കൊല്ലം: അനിശ്ചിതത്വത്തിനൊടുവിൽ പെരുമൺ ജങ്കാർ സർവീസ് ഇന്ന് മുതൽ പുനരാരംഭിക്കും. പെരുമണിൽ നിന്ന് പേഴുംതുരുത്ത് പഴയ കടവിലേക്കാണ് സർവീസ്. ജലനിരപ്പ് കുറയുന്ന സമയങ്ങളിൽ പട്ടംതുരുത്ത് കടവിൽ ജങ്കാർ അടുപ്പിക്കാൻ കഴിയാത്തതിനെ തുടർന്ന് ദിവസങ്ങൾക്ക് മുമ്പാണ് സർവീസ് നീറുത്തിവച്ചത്.
ഈ സാഹചര്യത്തിലാണ് കെ.ആർ.എഫ്.ബിയുടെ അനുമതിയോടെ പഴയ സർവീസ് പുനരാരംഭിക്കാൻ തീരുമാനിച്ചത്. ചേർത്തലയിൽ എരമല്ലൂർ-കുടപുറം സർവീസ് നടത്തിക്കൊണ്ടിരുന്ന ജങ്കാറാണ് നിലവിൽ ഇവിടെ സർവീസ് നടത്തുന്നത്. ഇതിൽ ഒരേസമയം 25 യാത്രക്കാർക്ക് പുറമേ 20 ഇരുചക്രവാഹനങ്ങളും നാല് കാറുകളും മൂന്ന് ഓട്ടോറിക്ഷകളും കയറ്റാം.
പട്ടംതുരുത്തിലേക്ക് സർവീസ് നടത്തിയിരുന്ന സമയത്ത് ഇന്ധന ചെലവ് കണക്കിലെടുത്ത് നേരത്തെയുള്ള നിരക്കിൽ നിന്ന് ഒരു രൂപ കൂടി യാത്രക്കൂലി വർദ്ധിപ്പിച്ചിരുന്നു. സർവീസുകൾ നഷ്ടത്തിലായതിനാൽ പുതുക്കിയ യാത്രാക്കൂലിയാകും യാത്രക്കാരിൽ നിന്ന് ഈടാക്കുക. കായലിൽ ജലനിരപ്പ് കുറഞ്ഞതോടെ ജങ്കാറിന്റെ അടിഭാഗം മണ്ണിലുറയ്ക്കാനുള്ള സാദ്ധ്യത നിലവിലുണ്ട്. ഇതേ തുടർന്നാണ് തിടുക്കത്തിൽ പേഴുംതുരുത്തിലേക്ക് സർവീസ് മാറ്റുന്നത്. ഏപ്രിൽ ആദ്യവാരം ജലനിരപ്പ് കുറഞ്ഞതിനെ തുടർന്ന് ഒരാഴ്ചയോളം സർവീസ് നിറുത്തിവയ്‌ക്കേണ്ട സാഹചര്യമുണ്ടായിരുന്നു.
ജങ്കാർ സർവീസ്
ആരംഭിച്ചത്: 2011ൽ
നിലവിലെ ട്രിപ്പുകൾ: 54
സർവീസ്: രാവിലെ 7 മുതൽ രാത്രി 8.30 വരെ
സർവീസ് റോഡ് നിർമ്മാണവുമായി ബന്ധപ്പെട്ടാണ് ജങ്കാർ സർവീസ് പട്ടംതുരുത്തിലേക്ക് മാറ്റിയത്. അവിടെ പരിമിതികളേറെയുണ്ട്. സർവീസ് റോഡ് നിർമ്മാണം ഏകദേശം പൂർത്തിയാകാറായതിനാൽ ഇന്ന് മുതൽ പേഴുംതുരത്തിലേക്കുള്ള സർവീസ് ആരംഭിക്കും.
ഡോ.കെ.രാജശേഖരൻ,
പനയം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |