കൊല്ലം: കൊല്ലം ലാൽ ബഹദൂർ ശാസ്ത്രി സ്റ്റേഡിയവും ആശ്രാമം ഹോക്കി സ്റ്റേഡിയവും കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ജില്ലാ സ്പോർട്സ് അക്കാദമിയിലെ താരങ്ങൾക്കായി പുതിയ ഹോസ്റ്റൽ വരുന്നു. കന്റോൺമെന്റ് മൈതാനത്ത് നിലവിൽ നിർമ്മാണം പുരോഗമിക്കുന്ന ഇൻഡോർ സ്റ്റേഡിയത്തിന്റെ പിൻഭാഗത്ത് പുതിയ ഹോസ്റ്റൽ നിർമ്മിക്കാൻ 2.5 കോടി രൂപ അനുവദിച്ചു.
ഹോക്കി, അത്ലറ്റിക്സ്, കബഡി, ബാസ്കറ്റ്ബാൾ, കനോയിംഗ് കയാക്കിംഗ്, ബോക്സിംഗ് എന്നീ ഇനങ്ങളിലെ താരങ്ങളാണ് നിലവിൽ സ്പോർട്സ് അക്കാദമിയിലുള്ളത്. ഇവർ ലാൽ ബഹദൂർ സ്റ്റേഡിയത്തിന് പിന്നിലെ സ്പോർട്സ് കൗൺസിൽ ഹോസ്റ്റൽ, ഹോക്കി സ്റ്റേഡിയത്തിലെ ഡോർമെറ്ററി, ഹോക്കി സ്റ്റേഡിയത്തിലെ പ്രീ ഹാബ് യൂണിറ്റ് എന്നിവിടങ്ങളിലാണ് തങ്ങുന്നത്. ആകെ 110 കുട്ടികളാണ് ഇപ്പോഴുള്ളത്. ഹോസ്റ്റൽ സൗകര്യമില്ലാത്തതിനാൽ കൂടുതൽ വിദ്യാർത്ഥികളെ അക്കാദമിയുടെ ഭാഗമാക്കാൻ കഴിയാത്ത സ്ഥിതിയാണ്. ഇൻഡോർ സ്റ്റേഡിയം പൂർത്തിയാകുന്നതോടെ കൂടുതൽ ഇനങ്ങളിൽ പരിശീലനത്തിനുള്ള സൗകര്യവും ഒരുങ്ങും. അത് കൂടി കണക്കിലെടുത്താണ് പുതിയ ഹോസ്റ്റൽ നിർമ്മിക്കുന്നത്.
സ്പോർട്സ് കേരള ഫൗണ്ടേഷനാണ് ഹോസ്റ്റൽ നിർമ്മാണത്തിന്റെ നിർവഹണ ഏജൻസി. കെട്ടിട നിർമ്മാണത്തിനുള്ള പണം മാത്രമാണ് ഇപ്പോൾ അനുവദിച്ചിട്ടുള്ളത്. മറ്റ് സൗകര്യങ്ങൾക്ക് ആവശ്യമായ തുക പിന്നീട് ലഭിക്കും. പുതിയ ഹോസ്റ്റൽ പൂർത്തിയാകുന്നതോടെ നിലവിലെ സ്പോർട്സ് കൗൺസിൽ ഹോസ്റ്റലും അതിന്റെ ഭാഗമാകും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |