
കൊല്ലം: പുനലൂർ നഗരസഭയിലെ 'പവർ ഹൗസ്' വാർഡ് ഇത്തവണ ചരിത്ര പോരാട്ടത്തിനാണ് സാക്ഷ്യം വഹിക്കുന്നത്. വാർഡിന്റെ പേരുപോലെതന്നെ തീവ്രമായ ഒരു 'പവർ' പോരാട്ടം!. വിപ്ളവ നായികയുടെ പേര് പേറുന്ന ഝാൻസി റാണിയാണ് (26) ബി.ജെ.പി സ്ഥാനാർത്ഥി.
പേരിലെ പ്രത്യേകത മാത്രമല്ല, ഈ മത്സരത്തിന് ഒട്ടേറെ പ്രത്യേകതകളുണ്ട്. 15 വർഷം മുമ്പ് അമ്മയുടെ വിജയ സ്വപ്നം തകർത്തവരോടുള്ള മകളുടെ രാഷ്ട്രീയ 'പ്രതികാര' പോരാട്ടമാണിത്. പവർ ഹൗസ് വാർഡിന്റെ തിരഞ്ഞെടുപ്പ് സവിശേഷമാക്കുന്നതും ഈ രാഷ്ട്രീയ നാടകീയതയാണ്. 'മായാ വി' എന്ന പേര് കേരളം ചർച്ച ചെയ്യപ്പെട്ടതുപോലെയാണ് ഇപ്പോൾ ഝാൻസി റാണിയും.
പുനലൂർ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് സമീപം എം.എൽ.എ റോഡരികിലുള്ള മേലേപ്പറമ്പിൽ വീട്ടിൽ പരേതനായ പി.സുരേന്ദ്രപ്രസാദിന്റെയും (ശിവജിപ്രസാദ്) സിന്ധുവിന്റെയും നാല് മക്കളിൽ മൂന്നാമത്തെയാളാണ് ഝാൻസി റാണി. മൂത്തയാൾക്ക് ഛത്രപതി ശിവജിയെന്നും രണ്ടാമത്തെയാൾക്ക് റാണാ പ്രതാപെന്നും നാലാമത്തെയാൾക്ക് രാവൺ സിംഗ് എന്നുമാണ് കടുത്ത സംഘപ്രവർത്തകനായ സുരേന്ദ്രപ്രസാദ് പേരിട്ടത്.
2005ൽ സുരേന്ദ്രപ്രസാദിന്റെ ഭാര്യ സിന്ധു ബി.ജെ.പി സ്ഥാനാർത്ഥിയായി ഇതേ വാഡിൽ മത്സരിച്ചിരുന്നു. അന്ന് എതിർ സ്ഥാനാർത്ഥിയായിരുന്ന ജയപ്രകാശ് ഇപ്പോൾ ഝാൻസി റാണിക്കെതിരെ യു.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്നു. സിന്ധുവിനെയും ജയപ്രകാശിനെയും തോൽപ്പിച്ചത് ഇടത് മുന്നണിയുടെ രാധാകൃഷ്ണനാണ്. അദ്ദേഹത്തിന്റെ മകൻ രാഹുൽ രാധാകൃഷ്ണനാണ് ഇപ്പോൾ ഇടത് മുന്നണി സ്ഥാനാർത്ഥി.
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഝാൻസി റാണി ഇരുപത്തൊന്നാം വയസിൽ കന്നിയങ്കത്തിനിറങ്ങിയിരുന്നു. അന്ന് 200 വോട്ട് മാത്രമേ നേടാനായുള്ളു. അഞ്ച് വർഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും അങ്കത്തിനിറങ്ങിയപ്പോൾ പ്രതീക്ഷകൾ ഏറെയുണ്ട്. ബിരുദവും ഡിപ്ളോമയും കഴിഞ്ഞ് അക്കൗണ്ടന്റ് ട്രെയിനിയായി ജോലി ചെയ്തുവരുമ്പോഴാണ് ഝാൻസി റാണിക്ക് മത്സരിക്കാനുള്ള നിയോഗം. അവിവാഹിതയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |