കാസർകോട്: കോടികൾ ചിലവഴിച്ച് നിർമ്മിക്കുന്ന സ്കൂൾ കെട്ടിടങ്ങളിൽ മിക്കതും വൈദ്യുതീകരണ സംവിധാനം ഇല്ലാത്തതിനാൽ ബാദ്ധ്യതയാകുന്നു. എം.എൽ.എമാരുടെ ആസ്തിവികസന ഫണ്ടിൽ നിന്നടക്കം ഫണ്ട് നൽകി നിർമ്മിക്കുന്ന കെട്ടിടങ്ങളാണ് വൈദ്യുതീകരണം നടത്താതെ കൊട്ടിഘോഷിച്ച് ഉദ്‌ഘാടനം നടത്തി പൊതുമരാമത്ത് വകുപ്പ് കൈയൊഴിയുന്നത്.
വൈദ്യുതീകരിക്കാത്ത ബഹുനില കെട്ടിടത്തിലെ ക്‌ളാസ് മുറികളിൽ വേനലിൽ വിയർത്തും മഴക്കാലത്ത് വെളിച്ചക്കുറവ് മൂലവും കടുത്ത ദുരിതമാണ് കുട്ടികൾ അനുഭവിക്കുന്നത്. കമ്പ്യൂട്ടറും പ്രൊജക്ടറും വിഷ്വൽ മീഡിയകളും ഉപയോഗിച്ചുള്ള ആധുനിക പഠന സമ്പ്രദായങ്ങൾ വേണ്ടിടത്താണ് വെറും ചുമരുകളും മേൽക്കൂരകളുമായ കെട്ടിടങ്ങൾ കെട്ടിപ്പൊക്കുന്നത്.
ഉദാഹരണം തെരുവത്ത് ,അരയി സ്കൂളുകൾ
ഇ.ചന്ദ്രശേഖരൻ എം.എൽ.എയുടെ ആസ്തിവികസന ഫണ്ടിൽ നിന്ന് 70 ലക്ഷം ചിലവിട്ട് നിർമ്മിച്ച ഹൊസ്ദുർഗ് തെരുവത്ത് ജി.എൽ.പി സ്കൂളിന് 2023-24 വർഷത്തിലാണ് ഇരുനിലകെട്ടിടം പൂർത്തിയാക്കി ഉദ്ഘാടനം നടത്തിയത്. ഈ കെട്ടിടത്തിനായി ആദ്യം 40 ലക്ഷമാണ് എം.എൽ.എ ഫണ്ടിൽ നിന്ന് ആദ്യം നീക്കിവെച്ചിരുന്നത്. ഇത് മതിയാകില്ലെന്ന സ്ഥിതിയിൽ 30 ലക്ഷം കൂടി എം.എൽ.എ അനുവദിച്ചു. 2021 ഫെബ്രുവരിയിൽ തറക്കല്ലിട്ട എട്ട് ക്‌ളാസ് മുറികളുള്ള ഇരുനില കെട്ടിടം 2023 മാർച്ചിൽ ഉദ്‌ഘാടനം ചെയ്തു. പക്ഷെ ഇന്നും ഈ കെട്ടിടത്തിൽ വൈദ്യുതി എത്തിയിട്ടില്ല.
വിദ്യാഭ്യാസ വകുപ്പ് ഒരു കോടി ചിലവിട്ട് നിർമ്മിച്ച അരയി ജി.യു.പി സ്കൂളിന്റെ ഇരുനിലകെട്ടിടത്തിലും വൈദ്യുതി എത്തിയിട്ടില്ല. ഒന്നരവർഷം മുമ്പ് നിർമ്മാണം തുടങ്ങിയ കെട്ടിടം പൂർത്തിയായപ്പോഴാണ് ലൈറ്റും ഫാനും ഫിറ്റ് ചെയ്യാൻ വഴിയില്ലെന്ന് മനസിലാക്കുന്നത്. ക്ളാസ് മുറിയിൽ ടൈൽ പാകുന്ന പ്രവൃത്തിയും ഇതിലുൾപ്പെട്ടിരുന്നില്ല.മറ്റേതെങ്കിലും സൗകര്യം ഒഴിവാക്കി ടൈൽ പതിപ്പിക്കാമെന്ന നിർദ്ദേശം പൈതുമരാമത്ത് വകുപ്പ് അധികൃതർ മുന്നോട്ടുവെക്കുകയായിരുന്നു. ഇലക്ട്രിക്കൽ കോൺട്രാക്ട് ജോലികൾ നടത്തേണ്ട ഉത്തരവാദിത്വം തങ്ങൾക്കില്ലെന്നും പൊതുമരാമത്ത് വകുപ്പ് വ്യക്തമാക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |