ഇന്നും 22നും യെല്ലോ അലർട്ട്
കൊല്ലം: ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാദ്ധ്യതയുള്ളതിനാൽ കേന്ദ്രകാലാവസ്ഥാവകുപ്പ് ജില്ലയിൽ നാളെ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറിനുള്ളിൽ 115. 6 മുതൽ 204. 4 മി. മീറ്റർവരെമഴ ലഭിക്കാനാണ് സാദ്ധ്യത. ഇന്നും 22നും ജില്ലയിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ വലിയഅളവിൽ മഴ ലഭിച്ച പ്രദേശങ്ങളിൽ മഴ തുടരുന്നതിനാൽ നദീതീരങ്ങൾ, താഴ്ന്ന പ്രദേശങ്ങൾ, ഉരുൾപൊട്ടൽ - മണ്ണിടിച്ചിൽ സാദ്ധ്യതയുള്ള മലയോര മേഖലകൾ എന്നിവിടങ്ങളിലുള്ളവർ അതീവജാഗ്രത പുലർത്തണമെന്ന് മുന്നറിയിപ്പുണ്ട്. അതിശക്തമായ മഴ മുന്നറിയിപ്പുള്ള സാഹചര്യത്തിൽ കടലാക്രമണം ശക്തമാകാൻ സാദ്ധ്യതയുള്ളതിനാൽ അപകട മേഖലകളിൽ താമസിക്കുന്നവർ സൂക്ഷിക്കണം.
കൂടുതൽ പേർ സുരക്ഷാ കേന്ദ്രങ്ങളിലേക്ക്
വരുംദിവസങ്ങളിൽ മഴയ്ക്ക് സാദ്ധ്യതയുള്ളതിനാൽ അപകടമേഖലകളിൽ നിന്ന് കൂടുതൽ പേരെ സുരക്ഷിതമായ ക്യാമ്പുകളിലേക്ക് മാറ്റും. മഴക്കെടുതി, പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ഓൺലൈനായി ചേർന്ന അവലോകന യോഗത്തിലാണ് തീരുമാനം. ചിലയിടങ്ങളിൽ ജനങ്ങൾ മാറിത്താമസിക്കാൻ വിമുഖത കാണിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. അപകടങ്ങൾ ഒഴിവാക്കുന്നതിന് തദ്ദേശഭരണ സ്ഥാപനങ്ങളിലെ പ്രതിനിധികൾകൂടി ഇടപെട്ട് അവരെ മാറ്റിപ്പാർപ്പിക്കും.
വെള്ളം കയറിയ പ്രദേശങ്ങൾ സന്ദർശിക്കുന്നതിനായി ജനങ്ങൾ തിങ്ങിക്കൂടുന്ന അവസ്ഥ ഒഴിവാക്കണം. അപകട സാദ്ധ്യത കൂടുതലുള്ള മേഖലകളിലും ക്യാമ്പുകളിലും ക്രമസമാധാനം ഉറപ്പുവരുത്തുന്നതിന് പൊലീസിനെ നിയോഗിക്കും. പൂർണമായോ ഭാഗികമായോ കേടുപാടുകൾ സംഭവിച്ച വീടുകളുടെ പട്ടിക തയ്യാറാക്കാൻ വില്ലേജ് ഓഫീസർമാരെ ചുമതലപ്പെടുത്തി.. സബ് കളക്ടർ ചേതൻ കുമാർ മീണയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തഹസിൽദാർമാർ, തദ്ദേശസ്വയംഭരണസ്ഥാപന പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
ജില്ലയിലെ ദുരിതാശ്വാസക്യാമ്പുകൾ: 14
ക്യാമ്പുകളിലെ കുടുംബങ്ങളുടെ എണ്ണം: 234
ക്യാമ്പുകളിൽ കഴിയുന്നവരുടെ എണ്ണം: 797
തകർന്ന വീടുകൾ: 9
ഭാഗികമായി തകർന്ന വീടുകൾ: 223
കൃഷിനാശം: 4.27 കോടി
മഴക്കെടുതിയിൽ സംഭവിച്ച നാശനഷ്ടം: 8.57 കോടി
നദികളിലെ ജലനിരപ്പ് മീറ്ററിൽ, ബ്രാക്കറ്റിൽ കഴിഞ്ഞ ദിവസത്തെ നില - മുന്നറിയിപ്പ് നില - അപകടനില
പള്ളിക്കൽ: 12.77 (13.33) - 13.25 - 14.00
കല്ലട: 6.31 (7.14) - 4.50 - 5.50
ഇത്തിക്കര: 96.1 (96.60) - 98.50 - 99.50
അയിരൂർ: 4.1 (4.13) - 4.80 - 5.80
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |