ആറുവരിപ്പാതയിൽ ചീറിപ്പാഞ്ഞ് അപകടങ്ങൾ പെരുകുന്നു

Thursday 07 May 2026 12:57 AM IST

കൊല്ലം: ദേശീയപാത 66ന്റെ അറുവരി നിർമ്മാണം അന്തിമഘട്ടത്തിലെത്തിയതോടെ വാഹനങ്ങൾ അമിത വേഗത്തിൽ ചിറിപ്പായുന്നത് അപകടങ്ങൾ ഉയർത്തുന്നു. കഴിഞ്ഞ ദിവസം രാത്രി അമിത വേഗത്തിൽ സഞ്ചരിച്ച രണ്ട് കാറുകൾ വാഴപ്പള്ളിയിൽ അപകടം സൃഷ്ടിച്ചു.

അമിതവേഗത്തിൽ തിരുവനന്തപുരം ഭാഗത്ത് നിന്ന് വന്ന കാർ വാഴപ്പള്ളിയിൽ റോഡിന് കുറുകെ സ്ഥാപിച്ചിരുന്ന കോൺക്രീറ്റ് ബാരിക്കേഡിൽ ഇടിച്ചുകയറി. തൊട്ടുപിന്നാലെ ചീറിപ്പാഞ്ഞെത്തിയ തമിഴ്നാട്ടിൽ നിന്നുള്ള കാർ ആദ്യ കാറിന് പിന്നിലേക്കും ഇടിച്ചുകയറി. ആദ്യ കാറിലുണ്ടായിരുന്ന ഒരു കുട്ടിക്ക് അപകടത്തിൽ പരിക്കുണ്ട്.

നിർമ്മാണം പൂർണമായും പൂർത്തിയാകാത്തതിനാൽ ആറുവരിപ്പാതയിൽ പലയിടങ്ങളിലും ഗതാഗതം തിരിച്ചുവിടാൻ ബാരിക്കേഡുകൾ സ്ഥാപിച്ചിട്ടുണ്ട്. അതൊന്നും വകവയ്ക്കാതെയാണ് വാഹനങ്ങളുടെ ചീറിപ്പായൽ. രണ്ടാഴ്ച മുമ്പ് ഉമയനല്ലൂരിന് സമീപം അമിതവേഗത്തിലെത്തിയ കാർ അപകടത്തിൽപ്പെട്ട് രണ്ട് യുവാക്കൾ മരിച്ചിരുന്നു.