കടലിലല്ല,​ ഓരുവെള്ളത്തിലും വളരും ഇഷ്ടമത്സ്യങ്ങൾ സർക്കാർ മനസുവച്ചാൽ തീരം സമൃദ്ധം

Friday 22 May 2026 9:47 PM IST

ഉൾനാടൻ മത്സ്യ കൃഷി പ്രയോജനപ്പെടുത്തണമെന്ന് വിദഗ്ധർ

കാസർകോട്: കടലിലെ മത്സ്യസമ്പത്തിനെ കാലാവസ്ഥാ വ്യതിയാനം ഗുരുതരമായി ബാധിച്ചതായി പഠനങ്ങൾ തെളിയിക്കുമ്പോൾ തന്നെ തീരദേശത്തെ പൊതുജലാശയങ്ങളെ പ്രയോജനപ്പെടുത്തണമെന്ന നിർദ്ദേശവും ഉയരുന്നു.

നമുക്ക് ഇഷ്ടപ്പെട്ട മത്സ്യങ്ങൾ നമ്മുടെ ജലാശയത്തിൽ തന്നെ വളർത്തിക്കൊണ്ടുവരാനുള്ള ശ്രമം നടത്തണമെന്നാണ്

മറൈൻ ബയോളജിസ്റ്റുകളും ഫിഷറീസ് വകുപ്പിലെ ഉദ്യോഗസ്ഥരും ഒന്നുപോലെ അഭിപ്രായപ്പെടുന്നത്. ഉൾനാടൻ ജലാശയങ്ങളിലെ മത്സ്യകൃഷി അത്രയ്ക്ക് പ്രോത്സാഹിപ്പിക്കേണ്ടതുണ്ടെന്നാണ് ഈ മേഖലയുമായി ബന്ധപ്പെട്ട് ജീവിക്കുന്നവരും പറയുന്നത്.

കാസർകോട് ജില്ലയിൽ വിവിധയിടങ്ങളിലായി സ്വകാര്യ മേഖലയിൽ ചെമ്മീൻ കൃഷി വളരെ വിജയപ്രദമാണ്. സംസ്ഥാന ഫിഷറീസ് വകുപ്പിന്റെയും കേന്ദ്ര ഫിഷറീസ് മന്ത്രാലയത്തിന്റെയും കീഴിൽ പ്രധാനമന്ത്രിയുടെ മത്സ്യ സംപാദ യോജനയിലൂടെ സാമ്പത്തിക സഹായവും ഇതിന് ലഭിക്കുന്നുണ്ട്.എന്നാൽ ഇവിടങ്ങളിൽ മറ്റു മത്സ്യങ്ങൾ കൂടി വളർത്തുന്നതിന് നിലവിൽ പദ്ധതികളില്ല.പൊതുജലാശയങ്ങളിൽ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കുന്ന പദ്ധതി സർക്കാർ വിപുലപ്പെടുത്തണം. ഇതിന് തീരദേശ മേഖലയാണ് ഏറെ അനുയോജ്യം. ഉപ്പ് ജലമുള്ള സ്ഥലങ്ങളിൽ മത്സ്യങ്ങൾക്ക് വളരാൻ സഹായകവുമാണ്. പദ്ധതി എളുപ്പത്തിൽ നടപ്പിലാക്കാനും കഴിയും. മത്സ്യസമ്പത്ത് കാര്യക്ഷമമാക്കാൻ ജില്ലാ പഞ്ചായത്തുകൾ വാർഷിക പദ്ധതിയിൽ ഫണ്ട് നീക്കി വെക്കണമെന്നാണ് മത്സ്യമേഖലയിൽ മുതൽമുടക്കാൻ തയ്യാറായി നിൽക്കുന്നവരുടെ ആവശ്യം. മൺസൂൺ തുടങ്ങുന്ന ജൂലായ്, ആഗസ്റ്റ് മാസങ്ങളിൽ തുടങ്ങിയാൽ ഈ പദ്ധതി ഏറെ ലാഭകരവും ഉപകാരപ്രദവുമായിരിക്കുമെന്നും അഭിപ്രായമുണ്ട്.

കയറിപോയത് 41കോടിയുടെ അലങ്കാരമത്സ്യങ്ങൾ

കേന്ദ്രസർക്കാരിന്റെ പ്രോത്സാഹനപ്രകാരം അലങ്കാര മത്സ്യങ്ങളുടെ കയറ്റുമതിയിൽ വലിയ വർദ്ധനവാണ് ഈ വർഷം ഉണ്ടായത്.41 കോടിയുടെ അലങ്കാര മത്സ്യങ്ങളാണ് 2025-26 സാമ്പത്തിക വർഷം ഇന്ത്യയിൽ നിന്ന് വിദേശത്തേക്ക് കയറ്റി അയച്ചത് .ഇതിൽ 700 ഓളം ഇനം ആഭ്യന്തര ശുദ്ധജല മത്സ്യങ്ങളാണ്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലാണ് ഇന്ത്യൻ അലങ്കാരമത്സ്യ വളർത്തൽ കേന്ദ്രങ്ങൾ കേന്ദ്രീകരിച്ചിട്ടുള്ളത്. തമിഴ്നാട്ടിലെ മധുര ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ മത്സ്യ പ്രജനന ക്ലസ്റ്ററുകൾ ഫിഷറീസ് വകുപ്പിന്റെ അംഗീകാരത്തോടെ പ്രവർത്തിക്കുന്നുണ്ട് . അടുത്ത 10 വർഷം കൊണ്ട് അലങ്കാര മത്സ്യ വിപണി മേഖലയെ കൂടുതൽ കാര്യക്ഷമമാക്കുകയെന്നതാണ് കേന്ദ്രസർക്കാരിന്റെ ലക്ഷ്യം.

.

ഓരുജല മത്സ്യകൃഷി

ഓരുജല മത്സ്യകൃഷി മേഖലയിലെ ഗവേഷണത്തിന് നേതൃത്വം നൽകുന്ന കേന്ദ്ര സർക്കാർ സ്ഥാപനമായ സെൻട്രൽ ഇൻസ്റ്റിറ്റിയുട്ട് ഓഫ് ബ്രാക്കിഷ് വാട്ടർ അക്വാ കൾച്ചർ (സിബ)​ കേരള കേന്ദ്ര സർവകലാശാലയുമായി ഈ വിഷയത്തിൽ സഹകരിക്കുന്നുണ്ട്. വടക്കൻ കേരളത്തിൽ ഓരുജല മത്സ്യകൃഷി പ്രോത്സാഹിപ്പിക്കുന്നതിന് നൂതനവും ചിലവു കുറഞ്ഞതുമായ സാങ്കേതികവിദ്യകൾ ഈ പദ്ധതി വഴി തയ്യാറാക്കും. കർഷകർക്ക് പരിശീലനം നൽകാനും ഇവർക്ക് പദ്ധതിയുണ്ട്.

ആദ്യഘട്ടത്തിൽ പരീക്ഷണാടിസ്ഥാനത്തിൽ കേന്ദ്ര സർവകലാശാലയുടെ നേതൃത്വത്തിൽ ഓരുജല മത്സ്യകൃഷി നടത്തും.