കണ്ണൂർ: സി.പി.എമ്മിന്റെ ഉരുക്കുകോട്ടയെന്ന് വിശേഷിപ്പിക്കപ്പെടുന്ന പയ്യന്നൂരിൽ നിന്ന് പാർട്ടിയുടെ ധാർമ്മിക അടിത്തറ തന്നെ പിടിച്ചു കുലുക്കുന്ന രക്തസാക്ഷി ഫണ്ട് തിരിമറി ആരോപണം ഉയർന്നതോടെ കരുതലോടെ നേതൃത്വം. മുൻ ഏരിയാ സെക്രട്ടറിയും ജില്ലാ കമ്മിറ്റി അംഗവുമായ വി. കുഞ്ഞികൃഷ്ണൻ ഉന്നയിച്ച ഗുരുതര ആരോപണങ്ങൾ വെറും ആഭ്യന്തര തർക്കമായല്ല, പാർട്ടിയുടെ മുഖച്ഛായ തന്നെ തകർക്കുന്ന നീക്കമായാണ് നേതൃത്വം പരിഗണിക്കുന്നത്. ആർ.എസ്.എസ് ആക്രമണത്തിൽ കൊല്ലപ്പെട്ട ധനരാജിന്റെ കുടുംബത്തിനുവേണ്ടി സ്വരൂപിച്ച സഹായഫണ്ടിൽ നിന്നുതന്നെ തട്ടിപ്പ് നടന്നുവെന്ന ആരോപണം സാധാരണ സാമ്പത്തിക ക്രമക്കേടിനപ്പുറമാണ്. നിലവിലെ എം.എൽ.എ ടി.ഐ മധുസൂദനൻ വ്യാജ രസീത് ഉപയോഗിച്ച് ഫണ്ട് തട്ടിയെന്നുള്ള ആരോപണവും ഗൗരവമേറിയതാണ്. ഇക്കാര്യം പാർട്ടി നേതൃത്വത്തെ നേരത്തെ തന്നെ അറിയിച്ചിട്ടും അന്വേഷണ കമ്മിഷൻ തയ്യാറാക്കിയ അനുകൂല റിപ്പോർട്ടിലൂടെ ആരോപിതനെ കുറ്റവിമുക്തനാക്കിയെന്ന വെളിപ്പെടുത്തലാണ് കുഞ്ഞികൃഷ്ണൻ നിരന്തരം ആരോപിക്കുന്നത്.
കുഞ്ഞികൃഷ്ണന്റെ നീക്കം ഉറ്റുനോക്കി
മറ്റേതെങ്കിലും പാർട്ടിയിലേക്ക് പോകില്ലെന്നും, മരണംവരെ കമ്മ്യൂണിസ്റ്റുകാരനായി തുടരുമെന്നും പ്രഖ്യാപിച്ച് കുഞ്ഞികൃഷ്ണൻ പാർട്ടിയെ ധാർമ്മികമായി വെല്ലുവിളിക്കുകയാണ്. 'അണികൾ നേതൃത്വത്തെ തിരുത്തണം' എന്ന പേരിൽ വി.എസ്. അച്യുതാനന്ദന് സമർപ്പിച്ചിരിക്കുന്ന അദ്ദേഹത്തിന്റെ പുസ്തകം ഉടൻ പുറത്തിറങ്ങുമ്പോൾ കൂടുതൽ വെളിപ്പെടുത്തലുകൾ പ്രതീക്ഷിക്കാം. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തുകൊണ്ടിരിക്കുമ്പോൾ ഈ വിവാദം സി.പി.എമ്മിന് വലിയ തലവേദനയായേക്കാം. പയ്യന്നൂർ മണ്ഡലം പാർട്ടിക്ക് അത്യന്തം സുരക്ഷിതമെന്ന് കരുതപ്പെടുന്നിടത്താണ് ഈ പ്രതിസന്ധി. യു.ഡി.എഫിന് കാര്യമായ സ്വാധീനമില്ലാത്ത മണ്ഡലത്തിൽ വി. കുഞ്ഞികൃഷ്ണൻ വിമത സ്ഥാനാർത്ഥിയായി മത്സരിച്ചാൽ സ്ഥിതി മാറിമറിയാം. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ പയ്യന്നൂരിലെ കാര വാർഡിൽ സി.പി.എം വിമതൻ വിജയിച്ചത് ഇതിനകം പാർട്ടിക്ക് മുന്നറിയിപ്പായിരുന്നു.
ആ സംഭവത്തെത്തുടർന്ന് നേതാക്കൾക്കെതിരെ പാർട്ടി അച്ചടക്ക നടപടികൾ സ്വീകരിക്കുന്നതിനിടയിലാണ് കുഞ്ഞികൃഷ്ണൻ കൂടുതൽ ഗൗരവമേറിയ ആരോപണങ്ങളുമായി മുന്നോട്ടുവന്നിരിക്കുന്നത്.
രസീത് നഷ്ടപ്പെട്ടെന്ന് പറഞ്ഞാൽ എത്ര രൂപയും പിരിക്കാമെന്ന സ്ഥിതിയാണ് പയ്യന്നൂരിലെന്ന കുഞ്ഞികൃഷ്ണന്റെ വെളിപ്പെടുത്തൽ പാർട്ടി സംഘടനയുടെ ഉള്ളറകളിലെ കള്ളക്കളി തുറന്നുകാട്ടുന്നു. റിയൽ എസ്റ്റേറ്റ് മാഫിയയെ ഉപയോഗിച്ച് ഫണ്ട് പിരിച്ചെന്ന ആരോപണവുണ്ട്. എം.വി ജയരാജൻ, ടി.വി രാജേഷ് തുടങ്ങിയ മുതിർന്ന നേതാക്കൾ മധുസൂദനന്റെ ഗ്രൂപ്പിനെ ശക്തിപ്പെടുത്താൻ ഒത്താശ ചെയ്തുവെന്ന ആരോപണവും കുഞ്ഞികൃഷ്ണൻ ഉന്നയിക്കുന്നുണ്ട്. സി.കെ.പി പത്മനാഭനെപോലുള്ള മുതിർന്ന നേതാക്കളെ കുടുക്കിയെന്ന വെളിപ്പെടുത്തൽ പാർട്ടിയിലെ അസംതൃപ്തരെ കുഞ്ഞികൃഷ്ണന് പിന്നിൽ അണിനിരത്തുമോ എന്ന ആശങ്കയിലാണ് നേതൃത്വം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |