മഴ: ആശങ്കയിൽ കുപ്പം നിവാസികൾ മണ്ണും ചെളിയും വീടുകളിലേക്ക്

Tuesday 19 May 2026 12:15 AM IST
പ്രദേശത്തെ ചെളികയറിയ വീടുകളിലൊന്ന്

കണ്ണൂർ: കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴയിൽ മണ്ണും ചെളിയും വീടുകളിലേക്കൊഴുകിയെത്തിയത് കുപ്പം ദേശീയപാതക്ക് സമീപത്തെ വീടുകാർക്ക് ദുരിതമായി. കഴിഞ്ഞ വ‌ർഷത്തെ മഴയിൽ ഈ വീടുകളിൽ ചെളിയും മണ്ണും ഒലിച്ചെത്തുകയും പരിസരവാസികൾ വീട് മാറിപ്പോകേണ്ട അവസ്ഥവരെ ഉണ്ടാവുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസം പെയ്ത മഴയിൽ വീണ്ടും ഇത് ആവർത്തിക്കുമോ എന്ന് പരിസരവാസികൾ ഏറെ ആശങ്കപ്പെട്ടിരുന്നു. പിന്നാലെ ഇന്നലെ പുലർച്ചെ പെയ്ത മഴയിലാണ് പ്രദേശത്തെ 20 വീടുകളിൽ ചെളി ഒലിച്ചെത്തിയത്.

കഴിഞ്ഞവർഷം ഇതേ സമയത്താണ് ഇവിടെയുള്ള വീടുകളിൽ വെള്ളത്തിനൊപ്പം ചെളിയും മണ്ണും വന്നു നിറഞ്ഞത്. നാലടിയോളം ചെളിയാണ് ഓരോ വീടുകളിൽ നിന്നും നീക്കം ചെയ്തത്. കുപ്പം കപ്പണത്തട്ടിൽ ദേശീയപാത നിർമാണം നടക്കുന്ന സ്ഥലത്ത് തുടർച്ചയായി കനത്ത മണ്ണിടിച്ചലും ഗതാഗതം സ്തംഭിച്ച സ്ഥിതിയുമുണ്ടായി. അപകടാവസ്ഥ മുന്നിൽ കണ്ട് ഗതാഗതം വഴി തിരിച്ച് വിട്ടിരുന്നു. നാട്ടുകാരുടെ നേതൃത്വത്തിൽ ദിവസങ്ങളോളം ദേശീയപാത ഉപരോധമുൾപ്പെടെയുള്ള വൻ പ്രതിഷേധവും നടന്നിരുന്നു. തുടർന്ന് ജില്ലാ കളക്ടറും ദേശീയ പാതാ അധികൃതരും സ്ഥലം സന്ദർശിക്കുകയും നടപടി സ്വീകരിക്കുമെന്ന് ഉറപ്പുനൽകുകയും ചെയ്തു. പിന്നീട് ചെളിവെള്ളം തിരിച്ചുവിടുന്നതിന് താത്കാലിക ചാൽ കീറി. മണൽച്ചാക്കുകൾ നിറച്ച് തടയണ നിർമിക്കുകയായിരുന്നു. ഇതോടൊപ്പം മണ്ണിലേക്ക് മഴവെള്ളം ഇറങ്ങാതിരിക്കാൻ ടാർപോളിൻ ഷീറ്റുകളും വിരിച്ചിരുന്നു.

നിലവിൽ ഇവിടെ ദേശീയപാത പ്രവൃത്തികളും മന്ദഗതിയിലാണ്. നാട്ടിലേക്ക് പോയ ഇതര സംസ്ഥാന തൊഴിലാളികൾ തിരിച്ചെത്താതുൾപ്പെടെ വെല്ലുവിളിയായി.

ആർ.ഡി.ഒ എസ്. വന്ദന, വില്ലേജ് ഓഫീസർ വിനോദ് കുമാർ എന്നിവർ ഇന്നലെ സ്ഥലം സന്ദർശിച്ചു. കളക്ടർക്ക് റിപ്പോർട്ട് നൽകുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

ചെളി നിറഞ്ഞ് സി.എച്ച് നഗർ റോഡ്

സി.എച്ച് നഗർ റോഡ് മുഴുവൻ ചെളി നിറഞ്ഞതോടെ ഇതുവഴി കാൽനട യാത്രപോലും സാധിക്കാത്ത അവസ്ഥയാണ്. അറുപതിലധികം വീട്ടുകാർ ഉപയോഗിക്കുന്ന റോഡാണ് ചെളി നിറഞ്ഞത്. തുടർന്ന് ഇന്നലെ രാവിലെ നാട്ടുകാർ ചേർന്ന് ചെളി നീക്കം ചെയ്യുകയായിരുന്നു. മഴ ശക്തമാകുന്തോറും പ്രദേശവാസികളുടെ നെഞ്ചിടിപ്പാണ് ഉയരുന്നത്.

കഴിഞ്ഞ വർഷം നിർമ്മിച്ച ചാൽ ചെളി നിറഞ്ഞ് മൂടിയതോടെയാണ് ഈ വർഷം വീണ്ടും ചെളി വീടുകളിലേക്ക് ഒഴുകിയെത്തിയത്. വൻതോതിൽ മണ്ണിടിഞ്ഞ ഭാഗം തട്ടുകളായി തിരിച്ച് പാർശ്വഭാഗത്ത് കരിങ്കൽ ചീളുകൾ ഉപയോഗിച്ച് ഭിത്തി നിർമിക്കുകയും ചെയ്തിരുന്നു. വീണ്ടും മഴക്കാലമെത്തുന്നതോടെ മണ്ണിടിഞ്ഞ് വീടുകളിൽ ചെളി നിറയുമെന്ന ഭീതിയിലാണ് സി.എച്ച് നഗർ നിവാസികൾ.