
കൂത്തുപറമ്പ്: കൂൺ കൃഷിയിൽ വിസ്മയം തീർക്കുകയാണ് മാങ്ങാട്ടിടം ഗ്രാമപഞ്ചായത്തിലെ ആമ്പിലാട് കണി കുന്നുമ്മൽ ഹൗസിൽ പി.ശാന്തയെന്ന 73കാരി. വീട്ടിൽ ഒരുക്കിയ 150 ബെഡുകളിൽ നിന്നായി ദിവസവും ഒന്നര മുതൽ രണ്ട് കിലോഗ്രാം വരെ കൂൺ വിറ്റ് 1500 രൂപയിൽ കുറയാത്ത വരുമാനമാണ് ഇവർ നേടുന്നത്.
വലിയ മുതൽമുടക്കില്ലാത്ത കൃഷിയെന്ന നിലയിലാണ് കൂൺകൃഷി ഇവർ തിരഞ്ഞെടുത്തത്. വീട്ടമ്മമാർക്കും കുട്ടികൾക്കുമെല്ലാം വരുമാനം കണ്ടെത്താൻ അനായാസം കൈകാര്യം ചെയ്യാനാകുമെന്ന് ശാന്തമ്മ പറയുന്നു.
വിത്ത് മുളച്ച് ഗുണനിലവാരമുള്ള കൂൺ ഒരുങ്ങാൻ സ്വാഭാവിക പരിസ്ഥിതി ഒരുക്കുന്നതാണ് കൃഷിയിലെ പ്രധാന കടമ്പയെന്ന് ഈ വീട്ടമ്മ പറയുന്നു.വെളിച്ചം കടക്കാത്തവിധം ചായ്പിലോ ചെറിയ മുറിയിലോ കൃഷി ചെയ്താൽ ഏതാനും ആഴ്ചകൾക്കുള്ളിൽ വലിയ വരുമാനം ഉണ്ടാക്കാവുന്ന സംരംഭമാണ് കൂൺ കൃഷി. മികച്ച വിത്തിന്റെ ദൗർലഭ്യമാണ് കർഷകർ നേരിടുന്ന വെല്ലുവിളി.
അണുബാധയില്ലാത്ത തഴച്ചുവളർന്ന വെളുത്ത കട്ടിയുളള കൂൺ വിത്താണ് തിരഞ്ഞെടുക്കേണ്ടതെന്ന് ശാന്തമ്മ പറയുന്നു.
കൃഷിസമൃദ്ധി പദ്ധതി ഗുണഭോക്താവ് എന്ന നിലയിൽ മാങ്ങാട്ടിടം കൃഷിഭവന്റെ വലിയ പിന്തുണ ലഭിക്കുന്നുണ്ടെന്നും ശാന്തമ്മ പറഞ്ഞു. ഇവർക്ക് കൂൺ വിപണനത്തിനുള്ള പൂർണ്ണ പിന്തുണയുമായി മകൻ പ്രജിത്തും മരുമകൾ ഷിദയുമുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |