യത്തിലൂടെ കടന്നുപോവുകയായിരുന്നുവെന്ന് വീട്ടുകാർക്ക് തിരിച്ചറിയാൻ സാധിച്ചില്ല.വണ്ണം കൂടുന്നുണ്ടെന്ന തോന്നൽ കാരണം യുട്യൂബിൽ നോക്കിയാണ് പെൺകുട്ടി ഡയറ്റ് ഫോളോ ചെയ്തിരുന്നത്. ഭക്ഷണം ഒട്ടും കഴിക്കാതെ ആരോഗ്യപ്രശ്നങ്ങൾ നേരിട്ടതോടെയാണ് പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആശുപത്രിയിൽ എത്തിയ ഉടൻ കുട്ടിയെ ഐ.സി.യുവിലാണ് പ്രവേശിപ്പിച്ചത്.രക്തസമ്മർദത്തിന്റെ ലെവൽ 70 ആയിരുന്നു. ഷുഗർ ലെവർ നാൽപത്തിയഞ്ചും സോഡിയം ലെവൽ നൂറ്റഇ ഇരുപതുമായിരുന്നു. പേശീഭാരം തീരെയുണ്ടായിരുന്നില്ല. എല്ലും തോലുമായ അവസ്ഥയിലായിരുന്നു പെൺകുട്ടിയെന്നും ഡോക്ടർ പറഞ്ഞു.

വണ്ണം കൂടുതലാണെന്ന ധാരണയിൽ കുറച്ചുനാളായി ഭക്ഷണത്തിന്റെ അളവ് കുറച്ചതാണ് പ്രശ്നമായത്. ഇതേതുടർന്ന് പെൺകുട്ടിയുടെ ആമാശയവും അന്നനാളവും ചുരുങ്ങി.ഗുരുതരമായ ഈറ്റിംഗ് ഡിസോർഡറും മാനസികാരോഗ്യ പ്രശ്നവുമാണ് അനോക്സിയ നെർവോസയെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഈ പ്രശ്നമുള്ളവർ വണ്ണം പരമാവധി കുറയ്ക്കാൻ ശ്രമിക്കും. വേണ്ടത്ര ഭക്ഷണം കഴിക്കാതിരിക്കുകയോ അമിതമായി വ്യായാമം ചെയ്യുകയോ ഭക്ഷണം കഴിച്ചാൽ ഛർദിച്ചു കളയാൻ ശ്രമിക്കുകയോ ഒക്കെ ചെയ്യും. പട്ടിണി കിടക്കുക കൂടി ചെയ്യുന്നതോടെ സാഹചര്യം ഗുരുതരമാകും. സ്വന്തം ശരീരത്തെക്കുറിച്ച് എപ്പോഴും ആശങ്കയുണ്ടാവും. വണ്ണം വെയ്ക്കുമോയെന്ന ഭയമുണ്ടാവുകയും ചെയ്യും. പ്രായ, ലിംഗ ഭേദമന്യേ എല്ലാവരിലും ഈ അവസ്ഥ കാണാം. അനോറെക്സിയ ഉണ്ടെന്ന സംശയം തോന്നിയാലുടൻ വിദഗ്ധ ചികിത്സ തേടണമെന്നും ഡോക്ടർ പറഞ്ഞു. തെറാപ്പി ഉൾപ്പെടെയുള്ള ചികിത്സാരീതികളിലൂടെ ഈ അവസ്ഥയെ മറികടക്കാനാകുമെന്നും ഡോക്ടർമാർ പറയുന്നു.

പ്രശ്നം അശാസ്ത്രീയ ഡയറ്റല്ല

സ്ലിംബ്യൂട്ടിയാവാനുള്ള ശ്രമത്തിന്റെ ഭാഗമായി ചില അശാസ്ത്രീയ ഡയറ്റുകൾ പിന്തുടർന്നാണ് ശ്രീനന്ദ മരിച്ചതെന്ന വാദം ഡോക്ടർ തള്ളിക്കളയുന്നു. അപൂർവങ്ങളിൽ അപൂർവമായ അനോറെക്സിയ നെർവോസ എന്ന സൈക്യാട്രിക് പ്രശ്നമുള്ളവർ ശരീരഭാരം കൂടുന്നതിൽ അങ്ങേയറ്റം ആകാംക്ഷ ഉള്ളവർ ആണ്. തടി കുറയ്ക്കാനായി ഇവർ ഭക്ഷണത്തിന്റെ അളവ് വല്ലാതെ കുറയ്ക്കും. ഇതിന് പിന്നാലെ വിശപ്പ്, ദാഹം എന്നുള്ള വികാരം തന്നെ ഇല്ലാതാകും. ഇത് ഡ്രിപ്രഷൻ പോലെയുള്ള മാനസിക പ്രശ്നങ്ങളിലേക്ക് മാറും. തുടക്കത്തിൽ ചികിത്സ തേടിയാൽ ഇതിന് പരിഹാരം കാണാൻ കഴിയുമെന്നും ഡോക്ടർ പറഞ്ഞു.