കൊട്ടാരക്കര : താലൂക്ക് ആശുപത്രിയിൽ ശസ്ത്രക്രിയ ചെയ്യാൻ ഡോക്ടർമാർ കൈക്കൂലി വാങ്ങിയതായി പരാതി. നീലേശ്വരം കാടാംകുളത്തുകാരായ കുട്ടികൾക്ക് മൂത്രാവയവത്തിലെ ചർമ്മത്തിൽ ശസ്ത്രക്രിയ ചെയ്യാനാണ് ഡോക്ടർമാർ കൈക്കൂലി ആവശ്യപ്പെട്ടത്. ആശുപത്രിയിൽ ഒ.പിയിലെത്തി ഡോക്ടറെ കണ്ട് പരിശോധന നടത്തിയപ്പോഴാണ് സർജൻ ശസ്ത്രക്രിയ നിർദേശിച്ചത്. ഡോക്ടറെ വീട്ടിൽ വന്നു കാണാൻ ആവശ്യപ്പെടുകയും ചെയ്തു. തുടർന്ന് വീട്ടിൽ എത്തി ഡോക്ടറെ കാണുകയും പണം നൽകി ശസ്ത്രക്രിയ സമയം നിശ്ചയിക്കുകയും ചെയ്തു. തുടർന്ന് ഓപ്പറേഷൻ തിയേറ്ററിൽ കുട്ടികളെ പ്രവേശിപ്പിച്ചപ്പോഴാണ് അനസ്തേഷ്യ ഡോക്ടർ പണം ആവശ്യപ്പെട്ടതെന്നാണ് പരാതി. ഓപ്പറേഷന് മുൻപ് തന്നെ വന്ന് കാണാതിരുന്നതിന് മാതാപിതാക്കളെ ശകാരിച്ചു. ആദ്യം 1000രൂപ ആവശ്യപ്പെടുകയും രണ്ട് കുട്ടികൾ ഉണ്ടെന്നറിഞ്ഞപ്പോൾ 2000 രൂപ വേണമെന്ന് ആവശ്യപ്പെട്ടെന്നും കുട്ടികളുടെ രക്ഷിതാക്കൾ പറയുന്നു. ആരോഗ്യ മന്ത്രിയ്ക്കടക്കം പരാതി നൽകിയിട്ടുണ്ട്. എന്നാൽ കൈക്കൂലി വാങ്ങിയതുമായി ബന്ധപ്പെട്ട പരാതി ലഭിച്ചിട്ടില്ലെന്നും ചികിത്സയിൽ പിഴവ് സംഭവിച്ചിട്ടുണ്ടോയെന്ന് പരിശോധിച്ച് നടപടിയെടുക്കുമെന്നും ആശുപത്രി സൂപ്രണ്ട് ഡോ.സുനിൽകുമാർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |