കോട്ടയം . കാടുമൂടി മാലിന്യം നിറഞ്ഞ് കിടന്നിരുന്ന പൊൻപള്ളി ബോട്ട് ജെട്ടി സായാഹ്ന വിശ്രമകേന്ദ്രത്തിനായി ഒരുങ്ങുന്നു. വടവാതൂർ പഞ്ചായത്തിൽ 17ാം വാർഡിൽ മീനന്തറയാറ്റിൽ പൊൻപള്ളി പാലത്തിന് സമീപമാണ് ബോട്ട് ജെട്ടി സ്ഥിതി ചെയ്യുന്നത്. തിരുവഞ്ചൂർ രാധാകൃഷ്ണൻ മന്ത്രിയായിരിക്കെ അനുവദിച്ച തുക ഉപയോഗിച്ച് 2012 ലാണ് ബോട്ടുജെട്ടി നിർമ്മിച്ചത്. ഒരു കോടിയോളം രൂപ മുടക്കി ആറിന്റെ വശങ്ങൾ കെട്ടി നടപ്പാതയും നിർമ്മിച്ചു. എന്നാൽ നവീകരണവും പരിപാലനവുമില്ലാതെ വന്നതോടെ ബോട്ട് ജെട്ടി നാശോന്മുഖമായി. ഒപ്പം സാമൂഹ്യവിരുദ്ധരും പിടിമുറുക്കി.
തുടർന്നാണ് പ്രദേശത്തെ സായാഹ്ന വിശ്രമ കേന്ദ്രമാക്കി മാറ്റാൻ ലക്ഷ്യമിട്ട് പാടങ്ങൾക്ക് മദ്ധ്യഭാഗത്ത് കൂടെ സ്ഥിതി ചെയ്യുന്ന പാലത്തിന് ഇരുവശത്തും തണൽ മരങ്ങൾ നട്ടുപ്പിടിപ്പിച്ചു. റോഡരികിൽ ഇരിപ്പിടങ്ങളും സ്ഥാപിച്ച് തണൽമരങ്ങൾക്ക് ചുറ്റും സംരക്ഷണഭിത്തിയും കെട്ടി. വാർഡ് മെമ്പറും പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ രജനി സന്തോഷിന്റെ ആഭിമുഖ്യത്തിൽ കുടുംബശ്രീയുടെയും നാട്ടുകാരുടെയും നേതൃത്വത്തിലാണ് പുനരുദ്ധാരണ പ്രവർത്തനങ്ങൾ ചെയ്തത്.
ഇരുവശങ്ങളിൽ പൂന്തോട്ടവും
തൊഴിലുറപ്പ് പദ്ധതി പ്രകാരം റോഡിന് ഇരുവശവും പൂന്തോട്ടവും, വഴിയോരകച്ചവടകേന്ദ്രങ്ങളും നിർമ്മിക്കും. കളത്തിപ്പടിയിൽ നിന്ന് തിരുവഞ്ചൂർ റോഡ്, അയർക്കുന്നം എന്നിവിടങ്ങളിലേക്ക് വേഗത്തിൽ എത്താൻ കഴിയുന്നതിനാൽ നിരവധിപ്പേരാണ് ഇതുവഴി സഞ്ചരിക്കുന്നത്. തീർത്ഥാടന കേന്ദ്രമായ പൊൻപള്ളിയും സ്ഥിതി ചെയ്യുന്നതും ഇതിന് സമീപത്താണ്.
സായാഹ്ന ബോട്ട് യാത്ര പദ്ധതി അകലെ
ടൂറിസത്തിന്റെ ഭാഗമായി കടവിൽ സ്പീഡ് ബോട്ട്, പെഡൽ ബോട്ട് എന്നിവ എത്തിച്ച് സായാഹ്ന ബോട്ട് യാത്ര പദ്ധതി ലക്ഷ്യമിട്ടിരുന്നു. എന്നാൽ ബോട്ട് സർവീസ് ആരംഭിക്കാൻ നദിക്ക് വേണ്ടത്ര ആഴമില്ല. സ്വകാര്യ ഏജൻസിയെ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ സമീപിച്ചെങ്കിലും സാങ്കേതിക തടസങ്ങൾ നിലനിൽക്കുകയാണെന്ന് പഞ്ചായത്ത് പ്രസിഡന്റ് വി ടി സോമൻ കുട്ടി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |