കൊല്ലം: മത്സരത്തിനിടെ കെ.എസ്.ആർ.ടി.സി, സ്വകാര്യ ബസുകൾ നടുറോഡിൽ നിറുത്തുന്നതിനാൽ അപകടസാദ്ധ്യത ഏറിയിട്ടും അധികൃതർ അനങ്ങുന്നില്ല. നഗരത്തിൽ ഉൾപ്പെടെ ഗതാഗത കുരുക്കും രൂക്ഷമാകുന്നു.
സ്റ്റോപ്പിൽ ഒതുക്കി നിറുത്താതെ ആളുകളെ കയറ്റാനും ഇറക്കാനുമായി സമയം ഏറെ എടുക്കുന്നതിനാൽ പിന്നാലെയും എതിരെയും വരുന്ന വാഹനങ്ങൾക്ക് ഒരുതരത്തിലും സുഗമമായി പോകാൻ കഴിയാത്ത അവസ്ഥയാണ് പലേടത്തും. സ്വകാര്യ ബസുകൾ തമ്മിലും സ്വകാര്യബസും കെ.എസ്.ആർ.ടി.സിയും തമ്മിലുള്ള മത്സരയോട്ടവും റോഡിന് നടുക്കുള്ള നിറുത്തലിന് കാരണമാണ്. ശങ്കേഴ്സ് ജംഗ്ഷൻ, കെ.എസ്.ആർ.ടി.സി ജംഗ്ഷൻ, പാർവ്വതി മിൽ, കേരളപുരം, കൊട്ടാരക്കര ആശുപത്രി ജംഗ്ഷൻ തുടങ്ങി ജില്ലയിലെ തിരക്കേറിയ ജംഗ്ഷനുകളിലെല്ലാം ഇത്തരത്തിൽ ബസുകൾ നിറുത്തുന്നത് പതിവ് കാഴ്ചയാണ്.
രാവിലെയും വൈകിട്ടുമാണ് ദുരിതമേറുന്നത്. ബസുകൾ സ്റ്റോപ്പുകളിൽ ഒതുക്കി നിറുത്തിയാൽ പിന്നിലെ വാഹനങ്ങൾ മറികടക്കും. അത് തടയാനാണ് നടുറോഡിൽ നിറുത്തി യാത്രക്കാരെ കയറ്റുന്നതും ഇറക്കുന്നതും. തീരെ സമയമില്ലെന്നാണ് സ്വകാര്യ ബസുകാരുടെ ന്യായീകരണം. ബസുകൾ നടുറോഡിൽ നിറുത്തുമ്പോൾ ഓടിക്കയറേണ്ട അവസ്ഥയാണെന്നും യാത്രക്കാർ പറയുന്നു.
റോഡിലിറങ്ങി നടക്കണം
തിരക്കേറിയ ഈ ഭാഗങ്ങളിൽ പലയിടങ്ങളിലും ഫുട്പാത്ത് ഇല്ലാത്തതിനാൽ കാൽനട യാത്രയും ദുഷ്കരമാണ്. കാൽനട യാത്രക്കാർ റോഡിലേക്കു കയറി നടക്കേണ്ട അവസ്ഥയുമുണ്ട്. സ്റ്റോപ്പിൽ ബസ് നിറുത്തി ആളെ കയറ്റുന്ന വിധത്തിൽ ബാരിക്കേഡ് വച്ചു തിരിച്ചാൽ ഒരു പരിധി വരെ പ്രശ്നം പരിഹരിക്കാം. എന്നാൽ ഇങ്ങനെയൊരു നീക്കത്തിന് അധികൃതർ മെനക്കെടുന്നില്ല.
പരിശോധ കുറവ്
ബസ് സ്റ്റോപ്പുകൾ ദൂരെയാകുമ്പോൾ യാത്രക്കാരുടെ സൗകര്യാർത്ഥമാണ് ബസുകൾ മാറ്റി നിറുത്തുന്നതെന്ന് ജീവനക്കാർ വാദിക്കുന്നു. നടപടി എടുക്കുമെന്ന് മോട്ടോർ വാഹന വകുപ്പ് അധികൃതർ പറയുന്നുണ്ടെങ്കിലും ഒന്നുമുണ്ടാവുന്നില്ല.
നടുറോഡിൽ നിറുത്തുന്നതിനെതിരെ കർശനമായ നിയമനടപടികൾ ഉണ്ടാകാത്തതിനാൽ ബസുകള്‍ യാത്രക്കാരെ കയറ്റുന്നതും ഇറക്കുന്നതും ഇപ്പോഴും നടുറോഡില്‍ തന്നെയാണ്. എന്നാൽ ശ്രദ്ധയിൽപ്പെടുന്നവയ്ക്ക് പിഴ ഉൾപ്പെടെ ഇടാക്കാറുണ്ടെന്നാണ് എം.വി.ഡി അധികൃതർ പറയുന്നത്. നടുറോഡിൽ നിർത്തുന്ന ഡ്രൈവർമാർക്ക് കനത്ത പിഴ ചുമത്തണമെന്നാണ് യാത്രക്കാർ ആവശ്യപ്പെടുന്നത്.
പരാതി അറിയിക്കാം
ബസുകൾ ഉൾപ്പെടെ റോഡിന് നടുവിൽ നിറുത്തിയാലോ അമിതവേഗത്തിലാണെങ്കിലോ മത്സരഓട്ടം നടത്തിയാലോ എൻഫോഴ്സ്‌മെന്റ് ആർ.ടി.ഒയുടെ 9188961002 നമ്പറിൽ അറിയിക്കാം.
ഭീതിയോടെയാണ് ബസുകളിൽ കയറിയിറങ്ങുന്നത്. വിഷയം പൊതുജനങ്ങളുടെ സുരക്ഷയുമായി ബന്ധപ്പെട്ടതിനാൽ, അധികൃതർ നടപടി എടുക്കണം
രാധ ഓമനക്കുട്ടൻ, യാത്രക്കാരി
.......................................
റോഡിന്റെ നടുക്ക് നിറുത്തുന്നതിന് പിഴ ഇടാക്കാറുണ്ട്. മത്സരയോട്ടം നടത്തിയാൽ ലൈസൻസ് ഉൾപ്പെടെ സസ്പെൻഡ് ചെയ്യുന്ന കടുത്ത നടപടികളിലേക്ക് കടക്കും
മോട്ടോർവാഹന വകുപ്പ് അധികൃതർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |