90 കാരി അടക്കം 14 പേരെ തെരുവുനായ കടിച്ചുകീറി
അഞ്ചാലുംമൂട്: തൃക്കരുവയിൽ തെരുവുനായയുടെ ആക്രമണത്തിൽ തൊണ്ണൂറികാരിയടക്കം 14 പേർക്ക് കടിയേറ്റു. കടിയേറ്റവരിൽ അധികവും പ്രായമുള്ളവരാണ്. മറ്റ് നായ്ക്കളെയും ആക്രമിച്ച നായയെ ഉച്ചയോടെ കാഞ്ഞാവെളി ജംഗ്ഷന് സമീപത്ത് ചത്ത നിലയിൽ കണ്ടെത്തി.
കാഞ്ഞാവെളി ഭാഗത്താണ് നായയെ ആദ്യം കണ്ടത്. വേളിക്കാട് ഭാഗത്ത് വച്ച് മധുവിന്റെ (38) മുഖത്ത് കടിച്ചു. തുടർന്ന് പ്രാക്കുളം ഭാഗത്തേക്ക് പോയ നായ, വീടിന് സമീപം നിൽക്കുകയായിരുന്ന ഓമനയമ്മയെ (90) ആക്രമിച്ചു. നിലത്തുവീണ ഇവരുടെയും മുഖത്താണ് കടിച്ചത്. ഓമനയമ്മയെ രക്ഷിക്കാനെത്തിയവരെയും നായ ആക്രമിച്ചു. വീടിന്റെ വരാന്തയിൽ കയറി കാഞ്ഞാവെളി മൂലെവെളി മുഹമ്മദ് കുഞ്ഞിനെയും (65) കടിച്ചു. പ്രാക്കുളം സ്വദേശികളായ സരസ്വതി (70), അജയഘോഷ് (48), വന്മള സ്വദേശി ശെൽവൻ (55) എന്നിവർക്കും കടിയേറ്റു. പരിക്കേറ്റവർ ജില്ലാ ആശുപത്രിയിലും സ്വകാര്യ ആശുപത്രികളിലും ചികിത്സ തേടി. വന്മള സ്വദേശിയായ ഒരാൾക്ക് വാക്സിൻ അലർജി ഉണ്ടായതിനാൽ പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്ക് മാറ്റി. ആരുടെയും പരിക്ക് ഗുരുതരമല്ല. നായയ്ക്ക് പേവിഷബാധയുള്ളതായി സംശയമുണ്ട്. ചത്ത നായയുടെ പോസ്റ്റ്മോർട്ടം ഓലയിലെ ജില്ലാ വെറ്ററിനറി ആശുപത്രിയിൽ നടക്കും.
മുമ്പും സമാന സംഭവങ്ങൾ തൃക്കരുവ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ തെരുവുനായ ശല്യം രൂക്ഷമാണെന്ന് കേരളകൗമുദി നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. കാഞ്ഞാവെളി ഉൾപ്പടെയുള്ള പ്രധാന ജംഗ്ഷനുകളിൽ കൂട്ടമായെത്തുന്ന നായ്ക്കൾ ഇരുചക്രവാഹന യാത്രക്കാർക്ക് നേരെ തിരിയുന്നതും അപകടങ്ങൾ ഉണ്ടാകുന്നതും പതിവാണ്. മാസങ്ങൾക്ക് മുമ്പ് പഞ്ചായത്ത് ഓഫീസിലെത്തിയ വൃദ്ധനും അടുത്തിടെ ഉത്സവം കഴിഞ്ഞ് മടങ്ങിയ യുവാവിനും തെരുവുനായയുടെ ആക്രമണത്തിൽ പരിക്കേറ്റിരുന്നു.