
തുറവൂർ : എ.എസ്.ഐയാണെന്നും വിദേശത്തുള്ള മകന്റെ സുഹൃത്താണെന്നും അവകാശപ്പെട്ട് വീട്ടിലെത്തി പണം തട്ടുകയും മൊബൈൽ ഫോൺ മോഷ്ടിക്കുകയും ചെയ്‌തയാളെ കുത്തിയതോട് പൊലീസ് പിടികൂടി. കിടങ്ങൂർ നികർത്തിൽ വേണുഗോപാലിനെ(53) യെയാണ് അറസ്റ്റ് ചെയ്തത്. കോടംതുരുത്ത് ധന്യയിൽ ശ്രീദേവിയുടെ വീട്ടിലാണ് സംഭവം നടന്നത്. മസ്കറ്റിലുള്ള മകന്റെ സുഹൃത്താണെന്നും മരട് പൊലീസ് സ്റ്റേഷനിലെ എ.എസ്.ഐയാണെന്നും പരിചയപ്പെടുത്തി എത്തിയ ഇയാൾ, താൻ അർബുദ രോഗ ബാധിതനാണെന്ന് പറഞ്ഞ് വീട്ടുകാരുടെ സഹാനുഭൂതി നേടിയെടുത്തു. തുടർന്ന് ചികിത്സാ ആവശ്യത്തിനായി 1800 രൂപ ആവശ്യപ്പെട്ടെങ്കിലും വീട്ടുകാർ 700 രൂപ നൽകി.
ഇയാൾ മടങ്ങിയ ശേഷം വീട്ടിൽ നിന്ന് 9,000 രൂപ വിലവരുന്ന മൊബൈൽ ഫോൺ നഷ്ടപ്പെട്ടതായി കണ്ടെത്തുകയായിരുന്നു. തുടർന്ന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കുത്തിയതോട് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതിക്കെതിരെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ മോഷണം ഉൾപ്പെടെ നിരവധി കേസുകൾ ഉള്ളതായി പൊലീസ് അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |