കൊല്ലം: കൊല്ലം നഗരത്തിന്റെ ഹൃദയഭാഗമെന്നു വിശേഷിപ്പിക്കാവുന്ന പീരങ്കി മൈതാനം മാലിന്യ നിക്ഷേപ കേന്ദ്രമായിട്ടും നടപടിയില്ല. നിരവധി കുട്ടികൾ കായിക പരിശീലനത്തിന് എത്തുന്ന മൈതാനത്തിനാണ് ഈ ദുർവിധി. തെരുവുനായ ശല്യം രൂക്ഷമായ ഇവിടെ മാലിന്യ നിക്ഷേപം വർദ്ധിച്ചതോടെ നായ്ക്കളുടെ എണ്ണവും കൂടി. കാൽനട യാത്രക്കാർ ഉൾപ്പടെയുള്ളവർ ഭീതിയോടെയാണ് ഇതുവഴി കടന്നു പോകുന്നത്.
മാലിന്യം ശേഖരിക്കുന്ന, കോർപ്പറേഷൻ വാഹനങ്ങൾ ഇവിടെയാണ് ഇപ്പോൾ പാർക്ക് ചെയ്യുന്നത്. നേരത്തെ ബീച്ചിനോട് ചേർന്നുള്ള ചിൽഡ്രൻസ് പാർക്കിന് സമീപത്തായി കൊല്ലം തൊടിനടുത്താണ് ഇവയുടെ പാർക്കിംഗും മാലിന്യം വേർതിരിക്കലും നടന്നിരുന്നത്.
എന്നാൽ നാട്ടുകാരുടെ ശക്തമായ പ്രതിഷേധത്തെ തുടർന്ന് അവിടെ നിന്നു മാറ്റുകയായിരുന്നു. അറവുമാലിന്യങ്ങൾ ഉൾപ്പടെയുള്ളവ നിലവിൽ പീരങ്കി മൈതാനത്താണ് കൈകാര്യം ചെയ്യുന്നത്. ഇതിൽ നിന്നുള്ള രൂക്ഷമായ ദുർഗന്ധം സഹിച്ചാണ്, സ്റ്റേഡിയത്തിലെ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിലെ ജീവനക്കാർ ജോലി ചെയ്യുന്നത്. വാഹനങ്ങളിൽ നിന്ന് ഒഴുകുന്ന ചോരകലർന്ന അഴുക്കു വെള്ളം പരിശീലനത്തിന് എത്തുന്ന കുട്ടികൾക്കുൾപ്പെടെ വലിയ ആരോഗ്യ പ്രശ്നങ്ങളാണ് സൃഷ്ടിക്കുന്നത്. ഇതിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് രക്ഷിതാക്കൾ രംഗത്തുണ്ടെങ്കിലും അധികൃതർ അനങ്ങുന്നില്ല.
ചരിത്രമുള്ള മണ്ണ്
കേരളത്തിന്റെ ചരിത്രത്തിൽ നിറഞ്ഞു നിൽക്കുന്ന സ്ഥാനമാണ് പീരങ്കി മൈതാനത്തിനുള്ളത്. 1809 ജനുവരി 15ന് ദിവാൻ വേലുത്തമ്പി ദളവ നേതൃത്വം നൽകിയ തിരുവിതാംകൂർ സൈന്യവും കേണൽ ചാമേഴ്സിന്റെ നേതൃത്വത്തിലുള്ള ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയും തമ്മിൽ നടന്ന കൊല്ലം യുദ്ധം, 1915ലെ കല്ലുമാല സമരത്തിന്റെ സമാപനം, 1938ലെ ചിങ്ങം 17 വിപ്ലവം തുടങ്ങി ഒട്ടേറെചരിത്ര പ്രസിദ്ധമായ സംഭവങ്ങൾക്ക് സാക്ഷിയാണ് പീരങ്കി മൈതാനം. 1927ൽ മഹാത്മാഗാന്ധി ജനങ്ങളെ അഭിസംബോധന ചെയ്തതും ഇവിടെയാണ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |