കൊല്ലം: അതിവേഗ കെ റെയിൽ പദ്ധതിക്കായി ജില്ലയിൽ 1.09 കിലോ മീറ്റർ ദൂരത്ത് അതിർത്തിക്കല്ലിടൽ പൂർത്തിയായി. ജില്ലാ അതിർത്തിയായ പാരിപ്പള്ളിയിൽ നിന്നാരംഭിച്ച കല്ലിടൽ കല്ലുവാതുക്കൽ വില്ലേജിൽവരെ എത്തിയിട്ടുണ്ട്.
ഇരു വില്ലേജുകളിലായി ഇതുവരെ 156 കല്ലുകൾ സ്ഥാപിച്ചു. തെക്ക് പാരിപ്പള്ളി മുതൽ വടക്ക് പോരുവഴി വരെ ജില്ലയിൽ മൊത്തം 1694 കല്ലുകളാണ് സ്ഥാപിക്കുന്നത്. ഭൂമിയുടെ കിടപ്പനുസരിച്ച് 20 മുതൽ 100 മീറ്റർ വരെയാണ് കല്ലുകൾ തമ്മിലുളള അകലം. 15 മുതൽ 25 മീറ്റർ വരെയാണ് അലൈൻമെന്റ് വീതി. ജില്ലയിൽ 44 കിലോമീറ്റർ ദൈർഘ്യം വരുന്ന പാതയ്ക്കായി 149.42 ഹെക്ടർ ഭൂമി ഏറ്റെടുക്കണം. കല്ലിടൽ പൂർത്തിയാക്കുന്നതോടെ ആരംഭിക്കുന്ന സാമൂഹിക ആഘാത പഠനം നടത്താനായി ഏജൻസിയെ കണ്ടെത്താനുള്ള ക്വട്ടേഷൻ സ്വീകരിക്കുന്ന തീയതി 25 വരെയാണ്. 29നു ക്വട്ടേഷൻ തുറന്ന് ഏജൻസിയുടെ പേര് സർക്കാരിന് സമർപ്പിക്കും.സർക്കാരാണ് അന്തിമ തീരുമാനമെടുക്കുന്നത്.
ഭൂമി ഏറ്റെടുക്കുന്നത് മൂലം നഷ്ടം സംഭവിക്കുന്ന വീടുകൾ, കെട്ടിടങ്ങൾ, ബാധിക്കുന്ന കുടുംബങ്ങൾ, ആഘാതം ലഘൂകരിക്കാനുള്ള മാർഗങ്ങൾ തുടങ്ങിയവ സാമൂഹിക പഠനത്തിൽ ഉൾപ്പെടും. കല്ലിടൽ പൂർത്തിയായാൽ റവന്യു, കെ റെയിൽ ഉദ്യോഗസ്ഥർ സംയുക്ത പരിശോധന നടത്തും. ഏറ്റെടുക്കുന്ന ഭൂമിയുടെ സർവ്വേ നമ്പർ ഉൾപ്പെടെ 11(1) നോട്ടിഫിക്കേഷൻ സർക്കാർ പുറപ്പെടുവിക്കും. ഭൂമി ഏറ്റെടുക്കുന്നതിൽ ആക്ഷേപമുള്ളവർക്ക് സർക്കാരിനെ സമീപിക്കാം. ഒരു വർഷത്തിനകം 19 (1) ഡ്രാഫ്റ്റ് ഡിക്ലറേഷൻ നടത്തി രണ്ടു വർഷത്തിനകം നഷ്ടപരിഹാരം നൽകി ഭൂമി ഏറ്റെടുക്കണം.
..................................
ജില്ലയിൽ ഏറ്റെടുക്കുന്ന ഭൂമി
149.42 ഹെക്ടർ
ജില്ലയിലെ ദൈർഘ്യം
44 കിലോമീറ്റർ
..................................
വില്ലേജുകളും ഏറ്റെടുക്കുന്ന
ഭൂമിയും (ഹെക്ടറിൽ)
തൃക്കോവിൽ വട്ടം: 35.99 ഹെക്ടർ
തഴുത്തല: 24.03
വടക്കേവിളയിൽ: 17.55
ആദിച്ചല്ലൂർ: 6.38
ചിറക്കര: 0.23
കല്ലുവാതുക്കൽ: 9.65
കൊറ്റങ്കര: 4.46
മീനാട്: 8.92
മുളവന: 7.82
പാരിപ്പള്ളി: 2.17
പവിത്രേശ്വരം: 6.73
കുന്നത്തൂർ: 10.09
പോരുവഴി: 6.32
ശാസ്താംകോട്ട: 1.49
..................................
അതിവേഗ പദ്ധതിക്കായുളള കല്ലിടൽ നടപടി വേഗത്തിൽ പുരോഗമിക്കുന്നു. 1.09 കിലോമീറ്റർ ദൂരത്തെ കല്ലിടൽ പൂർത്തിയായി
റോയി കുമാർ, ഡെപ്യൂട്ടി കളക്ടർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |