കൃത്യതയോടെ പഠിച്ചു, നിവേദിതയ്ക്ക് ഫുൾ മാർക്ക്

Wednesday 27 May 2026 12:29 AM IST

കൊല്ലം: കൃത്യതയോടെ പഠിച്ച് പരീക്ഷയെഴുതിയാണ് നിവേദിത ഫുൾ മാർക്കും സ്വന്തമാക്കിയത്. കൊട്ടാരക്കര സെന്റ് ഗ്രിഗോറിയോസ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ളസ് ടു സയൻസ് വിദ്യാർത്ഥിനിയാണ് എസ്.ആർ.നിവേദിത. അവധിയെടുക്കാതെ ക്ളാസിൽ കൃത്യമായെത്തുന്ന നിവേദിത അന്നന്നുള്ളത് പഠിച്ച് തീർത്തിട്ടേ ഉറങ്ങാറുള്ളു. കാണാതെ പഠിക്കുന്നതിൽ ത്രില്ലുണ്ടായിരുന്നില്ല. എഴുതിയും വായിച്ചും സ്വന്തമായി ഉത്തരങ്ങൾ കണ്ടെത്തിയുമാണ് പഠിച്ചത്. പ്ളസ് ടു പരീക്ഷയുടെ ചോദ്യപ്പേപ്പർ കിട്ടിയപ്പോൾ ഒരു നിമിഷംപോലും പാഴാക്കേണ്ടി വന്നില്ല. അക്ഷരത്തെറ്റില്ലാതെ വടിവൊത്ത കൈയക്ഷരത്തിൽ എഴുതി നിറച്ചു. ഇന്നലെ പരീക്ഷാ ഫലം പ്രഖ്യാപിച്ചപ്പോൾ നിവേദിതയുടെ കണക്കുകൂട്ടലുകൾ തെറ്റിയില്ല, 1200 മാർക്കും ലഭിച്ചു. വെളിനല്ലൂർ നൈവേദ്യത്തിൽ ഡ്രൈവറായ ഡി.സന്തോഷ് കുമാറിന്റെയും പൂയപ്പള്ളി പഞ്ചായത്തിലെ യു.ഡി ക്ളാർക്ക് ആർ.എസ്.രേഖയുടെയും ഏക മകളാണ്.