കൊല്ലം: ഒരുവർഷത്തിന് ശേഷം ലഭിച്ച മണ്ണെണ്ണ വിതരണം ആരംഭിച്ച് രണ്ടാഴ്ച പിന്നിട്ടിട്ടും കൊല്ലം, കരുനാഗപ്പള്ളി താലൂക്കുകളിൽ ലഭിച്ചത് വിരലിലെണ്ണാവുന്നവർക്ക് മാത്രം. കൊല്ലം, കൊട്ടാരക്കര, കരുനാഗപ്പള്ളി താലൂക്കുകളിൽ മണ്ണെണ്ണ വിതരണത്തിന് ഒരു ഡീലർ മാത്രമാണുള്ളത്. കൊട്ടാരക്കരയിലെ അഞ്ഞൂറോളം കടകൾക്ക് ഇതിനോടകം മണ്ണെണ്ണ ലഭിച്ചെങ്കിലും കൊല്ലം താലൂക്കിൽ രണ്ടും കരുനാഗപ്പള്ളിയിലെ 12 ഉം കടകൾക്ക് മാത്രമാണ് ഇതുവരെ മണ്ണെണ്ണ ലഭിച്ചത്.
കൊല്ലം, കരുനാഗപ്പള്ളി താലൂക്കുകളിൽ മണ്ണെണ്ണ വിതരണം ആരംഭിക്കണമെന്ന് ഇവിടങ്ങളിലെ താലൂക്ക് സപ്ലൈ ഓഫീസർമാർ ഡീലറോട് നിരന്തരം ആവശ്യപ്പെടുന്നുണ്ട്. എന്നാൽ കൊട്ടാരക്കരയിൽ ആദ്യം പൂർത്തിയാക്കണമെന്ന നിലപാടിലാണ് അവിടുത്തെ ടി.എസ്.ഒ. അതുകൊണ്ട് തന്നെ കൊല്ലം, കരുനാഗപ്പള്ളി താലൂക്കുകളിൽ മണ്ണെണ്ണ പ്രതീക്ഷിച്ചെത്തുന്നവർ കഴിഞ്ഞ രണ്ടാഴ്ചയായി നിരാശരായി മടങ്ങുകയാണ്. മണ്ണെണ്ണ എത്തിയില്ലെന്ന റേഷൻകടക്കാരുടെ മറുപടി വിശ്വസിക്കാതെ പലയിടങ്ങളിലും തർക്കവും നടക്കുന്നുണ്ട്.
മണ്ണെണ്ണ ഹോൾസെയിൽ ഡീലറുടെ ഡിപ്പോയിൽ നിന്ന് എടുക്കുന്നതിനുള്ള ഗതാഗത ചെലവ് സഹിതം ഒരു ലിറ്ററിന് ആറ് രൂപയെ റേഷൻകടക്കാർക്ക് കമ്മിഷനുള്ളു. കൊല്ലം, കരുനാഗപ്പള്ളി താലൂക്കുകളിലെ റേഷൻകടക്കാർക്ക് ഡീലറുടെ കൊട്ടാരക്കരയിലുള്ള ഡിപ്പോയിൽ പോയി മണ്ണെണ്ണയെടുക്കുന്നതിന് കിട്ടുന്ന കമ്മിഷനേക്കാൾ കൂടുതൽ തുക ചെലവാകും. അതുകൊണ്ട് ഹോൾസെയിൽ ഡീലർ തന്നെ നിശ്ചിത തുക ഗതാഗത ചെലവ് വാങ്ങി റേഷൻകടകളിൽ മണ്ണെണ്ണ എത്തിച്ച് നൽകാനാണ് ഇപ്പോഴത്തെ ധാരണ.
വിതരണത്തിന് ഒരു ഡീലർ
മണ്ണെണ്ണ വിതരണം നിലച്ചിട്ട് ഒന്നേകാൽ വർഷം
നേരത്തെ ഓരോ താലൂക്കിലും രണ്ടും മൂന്നും ഡീലർമാർ
വിതരണം നിലച്ചതോടെ ഡീലർമാർ ലൈസൻസ് പുതുക്കിയില്ല
മണ്ണെണ്ണ എത്തിക്കുന്ന ടാങ്കർ ലോറികളും വിറ്റു
ഇപ്പോൾ മൂന്ന് ഡീലർമാർ മാത്രം
കൂടുതൽ സംഭരണ ശേഷി ഒരു ഡീലർക്ക് മാത്രം
എ.എ.വൈ കാർഡുകാർക്ക്- 1 ലിറ്റർ
മറ്റ് വിഭാഗക്കാർക്ക് 1/2 ലിറ്റർ
ലിറ്ററിന് ₹ 65
ജില്ലയിലെ റേഷൻ കാർഡുകൾ-797045
എ.എ.വൈ കാർഡുകൾ-7543
കരുനാഗപ്പള്ളി താലൂക്കിലെ മണ്ണെണ്ണ വിതരണം ഇന്ന് കൂടുതൽ വേഗത്തിലാകും. തൊട്ടുപിന്നാലെ കൊല്ലം താലൂക്കിലും വേഗതപ്രാപിക്കും.
ജി.എസ്.ഗോപകുമാർ,
ജില്ലാ സപ്ലൈ ഓഫീസർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |