ആറളം ഫാമിൽ വീണ്ടും ഓപ്പറേഷൻ ഗജമുക്തി

Tuesday 19 May 2026 12:08 AM IST
ഓപ്പറേഷൻ ഗജമുക്തി

പൊതുജനങ്ങൾ ജാഗ്രതാ നിർദ്ദേശങ്ങൾ പാലിക്കണം

ഇരിട്ടി: ആറളം ഫാം, പുനരധിവാസ മേഖലയിൽ നിലനിൽക്കുന്ന മനുഷ്യ-വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിനായുള്ള വനംവകുപ്പിന്റെ 'ഓപ്പറേഷൻ ഗജമുക്തി' ഇന്ന് മുതൽ ആരംഭിക്കും. മേയ് 13ന് സബ് കളക്ടറുടെ അദ്ധ്യക്ഷതയിൽ ചേർന്ന ഓൺലൈൻ യോഗത്തിലെ തീരുമാനങ്ങളുടെ അടിസ്ഥാനത്തിലാണ് കർമ്മപദ്ധതിക്ക് തുടക്കമാകുന്നത്. മുഴുവൻ ആനകളെയും സുരക്ഷിതമായി അവയുടെ സ്വാഭാവിക ആവാസവ്യവസ്ഥയായ വന്യജീവി സങ്കേതത്തിലേക്ക് തിരികെ എത്തിക്കുക എന്നതാണ് ലക്ഷ്യം.

ദൗത്യം വിജയകരമായി പൂർത്തിയാക്കുന്നതിനായി വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ വിപുലമായ സജ്ജീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്. മനുഷ്യവാസ കേന്ദ്രമായ ടി.ആർ.ഡി.എം ഏരിയയിലെ താമസക്കാരുടെ സമ്പൂർണ്ണ സുരക്ഷ ഉറപ്പാക്കുന്നതിനാണ് ഈ ഓപ്പറേഷനിൽ പ്രഥമ പരിഗണന നൽകുന്നത്. ദുരന്ത നിവാരണ അതോറിറ്റിയുടെ നേതൃത്വത്തിൽ ഇതിനായുള്ള മുൻകരുതലുകൾ സ്വീകരിച്ചിട്ടുണ്ട്. മുഴുവൻ ആനകളെയും കാട്ടിലേക്ക് കടത്തിവിടുക എന്ന ലക്ഷ്യത്തിലേക്ക് എത്തുന്നതിനായി എല്ലാ വകുപ്പുകളുടെയും കൂട്ടായ സഹകരണവും ഉണ്ടാകും.

പൊതുജനങ്ങൾക്കുള്ള സുരക്ഷാ നിർദ്ദേശങ്ങൾ

1. ദൗത്യത്തിന്റെ ഭാഗമായി പാലപ്പുഴ, ഓടന്തോട് പാലം, ഓടന്തോട് സ്കൂൾ ജംഗ്ഷൻ, ബ്ലോക്ക് 6 ചെക്ക് പോസ്റ്റ്, തളിപ്പറ ജംഗ്ഷൻ, ബ്ലോക്ക് 13 ജംഗ്ഷൻ എന്നിവിടങ്ങളിൽ ഇൻസിഡന്റ് കമാൻഡറുടെ നിർദ്ദേശപ്രകാരം പൊലീസ് ഗതാഗതം നിയന്ത്രിക്കും. സുരക്ഷ മുൻനിർത്തി വനം-പോലീസ് വകുപ്പുകൾ സംയുക്തമായി രാത്രികാല പട്രോളിംഗ് നടത്തും.

2. അവധി സമയമായതിനാൽ ഓപ്പറേഷൻ നടക്കുന്ന ദിവസങ്ങളിൽ കുട്ടികൾ വീടിന് പുറത്തിറങ്ങുന്നില്ല എന്ന് രക്ഷിതാക്കൾ പ്രത്യേകം ഉറപ്പാക്കേണ്ടതാണ്.

3. വാട്സാപ്പിലൂടെയും മറ്റ് നവമാധ്യമങ്ങളിലൂടെയും തെറ്റായ വിവരങ്ങൾ പ്രചരിക്കുന്നത് തടയാൻ എസ്.ടി പ്രൊമോട്ടർമാർ ഉൾപ്പെടെയുള്ളവർ ശ്രദ്ധിക്കണം.

4. കക്കുവ, ബ്ലോക്ക് 12, തളിപ്പറ, ബ്ലോക്ക് 7, ഓടന്തോട്, ബ്ലോക്ക് 9, വളയംചാൽ, പൂക്കുണ്ട്, ബ്ലോക്ക് 10, തളിപ്പറ സ്റ്റോപ്പ് എന്നീ പ്രധാന മേഖലകളിൽ പഞ്ചായത്ത് മുഖേന സമഗ്രമായ പൊതു അറിയിപ്പുകൾ നൽകും.

5. അടിയന്തര സാഹചര്യങ്ങൾ നേരിടാൻ സ്ട്രെച്ചറുകളും ഫസ്റ്റ് എയ്ഡ് കിറ്റുകളുമായി ആരോഗ്യ വകുപ്പിന്റെ പ്രത്യേക മെഡിക്കൽ സംഘം ഓടന്തോട് ആറളം ഫാം സ്കൂൾ ജംഗ്ഷനിൽ സജ്ജമായിരിക്കും. ആശുപത്രി പോലുള്ള അടിയന്തര ആവശ്യങ്ങൾ തടസ്സമില്ലാതെ നടപ്പിലാകുന്നുണ്ടെന്ന് അധികൃതർ ഉറപ്പാക്കും.

6. ഡ്രൈവിംഗ് നടക്കുന്ന സമയങ്ങളിൽ ആറളം ഫാമിൽ തൊഴിലാളികൾ ഇല്ലെന്ന് അധികൃതർ ഉറപ്പുവരുത്തും. ആനകളെ കണ്ടെത്തുന്നതിനും തുരത്തുന്നതിനും ഫാം ജീവനക്കാർ വനംവകുപ്പിനൊപ്പം ഉണ്ടാകും.