കൊട്ടിയൂരിൽ നീരെഴുന്നള്ളത്ത് ഇന്ന്
കൊട്ടിയൂർ:വൈശാഖ മഹോത്സവത്തിന്റെ ഭാഗമായുള്ള നീരെഴുന്നള്ളത്ത് ഇന്ന് കൊട്ടിയൂരിൽ നടക്കും. പതിനൊന്ന് മാസത്തോളം ഭക്തർക്ക് പ്രവേശനമില്ലാതിരുന്ന അക്കരെ സന്നിധിയിലേക്ക് ആദ്യമായി അടിയന്തരക്കാർ പ്രവേശിക്കുന്നത് ഇടവമാസത്തിലെ മകം നാളിൽ നടക്കുന്ന നീരെഴുന്നള്ളത്തിനാണ്.
പടിഞ്ഞിറ്റ നമ്പൂതിരിയുടെയും സമുദായിയുടെയും നേതൃത്വത്തിൽ അടിയന്തരയോഗ സ്ഥാനികർ അക്കരെ കടന്ന് മണിത്തറയിലെ സ്വയംഭൂ സ്ഥാനത്ത് ബാവലി തീർത്ഥം അഭിഷേകം ചെയ്യുന്ന ചടങ്ങാണിത്. 28ന് നെയ്യാട്ടം നടക്കും.മുപ്പതു മുതൽ സ്ത്രീകൾക്ക് അക്കരെ സന്നിധാനത്ത് പ്രവേശിക്കാം.മന്ദംചേരിയിൽ നിന്ന് അക്കരെ കൊട്ടിയൂരിലേക്കുള്ള പാലത്തിന്റെ നിർമ്മാണം അവസാന ഘട്ടത്തിലാണ്.അറുപതു മീറ്റർ നീളവും അഞ്ച് മീറ്റർ വീതിയുമുള്ള സ്റ്റീൽ പാലമാണ് ബാവലിപ്പുഴയിൽ നിർമ്മിക്കുന്നത്. മുമ്പുണ്ടായിരുന്ന പാലത്തിന് ബലക്ഷയം വന്നതിനാലാണ്ട് പുതിയ പാലം നിർമ്മിച്ചത്.രണ്ടേ കാൽ കോടി രൂപയാണ് നിർമ്മാണച്ചെലവ്. അതേസമയം തിരക്ക് വർദ്ധിക്കുന്ന സാഹചര്യത്തിൽ പഴയ പാലവും പ്രയോജനപ്പെടുത്തും. നെയ്യാട്ടത്തിന് മുമ്പ് പണിപൂർത്തിയാക്കി തുറന്നുകൊടുക്കാൻ കഴിയുമെന്നാണ് ദേവസ്വം പ്രതീക്ഷിക്കുന്നത്.
അക്കരെ കൊട്ടിയൂർക്ഷേത്രത്തിന് സമീപത്തും, മന്ദംചേരിയിലും നിർമ്മിക്കുന്ന പാർക്കിംഗ് ഗ്രൗണ്ടുകളുടെ പ്രവൃത്തി അന്തിമഘട്ടത്തിലാണ്. ഉത്സവനഗരിയിൽ വിവിധയിടങ്ങളിലായി നിർമ്മിക്കുന്ന ശൗചാലയങ്ങളുടെ പ്രവൃത്തിയും അതിവേഗം പരോഗമിക്കുകയാണ്. ഭക്തർക്ക് കുറ്റമറ്റ രീതിയിലുള്ള തീർത്ഥാടന സൗകര്യം ഒരുക്കുകയാണ് ദേവസ്വം ലക്ഷ്യമിടുന്നത്.