കൊല്ലം: യൂത്ത് കോൺഗ്രസ് പ്രവർത്തകരെ വധിക്കാൻ ശ്രമിച്ച കേസിൽ അറസ്റ്റിലായ ഡി.വൈ.എഫ്.ഐ പ്രവർത്തകരായ ബിലാൽ, സൈനുദീൻ എന്നിവരുടെ ജാമ്യാപേക്ഷ കോടതി തള്ളി.
അതേസമയം, ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി വിഷ്ണു സുനിൽ പന്തളത്തിന് ഹൈക്കോടി നിദേശ പ്രകാരം പൊലീസ് സംരക്ഷണം ഏർപ്പെടുത്തി. പൊലീസ് കാട്ടിയ നിഷ്ക്രിയത്വം അന്വേഷിച്ച് കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ഫൈസൽ കുളപ്പാടം ഡി.ജി.പിക്ക് പരാതി നൽകി.
വധശ്രമ കേസിലെ രണ്ടാം പ്രതിയായ ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറിക്ക് ചിന്തയുടെ ഇടപെടലിനെ തുടർന്ന് പൊലീസ് ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷ ഒരുക്കിനൽകുകയാണെന്ന് ഫൈസൽ കുളപ്പാടം കുറ്റപ്പെടുത്തി. പ്രതി പരസ്യമായി പൊതുപരിപാടികളിലും കോടതി വളപ്പിലും എത്തിയിട്ടും പൊലീസ് കേസെടുക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ക്രിമിനലുകളെ വളർത്തുന്നത് പൊലീസ്: യു.ഡി.എഫ്
നഗരത്തിൽ ക്രിമിനൽ - ഗുണ്ടാ സംഘങ്ങളെ വളർത്തുന്നത് പൊലീസ് കമ്മിഷണർ ഓഫീസിൽ പറ്റിക്കൂടിയ സി.പി.എം ബന്ധമുള്ള ചില ഉദ്യോഗസ്ഥരാണെന്ന് യു.ഡി.എഫ് ആരോപിച്ചു. ഇതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് യൂത്ത് കോൺഗ്രസ് നേതാവ് വിഷ്ണു സുനിൽ പന്തളം അടക്കമുള്ളവരെ ആക്രമിക്കാൻ ഡി.വൈ.എഫ്.ഐ ഗുണ്ടകളെ പൊലീസ് വിളിച്ചുവരുത്തിയത്.
അറസ്റ്റ് വൈകിയാൽ ശക്തമായ സമരം ആരംഭിക്കുമെന്ന് കൊല്ലം നിയോജകമണ്ഡലം ചെയർമാൻ പി.ആർ.പ്രതാപചന്ദ്രനും കൺവീനർ അഡ്വ.രത്നകുമാറും അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |