
തലശ്ശേരി : നഗരസഭയിൽ പത്രിക പിൻവലിക്കാനുള്ള അവസാന തീയതി കഴിഞ്ഞതോടെ സ്ഥാനാർത്ഥി ചിത്രം തെളിഞ്ഞു. എൽ.ഡി.എഫും യു.ഡി.എഫും മുഴുവൻ വാർഡുകളിലും മത്സരിക്കുമ്പോൾ രണ്ട് സീറ്റുകൾ ഒഴിവാക്കിയാണ് എൻ.ഡി.എയുടെ മത്സരം. സി.പി.എമ്മിന്റെ ഉറച്ച കോട്ടയായ തലശ്ശേരിയിൽ മുൻ ചെയർമാൻ കാരായി ചന്ദ്രശേഖരനെ മുന്നിൽ നിർത്തിയാണ് എൽ.ഡി.എഫിന്റെ പോരാട്ടം.
ചെള്ളക്കര വാർഡിലാണ് കാരായി ചന്ദ്രശേഖരൻ മത്സരിക്കുന്നത്. നേരത്തെ മുനിസിപ്പൽ ചെയർമാനായിരുന്ന കാരായി ചന്ദ്രശേഖരൻ ഫസൽ വധക്കേസിൽ പ്രതിയായി ജില്ലയിൽ പ്രവേശിക്കുന്നതിന് നിയമതടസം നേരിട്ടിരുന്നു. ഒൻപത് വർഷത്തോളം എറണാകുളം ജില്ലയിൽ കഴിഞ്ഞ ശേഷമാണ് നാട്ടിലേക്ക് തിരിച്ചുവരാനായത്.
ആകെ 53 വാർഡുകളുള്ള നഗരസഭയിൽ സി.പി.എം 46 ഇടത്താണ് മത്സരിക്കുന്നത്. സി.പി.ഐ. അഞ്ച് സീറ്റുകളിലും എൻ.സി.പി., ഐ.എൻ.എൽ കക്ഷികൾ ഒന്നു വീതം സീറ്റുകളിലും മത്സരിക്കുന്നു. യു.ഡി.എഫിൽ കോൺഗ്രസ് 36 സീറ്റുകളിലും ലീഗ് 17 സീറ്റുകളിലുമാണ് മത്സരിക്കുന്നത്. ബ്ളോക്ക് പ്രസിഡന്റ് എം.പി അരവിന്ദാക്ഷനാണ് കോൺഗ്രസിൽ മത്സരരംഗത്തുള്ള പ്രമുഖൻ. നഗരസഭയിലെ പ്രതിപക്ഷമായ ബി.ജെ.പി കണ്ണോത്തുപള്ളി, കോപ്പാലം വാർഡുകളൊഴിവാക്കിയും മത്സരിക്കുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |