കൊല്ലം: ആശ്രാമം ഇ.എസ്.ഐ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിൽ രണ്ടാഴ്ചയ്ക്കുള്ളിൽ കരാർ വ്യവസ്ഥയിൽ പുതിയ ന്യൂറോളജിസ്റ്റും കാർഡിയോളജിസ്റ്റുമെത്തും. രണ്ട് സ്പെഷ്യലിസ്റ്റുകളെ നിയമിക്കാനുള്ള അഭിമുഖം അടുത്തമാസം 11ന് നടക്കും. ന്യൂറോളജിസ്റ്റും കാർഡിയോളജിസ്റ്റും ജോലി ഉപേക്ഷിച്ച് ഒരു മാസത്തിലേറെയായിട്ടും പകരം നിയമനം നടത്താത്ത് ചൂണ്ടിക്കാട്ടി കേരളകൗമുദി വാർത്ത പ്രസിദ്ധീകരിച്ചതിനെ തുടർന്നാണ് നടപടികൾ വേഗത്തിലായത്.
അഭിമുഖം നടന്നതിന് ശേഷം തൊട്ടടുത്ത ദിവസം റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും. അതിന് പിന്നാലെ നിയമനം നടക്കും. നിലവിൽ സ്വകാര്യ ആശുപത്രിയിൽ പ്രാക്ടീസ് ചെയ്യുന്നവരെ ലഭിക്കാനേ സാദ്ധ്യതയുള്ളു. അതുകൊണ്ട് തന്നെ ഇവർ മുന്നോട്ടുവയ്ക്കുന്ന സമയക്രമം അനുസരിച്ച് ഇ.എസ്.ഐയിലെ രണ്ട് ഒ.പികളുടെയും സമയക്രമം പുനർനിശ്ചയിക്കാൻ സാദ്ധ്യതയുണ്ട്. ആശുപത്രി അധികൃതരുമായുള്ള അഭിപ്രായ ഭിന്നതയെ തുടർന്നാണ് നേരത്തേ ഉണ്ടായിരുന്ന രണ്ട് സ്പെഷ്യലിസ്റ്റുകൾ ജോലി ഉപേക്ഷിച്ചത്.
സ്ഥിരം ഡോക്ടർമാർ ഇല്ലാത്തതിന് പുറമേ താത്കാലികാടിസ്ഥാനത്തിൽ നിയമിക്കുന്നവരും പെട്ടെന്ന് കൊഴിഞ്ഞു പോകുന്നതിനാൽ കാർഡിയോളജി, ന്യൂറോളജി വിഭാഗങ്ങളിൽ അത്യാധുനിക ഉപകരണങ്ങളും വാങ്ങാനാകുന്നില്ല.
7 സൂപ്പർ സ്പെഷ്യാലിറ്റികളിൽ
സ്ഥിരം ഡോക്ടർമാരില്ല
ഏഴ് സൂപ്പർ സ്പെഷ്യാലിറ്റികളാണ് ആശ്രാമം ഇ.എസ്.ഐ ആശുപത്രിയിലുള്ളത്
ഒന്നിലും സ്ഥിരം ഡോക്ടർമാരില്ല
എല്ലാ സൂപ്പർ സ്പെഷ്യാലിറ്റികളിലും പാർട്ട് ടൈം, കരാർ വ്യവസ്ഥകളിലാണ് നിയമനം
അതിനാൽ എല്ലാ ദിവസും ഡോക്ടർമാരുടെ സേവനം ലഭിക്കില്ല
സ്വകാര്യ ആശുപത്രികളിലും ഈ ഡോക്ടർമാരുടെ സേവനം ആഴ്ചയിൽ മൂന്നും നാലും ദിവസം
എൻഡോക്രൈനോളജിസ്റ്റിനെ താത്കാലികാടിസ്ഥാനത്തിലും നിയമിച്ചിട്ടില്ല
സ്ഥിരം ഡോക്ടർമാരില്ലാത്ത സൂപ്പർ സ്പെഷ്യാലിറ്റികൾ
എൻഡോക്രൈനോളജി
യൂറോളജി
ന്യൂറോളജി
കാർഡിയോളജി
നെഫ്രോളജി
ഓങ്കോളജി
ഗ്യാസ്ട്രോ എൻട്രോളജി
ഇ.എസ്.ഐ കോർപ്പറേഷൻ സ്ഥിരം നിയമനത്തിന് വിജ്ഞാപനം പുറപ്പെടുവിച്ചിട്ടും ആരും അപേക്ഷിക്കുന്നില്ല.
ഇ.എസ്.ഐ അധികൃതർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |