തൃക്കരിപ്പൂർ: പൂരക്കളിയും മറുത്തുകളിയും പൂവിടലുമടക്കമുള്ള വടക്കിന്റെ വസന്തോത്സവത്തിന് നാളെ പൂരംകുളിയോടെ സമാപനം. മീന മാസത്തിലെ കാർത്തികയിൽ തുടക്കം കുറിച്ച് പൂരം വരെയുള്ള ഒമ്പത് നാളുകളിലായുള്ള പൂരോത്സവത്തിനാണ് ഇതോടെ സമാപനമാകുന്നത്.
ക്ഷേത്രങ്ങളിലും ദേവസ്ഥാനങ്ങളിലും തറവാടുകളിലുമടക്കം വ്രതശുദ്ധിയോടെ കന്യകമാരുടെ പൂവിട്ട് പൂജയടക്കമുള്ള അനുഷ്ഠാന ചടങ്ങുകൾക്ക് ശേഷം കാമനെ യാത്രയയക്കുന്ന ചടങ്ങും നാളെ നടക്കും. അഞ്ച്, ഏഴ്, ഒൻപത് എന്നിങ്ങനെ നാളുകളായി വ്യത്യസ്തമായാണ് ഓരോ ക്ഷേത്രങ്ങളിലും പൂരോത്സവം നടക്കുന്നതെങ്കിലും പിലിക്കോട് രയരമംഗലം ക്ഷേത്രത്തിലും ചെറുവത്തൂർ വീരഭദ്ര ക്ഷേത്രത്തിലും ഒരു മാസക്കാലമാണ് പൂരക്കാലം.
ക്ഷേത്രം പരിധിയിലെ വിവിധ ക്ഷേത്രങ്ങളിൽ പൂരംകുളിയുടെ അനുഷ്ഠാനപരമായ ചടങ്ങുകളെല്ലാം കഴിഞ്ഞ ശേഷം രാത്രി പത്തുമണിയോടെയാണ് രയരമംഗലത്ത് പൂരംകുളിയുടെ ഏച്ചികുളങ്ങര ആറാട്ടിന്റെ ചടങ്ങുകൾ ആരംഭിക്കുക. കരക്കക്കാവ് വടക്കെ നടയിൽ തീക്കുഴിച്ചാലിൽ രയരമംഗലത്തു ഭഗവതിയും മുച്ചിലോട്ട് ഭഗവതിയും നേർമുഖം കണ്ട് തുടർന്ന് കരക്കക്കാവ്, മാപ്പിട്ടച്ചേരി, വേങ്ങാക്കോട്, കൂർമ്പക്കാവ് എന്നീ ഭഗവതിമാരും ആറാട്ടെഴുന്നള്ളത്തിനോടൊപ്പം അനുഗമിച്ച് ഏച്ചികുളങ്ങര ശ്രീ നാരായണ ക്ഷേത്രത്തിലെത്തുന്നു. അവിടത്തെ തിടമ്പുനൃത്തത്തിന് ശേഷം ഏച്ചികുളത്തിൽ പൂരംകുളിച്ച് മടക്കം എഴുന്നള്ളത്ത്. ശേഷം കൊട്ടുമ്പുറം സേവ. രയരമംഗലത്ത് തിടമ്പുനൃത്തം കഴിഞ്ഞ് രാവിലെ ഉത്രവിളക്കോടുകൂടി രയരമംഗലത്തെ പൂരോത്സവത്തിന് സമാപനമാകും.
ചെറുവത്തൂർ ശ്രീ വീരഭദ്ര ക്ഷേത്രത്തിലെ പ്രസിദ്ധമായ വയലിൽ ആറാട്ട് വെള്ളിയാഴ്ചയാണ് നടക്കുക. ശ്രീരാമവില്യം കഴകം, നിലമംഗലം കഴകം, കരക്കക്കാവ് ഭഗവതി ക്ഷേത്രം, ചന്തേര ചെമ്പിലോട്ട് ഭഗവതി ക്ഷേത്രം, കൊയോങ്കര പൂമാല ഭഗവതി ക്ഷേത്രം തുടങ്ങിയവിടങ്ങളിൽ ക്ഷേത്ര കിണറിലെ വെള്ളമെടുത്താണ് പൂരംകുളി ചടങ്ങ്. കൊയോങ്കര പയ്യക്കാൽ ഭഗവതി ക്ഷേത്രത്തിലെ പൂരംകുളി കുണിയൻ പുഴയിലെ പൂരകടവത്തും കൂർമ്മക്കാവിലെ പൂരംകുളി പാടിപ്പുഴയിലെ കടവിലുമാണ് നടക്കുക.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |