കൊല്ലം: നിലകളുടെ എണ്ണം കുറച്ച് എൻ.ജി.ഒ ക്വാട്ടേഴ്സ് നിലനിൽക്കുന്ന സ്ഥലം പൂർണമായും എടുത്ത് കോടതി സമുച്ചയം നിർമ്മിക്കാൻ ആലോചന. പൈലുകളുടെ ആഴം കുറച്ച് ചെലവ് ചുരുക്കാനാണ് നിലകളുടെ എണ്ണം കുറച്ച് കുടുതൽ സ്ഥലത്തേക്ക് പരത്തി കെട്ടിടം നിർമ്മിക്കുന്നത്.
അഞ്ച് നിലകളുള്ള കോടതി സമുച്ചയമാണ് നേരത്തേ അലോചിച്ചിരുന്നത്. 65 കോടിയാണ് ആകെ ചെലവ് പ്രതീക്ഷിച്ചിരുന്നത്. അടിസ്ഥാനം, ഗ്രൗണ്ട് ഫ്ലോർ എന്നിവയുടെ നിർമ്മാണത്തിന് 10 കോടിയുടെ ഭരണാനുമതിയും നൽകി. എന്നാൽ പിന്നീട് നടന്ന പരിശോധനയിൽ ഈ സ്ഥലത്തെ മണ്ണിന് ബലക്കുറവാണെന്ന് കണ്ടെത്തി. ആറ് നില കെട്ടിടത്തിനുള്ള പൈലിംഗിന് 40 കോടിയെങ്കിലും വേണമെന്ന അവസ്ഥയായി. ഇതുപ്രകാരം ആകെ നിർമ്മാണ ചെലവ് 146 കോടിയിലേക്ക് ഉയർന്നു. ഇത്രയും പണം കിട്ടില്ലെന്ന് ഉറപ്പായതോടെ മണ്ണിന്റെ ബലം കൂട്ടി പൈലിംഗിന്റെ അളവ് കുറയ്ക്കാൻ തീരുമാനിച്ചു. ഇതുപ്രകാരം 115 കോടിയുടെ പുതിയ രൂപരേഖ ഏകദേശം തയ്യാറായി. ഇതിനിടയിൽ മന്ത്രി കെ.എൻ. ബാലഗോപാൽ ഹൈക്കോടതി അധികൃതരുമായി നടത്തിയ ചർച്ചയിലാണ് നിർമ്മാണ ചെലവ് കൂടുതൽ കുറയ്ക്കാൻ നിലകളുടെ എണ്ണം കുറയ്ക്കാൻ ധാരണയായത്.
മൂന്ന് നിലകളിലായി ഒന്നേമുക്കാൽ ലക്ഷം ചതുരശ്രയടി വിസ്തീർണത്തിലുള്ള സമുച്ചയത്തിന്റെ പുതിയ രൂപരേഖ പൊതുമരാമത്ത് വകുപ്പ് ഡിസൈൻ വിഭാഗം തയ്യാറാക്കി വരികയാണ്. ഹൈക്കോടതിയുടെ അനുമതി കൂടി വാങ്ങിയ ശേഷമേ ഇക്കാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടാകൂ.
എൻ.ജി.ഒ ഫ്ലാറ്റ് ജി.ഒ ക്വാട്ടേഴ്സിലേക്ക് !
കോടതി സമുച്ചയത്തിനായി പൊളിച്ചുനീക്കിയ എൻ.ജി.ഒ ക്വാട്ടേഴ്സിന്റെ ഒരുവശത്ത് ജീവനക്കാർക്ക് പുതിയ ഫ്ലാറ്റുകൾ നിർമ്മിച്ച് നൽകാനായിരുന്നു നേരത്തേയുള്ള ധാരണ. കോടതി സമുച്ചയതിന് കൂടുതൽ സ്ഥലം വേണ്ടി വരുന്ന സാഹചര്യത്തിൽ എൻ.ജി.ഒ ക്വാട്ടേഴ്സ് ജി.ഒ ക്വാട്ടേഴ്സ് വളപ്പിൽ സ്ഥാപിക്കാനാണ് ഇപ്പോഴത്തെ ആലോചന.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |