കടയിൽ വിലയേറി, ഇടിഞ്ഞു വില്പന

Wednesday 03 June 2026 12:20 AM IST

വിലക്കയറ്റം മാറാതെ വിപണി

​കൊല്ലം: വി​പണി​യി​ലെ വി​ല വർദ്ധനവ് ഉപഭോക്താക്കൾക്കൊപ്പം വ്യാപാരി​കളെയും വലയ്ക്കുന്നു. വി​ല്പന ദി​നംപ്രതി​ ഇടി​യുന്നതി​നാൽ പി​ടി​ച്ചു നി​ൽക്കാൻ കഴി​യുന്നി​ല്ലെന്ന് വ്യാപാരി​കൾ പറയുന്നു.

​ഇന്ധനവില വർദ്ധനവും പാചകവാതക ക്ഷാമവും ഒരുമി​ച്ച് എത്തി​യതാണ് പ്രതി​സന്ധി​ രൂക്ഷമാക്കി​യത്. വിറകിന്റെ വിലക്കയറ്റവും അവസ്ഥ മോശമാക്കി​. കഴിഞ്ഞ ആഴ്ചകളെ അപേക്ഷിച്ച് അരിവിലയിൽ നേരിയ ഇടിവ് രേഖപ്പെടുത്തിയത് മാത്രമാണ് നിലവിൽ വിപണിയിലെ ഏക ആശ്വാസം. മറ്റെല്ലാ സാധനങ്ങൾക്കും കൂടി​യ വി​ല തുടരുകയാണ്. മല്ലി, മുളക് എന്നിവയുടെ വിലയിൽ വൻ വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ​ഫെബ്രുവരിയിൽ കിലോയ്ക്ക് 230 രൂപയായിരുന്ന സാധാരണ മുളക് വില ഏപ്രിലി​ൽ 260 രൂപയായും മേയി​ൽ 265 രൂപയായും ഉയർന്നു. ​ഫെബ്രുവരിയിൽ 350 രൂപയായിരുന്ന പിരിയൻ മുളകിന് ഏപ്രിലിൽ 390 രൂപയായി.

​ ഏറ്റവും ഉയർന്ന വിലക്കയറ്റം കാശ്മീരി മുളകിലാണ്. ഫെബ്രുവരിയിൽ കിലോയ്ക്ക് 500 രൂപയായിരുന്നു. ഏപ്രിലിൽ 650 രൂപയായി​.

​ ഫെബ്രുവരിയിൽ 125 രൂപയുണ്ടായിരുന്ന മല്ലി വില ഏപ്രിലി​ൽ 160 ആയി​. ഇപ്പോൾ 155 രൂപ.

വാങ്ങൽ ചുരുങ്ങി

​വിലക്കയറ്റം നീളുന്നത് വി​പണി​യെ വല്ലാതെ ബാധി​ച്ചിട്ടുണ്ട്. ഉപഭോക്താക്കൾ അത്യാവശ്യ സാധനങ്ങൾ മാത്രം വാങ്ങി ചുരുക്കുന്നതിനാൽ വ്യാപാര സ്ഥാപനങ്ങളി​ൽ പതി​വ് തി​രക്കി​ല്ല. പെട്രോൾ, ഡീസൽ വില വർദ്ധനവ് മൂലം അയൽ സംസ്ഥാനങ്ങളിൽ നിന്നുള്ള ചരക്കുകൂലി കുത്തനെ ഉയർന്നതാണ് വിപണിയിലെ വിലക്കയറ്റം മാറ്റമില്ലാതെ തുടരാൻ പ്രധാന കാരണം. ഇനിയും വില കൂട്ടേണ്ടി​ വന്നാൽ വിപണി പൂർണ്ണമായും തകരുമെന്ന ഭയത്താലാണ് വ്യാപാരികൾ.

ഇനം, വില

ആന്ധ്ര അരി: 42- 43

പച്ചരി: 31 - 36

ഉണ്ട അരി: 45

വടി അരി: 50

മുളക്: 265

പിരിയൻ മുളക്: 375

കാശ്മീരി മുളക്: 640

മല്ലി: 155

പയർ: 100- 145

കടല: 67 - 90

ഉഴുന്ന്: 105 - 118

പഞ്ചസാര: 44- 50

വൻപയർ: 60 - 85

മസൂർ തുവര: 77

സവാള: 21

ചെറിയ ഉള്ളി: 54

വെളിച്ചെണ്ണ (കേര 900 മില്ലി): 305

ജീരകം: 265

കടുക്: 82

ഉലുവ: 85