ആലക്കോട്: മലയോര മേഖലയിലെ എ ഗ്രേഡ് പഞ്ചായത്തായ ആലക്കോട് ഗ്രാമപഞ്ചായത്തിന്റെ കാര്യാലയം അരങ്ങത്താണെങ്കിലും ആലക്കോട് ടൗണിൽ 15 സെന്റ് സ്ഥലവും അവിടെ ഒരു കമ്മ്യൂണിറ്റി ഹാൾ കെട്ടിടവുമുണ്ട്. മൂന്ന് പതിറ്റാണ്ട് മുമ്പ് നിർമ്മിച്ച ഈ കെട്ടിടം കാലപ്പഴക്കംകൊണ്ടും കെടുകാര്യസ്ഥത കൊണ്ടും നാശത്തിന്റെ വക്കിലെത്തി നിൽപ്പുതുടങ്ങിയിട്ട് ഒരു പതിറ്റാണ്ട് കാലമായി. കാലാകാലങ്ങളിൽ പഞ്ചായത്ത് ഭരണം കൈയാളിയവർ ഇതിന്റെ നവീകരണത്തിനെന്നപേരിൽ പഞ്ചായത്ത് ഫണ്ടിൽ നിന്നും ചെലവഴിച്ച അനേകലക്ഷം രൂപ കടലിൽ കായം കലക്കിയ പോലെയായെന്നാണ് ജനസംസാരം.
കെട്ടിടത്തിന്റെ സീലിംഗ്, വയറിംഗ്, ഫാനുകൾ, ലൈറ്റുകൾ തുടങ്ങിയവയൊക്കെ വർഷങ്ങൾക്കുമുമ്പുതന്നെ നശിച്ചു. എങ്കിലും പഞ്ചായത്ത് തലത്തിൽ സംഘടിപ്പിക്കുന്ന വിവിധ പരിപാടികൾക്ക് ഈ ഹാൾ തന്നെയാണ് ഇപ്പോഴും ഉപയോഗിക്കുന്നത്. കുടിവെള്ളമോ പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റാനുള്ള സൗകര്യമോ ഇവിടെ ഏർപ്പെടുത്തുവാൻ ബന്ധപ്പെട്ടവർക്ക് യാതൊരു താൽപര്യവുമില്ലാത്തതിനാൽ ഈ കെട്ടിടം വാടകയ്ക്ക് ആരും എടുക്കാറുമില്ല. പഞ്ചായത്ത് ബസ് സ്റ്റാൻഡ്, മത്സ്യ മാർക്കറ്റ് തുടങ്ങിയവയുടെ ഗതികേട് കമ്മ്യൂണിറ്റി ഹാളിനുമുണ്ടാകുമോയെന്നാണ് നാട്ടുകാരുടെ സംശയം.
പുതിയ പ്രൊജക്ടും പൊടിപിടിച്ചു
കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതിയുടെ കാലത്ത് നിലവിലുള്ള കെട്ടിടം പൊളിച്ചുനീക്കി ആധുനിക സൗകര്യങ്ങളോടെ പുതിയ കോംപ്ലക്സ് നിർമ്മിക്കുന്നതിനുള്ള നീക്കങ്ങൾ നടത്തുകയും രണ്ടുകോടി രൂപ ചെലവുവരുന്ന പ്രൊജക്ട് സർക്കാരിന്റെ പരിഗണനക്ക് അയയ്ക്കുകയുമുണ്ടായി. എന്നാൽ രണ്ടു വർഷം പിന്നിട്ടിട്ടും പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിനെ സംബന്ധിച്ച യാതൊരു നടപടികളും ഉണ്ടായിട്ടില്ല. ആധുനിക സൗകര്യങ്ങളോടെ പുതിയ കമ്മ്യൂണിറ്റി ഹാൾ നിർമ്മിക്കുകയാണെങ്കിൽ വാടകയിനത്തിൽ നല്ലൊരു തുക പഞ്ചായത്തിന് വരുമാനം ലഭിക്കുകയും ചെയ്യും. എന്നാൽ കെട്ടിട നിർമ്മാണത്തിനുള്ള നടപടികൾ വൈകുന്തോറും നിലവിലുള്ള കെട്ടിടം കാടുകയറി നശിക്കുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |