കോട്ടയം . ഒരിടവേളയ്ക്ക് ശേഷം കൊവിഡ് വീണ്ടും പിടിമുറുക്കിയതോടെ ജനം ആശങ്കയിൽ. വൈറൽ പനിയുമായി ആശുപത്രികളിൽ എത്തുന്ന മിക്ക രോഗികളിലും പരിശോധനയിൽ കൊവിഡ് സ്ഥിരീകരിക്കുകയാണ്. ഡോളോ , പാരസൈറ്റാമോൾ ഗുളികകൾ വാങ്ങി സ്വയം ചികിത്സിക്കുന്നവരാണ് പനി ബാധിതരിലേറെയും. പലരും കൊവിഡ് ടെസ്റ്റ് നടത്താത്തതും വെല്ലുവിളിയാകുകയാണ്. കോട്ടയത്തെ ഭൂരിഭാഗം സ്വകാര്യ ആശുപത്രികളിലും പനിയ്ക്ക് മരുന്നുവാങ്ങാനെത്തി പരിശോധനയിൽ കൊവിഡെന്ന് കണ്ടെത്തി അഡ്മിറ്റാകുന്നവരുടെ എണ്ണം കൂടുകയാണെന്ന് അധികൃതർ പറയുന്നു. ഒമിക്രോൺ വിഭാഗത്തിൽപ്പെടുന്ന വൈറസാണ് പടർന്ന് പിടിക്കുന്നത്. പനി , കഫം പറിഞ്ഞു പോകാത്ത ചുമ , മഞ്ഞ നിറത്തിലുള്ള കഫം, തൊണ്ടവേദനയും ശരീര വേദനയും ആഹാരം ഇറക്കാൻ ബുദ്ധിമുട്ട് തുടങ്ങിയവയാണ് ലക്ഷണങ്ങൾ. ശ്രദ്ധിക്കുന്നില്ലെങ്കിൽ മരണകാരണമാകാമെന്നും ഡോക്ടർമാർ പറയുന്നു.
മാസ്ക് നിർബന്ധം, പക്ഷെ
ആശുപത്രികളിൽ മാസ്ക് നിർബന്ധമാക്കണമെന്ന നിർദ്ദേശം സർക്കാർ പുറപ്പെടുവിച്ചിട്ടും ആരും കാര്യമായെടുക്കുന്നില്ല. ചില സ്വകാര്യ ആശുപത്രികൾ ഒ പി ടിക്കറ്റിനൊപ്പം പണം വാങ്ങി മാസ്ക് നൽകുന്നുണ്ട്. കൊവിഡ് ടെസ്റ്റിന് നിർബന്ധിച്ചാലും പലരും താത്പര്യം കാണിക്കുന്നില്ല. ഇത് ഗുരുതര സ്ഥിതിയാണെന്ന് ഡോക്ടർമാർ പറയുന്നു.
ബൂസ്റ്റർ ഡോസെടുക്കാതെ 50 %
മൂന്ന് പ്രതിരോധ വാക്സിൻ സർക്കാർ സൗജന്യമായി നൽകിയിട്ടും അമ്പത് ശതമാനം പേരാണ് ബൂസ്റ്റർ ഡോസ് എടുത്തത്. ഇപ്പോൾ വാക്സിന് പണം നൽകണം. ഒരു മോഡ്യൂൾ വാക്സിൻ ഒരു ഡസനോളം പേർക്ക് ഉപയോഗിക്കാം. പൊട്ടിച്ച് ഏറേ നേരമിരുന്നാൽ ഗുണനിലവാരം കുറയുമെന്നതിനാൽ ഒന്നോരണ്ടോ ആളുകൾക്കായി ഉപയോഗിക്കാൻ കഴിയില്ല. ആളുകളുടെ എണ്ണം തികയുമ്പോൾ സ്വകാര്യആശുപത്രികൾ ഫോണിൽ അറിയിക്കും. സർക്കാർ ആശുപത്രികളിൽ കാത്തിരിക്കാൻ പറയുന്നതിനാൽ പലരും മടങ്ങുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |