
താളിക്കാവിൽ സി.പി.എം വിമതൻ പത്രിക പിൻവലിച്ചു
കണ്ണൂർ: നോമിനേഷൻ പത്രിക പിൻവലിക്കാനുള്ള അവസാന ദിവസവും കഴിയുമ്പോൾ കോർപ്പറേഷനിൽ യു.ഡി.എഫിന് വൻ തിരിച്ചടി. മൂന്നിടത്താണ് കോർപ്പറേഷനിൽ കോൺഗ്രസ് വിമതർ മത്സരത്തിനിറങ്ങുന്നത്. നേതാക്കളുടെ നേതൃത്വത്തിൽ പത്രിക പിൻവലിപ്പിക്കാനുള്ള പ്രവർത്തനങ്ങൾ നടന്നിരുന്നെങ്കിലും ഫലം കണ്ടില്ല. പയ്യാമ്പലത്തും ആദി കടലായിലും വാരത്തുമാണ് കോൺഗ്രസ് വിമതർ മത്സരിക്കുന്നത്. പയ്യാമ്പലത്ത് ഡെപ്യൂട്ടി മേയർ പി.ഇന്ദിരയ്ക്കെതിരെയാണ് കോൺഗ്രസ് വിമതയായ കെ.എസ് ബിന്ദു മത്സരിക്കുന്നത്. ഡിവിഷനിൽ ബിന്ദുവിനെ മത്സരിപ്പിക്കാനായിരുന്നു നേതൃത്വം ആദ്യം ആലോചിച്ചത്. എന്നാൽ അവസാന നിമിഷം പി.ഇന്ദിരയ്ക് വാർഡ് നൽകുകയായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് മത്സരത്തിനിറങ്ങുന്നതെന്നാണ് വിവരം. പ്രാദേശിക നേതാവായ കെ.എസ്.ബിന്ദുവിന് പ്രാദേശികമായി വലിയ അംഗീകാരവുമുണ്ട്. അങ്ങനെയെങ്കിൽ മത്സരം കടുക്കാനുള്ള സാദ്ധ്യതയാണ് നേതൃത്വം കാണുന്നത്.
വാരത്ത് മുസ്ളീം ലീഗ് ജില്ല ജില്ലാ വൈസ് പ്രസിഡന്റ് കെ.പി.താഹിറിനെതിരെയാണ് വിമതനായ മുസ്ലിം ലീഗ് വാരം കടവ് ശാഖ എക്സിക്യൂട്ടീവ് അംഗം റയീസ് അസ്അദി മത്സരിക്കുന്നത്. വർഷങ്ങളായുള്ള ആവശ്യം നേതാക്കൾ നിരാകരിച്ചതിനാലാണ് വാരം ഡിവിഷനിൽ മത്സരിക്കാൻ റയീസ് അസ്അദി തീരുമാനിച്ചത്. ഡിവിഷനിലുള്ളയാളെ സ്ഥാനാർത്ഥിയാക്കണമെന്ന് 2015 മുതൽ പ്രവർത്തകർ ആവശ്യപ്പെടുന്നതാണെന്ന് റയീസ് അസ് അദി പറഞ്ഞു. പ്രവർത്തകരുടെ വികാരം അംഗീകരിക്കാൻ പാർട്ടി നേതൃത്വം തയ്യാറാകുന്നില്ലെന്നും തുറന്നടിച്ചിരുന്നു.
മുസ്ലിം ലീഗ് ശാഖാ ട്രഷററടക്കമുള്ള ഭാരവാഹികളും പ്രദേശത്തെ മുസ്ളീം ലീഗ് പ്രവർത്തകരും പ്രചരണത്തിനും രംഗത്തുണ്ട്. പ്രതിസന്ധി ഗൗരവത്തോടെയാണ് നേതൃത്വം കാണുന്നത്.
അവഗണനയ്ക്കെതിരെ 'സ്ഥാനാർത്ഥിത്വം"
ആദികടലായിയിൽ കോൺഗ്രസിലെ പ്രമുഖ യുവനേതാവ് റിജുൽ മാക്കുറ്റിക്കെതിരെയാണ് വിമതനായി മുസ്ളീം ലീഗ് പ്രവർത്തകനായ വി.മുഹമ്മദലി മത്സരിക്കുന്നത്. സീറ്റ് വിഭജന വേളയിൽ ലീഗിനും കോൺഗ്രസിനുമിടയിൽ പ്രധാന തർക്ക വിഷയവും ആദി കടലായി ഡിവിഷനിലായിരുന്നു.ഡിവിഷൻ വേണമെന്ന് മുസ്ളീം ലീഗ് ആവശ്യമുന്നയിച്ചിരുന്നെങ്കിലും കോൺഗ്രസ് ചെവികൊണ്ടിരുന്നില്ല. ഇതാണ് മത്സര രംഗത്ത് ഉറച്ചുനിൽക്കാനുള്ള കാരണമെന്ന് മുഹമ്മദലി പറയുന്നു. കോൺഗ്രസ് നിരന്തരം പരാജയപ്പെടുന്ന സീറ്റായിട്ടും ചർച്ച പ്രഹസനമാക്കി മുസ്ലീം ലീഗിനെ അവഗണിച്ചതിനാലാണ് സ്ഥാനാർത്ഥിത്വമെന്നും ഇദ്ദേഹം പറഞ്ഞു. ആദി കടലായിയിലെ മുഴുവൻ മുസ്ളീം ലീഗ് പ്രവർത്തകരും തങ്ങളോട് കൂടിയുണ്ടെന്നാണ് മുഹമ്മദലി പറയുന്നത്. ഇതോടെ ആദി കടലായിൽ പോര് മുറുകും.
തലവേദനയായി ഐക്യ ജനാധിപത്യ സംരക്ഷണസമിതിയും
കോർപ്പറേഷനിൽ 12 ഇടത്ത് പി.കെ രാഗേഷിന്റെ നേതൃത്വത്തിലുള്ള ഐക്യ ജനാധിപത്യ സംരക്ഷണ സമിതിയും മത്സരത്തിനുണ്ട്. ഇതോടെ കോർപ്പറേഷനിൽ യു.ഡി.എഫിന് ഇത്തവണ വലിയ തിരിച്ചടിയുണ്ടാകാൻ സാദ്ധ്യതയുണ്ടെന്നാണ് നേതാക്കളുൾപ്പെടെയുള്ളവരുടെ അവലോകനമെന്നാണ് സൂചന.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |