ലാൽ ബഹദൂർ ശാസ്ത്രി സ്റ്റേഡിയം: പരിപാലനമില്ല, താരങ്ങളുടെ കാലുവാരാൻ കാടും പടലവും

Saturday 30 May 2026 12:40 AM IST

കൊല്ലം: അത്യാധുനിക സിന്തറ്റിക് ട്രാക്ക് ഉൾപ്പടെയുള്ള സൗകര്യങ്ങളോടെ കോടികൾ ചെലവഴിച്ച് നിർമ്മിച്ച കൊല്ലം ലാൽ ബഹദൂർ ശാസ്ത്രി സ്റ്റേഡിയം പരിപാലനമില്ലാതെ കാടുകയറി നശിക്കുന്നു. പ്രധാന കായിക മേളകൾക്ക് സ്റ്റേഡിയം വേദിയാകാൻ ഒരുങ്ങുമ്പോഴും കാടുകയറി മൂടിയ അവസ്ഥയും അടിസ്ഥാന സൗകര്യങ്ങളുടെ അഭാവവും ആശങ്കയ്ക്ക് വഴിവയ്ക്കുന്നു.

​ജൂണിൽ നടക്കുന്ന സംസ്ഥാന സീനിയർ അത്‌ലറ്റിക്സ് മീറ്റ് ഇവിടെയാണ് നടക്കുന്നത്. ജില്ലാ ടീമിന്റെ തിരഞ്ഞെടുപ്പ് ഇന്ന് ലാൽ ബഹദൂർ ശാസ്ത്രി സ്റ്റേഡിയത്തിൽ നടക്കും. എന്നാൽ, കായികതാരങ്ങളെ കാത്തിരിക്കുന്നത് സ്റ്റേഡിയത്തിലെ ദുരിതക്കാഴ്ചകളാണ്.​

സ്റ്റേഡിയത്തിലുടനീളം പടർന്നുപിടിച്ച കാടുകൾ വൈകാതെ ട്രാക്കിനെയും മൂടിയേക്കും. നിലവിൽ സിന്തറ്റിക് ട്രാക്ക് ഒഴികെയുള്ള ഭാഗങ്ങളെല്ലാം പൂർണമായും കാടുകയറിയ നിലയിലാണ്. അതിനാൽ താരങ്ങൾ സ്റ്റേഡിയത്തിലേക്ക് പ്രവേശിക്കാനും ഭയപ്പെടുകയാണ്.

ദൂരസ്ഥലങ്ങളിൽ നിന്നെത്തുന്ന വനിതാ താരങ്ങൾ ഉൾപ്പെടെയുള്ളവർക്ക് പ്രാഥമികാവശ്യങ്ങൾ നിർവഹിക്കാൻ പോലും സൗകര്യം ഇല്ലാത്തത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. സുരേഷ് ബാബു സ്മാരക ഇൻഡോർ സ്റ്റേഡിയം നിർമ്മാണത്തിന്റെ ഭാഗമായാണ് കോടികൾ ചെലവിട്ട് നിർമ്മാണം നടത്തിയത്. ​​സ്റ്റേഡിയത്തിലെ പണികൾ ഇഴഞ്ഞുനീങ്ങുന്നതിനാലും കൃത്യമായ സൗകര്യങ്ങൾ ഇല്ലാത്തതിനാലും സായ് കൊല്ലം, സ്പോർട്സ് കൗൺസിൽ തുടങ്ങിയ കോച്ചിംഗ് സ്ഥാപനങ്ങളിലെ കുട്ടികൾക്ക് കൃത്യമായി പരിശീലനം നടത്താൻ ആവശ്യമായ സാഹചര്യം കൊല്ലത്തില്ല. പല താരങ്ങളും നിലവിൽ തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങലിൽ പോയാണ് പരിശീലനം പൂർത്തിയാക്കുന്നത്. കോർപ്പറേഷനും സ്പോർട്സ് കൗൺസിലും അടിയന്തരമായി ഇടപെടണമെന്നാണ് ആവശ്യം.

കായികമേളയ്ക്ക് താത്കാലിക സൗകര്യം

സ്റ്റേഡിയം നവീകരണം പൂർത്തിയാക്കി ഔദ്യോഗികമായി കോർപ്പറേഷന് ഹാൻഡ് ഓവർ ചെയ്തിട്ടില്ല. കോർപ്പറേഷൻ ഏറ്റെടുത്താൽ മാത്രമേ തുടർ നടപടികളുമായി മുന്നോട്ട് പോകാൻ സാധിക്കൂ. ഇന്ന് നടക്കുന്നത് കായികമേളയിലേക്കുള്ള ജില്ലാതല തെരഞ്ഞെടുപ്പായതിനാൽ വലിയ രീതിയിലുള്ള ജനപങ്കാളിത്തം ഉണ്ടാകില്ല. എങ്കിലും താത്കാലിക സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. ട്രാക്കിന് സമീപത്തെ മണ്ണ് നീക്കം ചെയ്യുന്ന കാര്യത്തിൽ ഇതുവരെ അന്തിമ തീരുമാനമായിട്ടില്ലെന്നും സ്പോട്സ് കൗൺസിൽ അധികൃതർ വ്യക്തമാക്കി.

സ്റ്റേഡിയത്തിനുള്ളിലെ ജിമ്മിലെയും പവലിയനകത്തുമുള്ള ടോയ്‌ലെറ്റുകളും മറ്റ് സൗകര്യങ്ങളും താരങ്ങൾക്ക് പൂർണമായും തുറന്നു നൽകും.

സ്പോർട്സ് കൗൺസിൽ അധികൃതർ