ചൂട് കടുക്കുന്നു, നഷ്ടം ചുരത്തി ക്ഷീരമേഖല

Wednesday 22 January 2025 1:16 AM IST

കോട്ടയം : വേനൽ കടുത്തതും, തീറ്റപ്പുല്ലിന് ക്ഷാമം നേരിട്ടതും മൂലം പാൽ ഉത്പാദനം കുറഞ്ഞത് ക്ഷീരമേഖലയെ പ്രതിസന്ധിയിലാക്കുന്നു. ചുട്ടുപൊള്ളുന്ന ചൂടിൽ തോട്ടങ്ങളിലെ പുല്ല് കരിഞ്ഞ് ഉണങ്ങിയ നിലയിലാണ്. പാടശേഖരങ്ങളിൽ കൃഷി ആരംഭിച്ചതോടെ ഇവിടെ നിന്നുള്ള പച്ചപ്പുല്ലിന്റെ ലഭ്യതയും ഇല്ലാതായി. പശു, പോത്ത്, ആട്, എരുമ തുടങ്ങിയവ വളർത്തുന്ന ചെറുകിട കർഷകരാണ് കൂടുതൽ ദുരിതം അനുഭവിക്കുന്നത്. പച്ചപ്പുല്ലിന്റെ ലഭ്യത കുറയുമ്പോൾ കച്ചിയാണ് വേനൽക്കാലത്ത് കന്നുകാലികൾക്ക് കൊടുക്കുന്നത്. മഴയെ തുടർന്ന് പുഞ്ച സീസണിൽ കർഷകർക്ക് വേണ്ടത്ര വൈക്കോൽ ശേഖരിക്കാനായില്ല. കച്ചി വാങ്ങാൻ കിട്ടുമെങ്കിലും നിലവിലെ സാഹചര്യത്തിൽ വിലകൊടുത്ത് വാങ്ങാൻ കഴിയില്ലെന്നാണ് കർഷകർ പറയുന്നത്. തമിഴ്‌നാട്ടിൽ നിന്നാണ് കച്ചി ഇറക്കുമതി ചെയ്യുന്നത്. നാട്ടിലെ കച്ചി പൊടിഞ്ഞുപോകുന്ന തരത്തിലായതിനാൽ വരവ് കച്ചിയാണ് ആശ്രയം.

പ്രതിദിനം 6,389 ലിറ്റർ പാൽ കുറവ്

ഡിസംബറിൽ ജില്ലയിൽ പ്രതിദിനം ശരാശരി 6,389 ലിറ്ററിന്റെ കുറവാണുണ്ടായത്. 2023 ഡിസംബറിൽ പ്രതിദിന ഉത്പാദനം 84,519 ലിറ്ററായിരുന്നു. ഇത് കഴിഞ്ഞമാസം 78,130 ലിറ്ററായി കുറഞ്ഞു. മുൻവർഷങ്ങളെ അപേക്ഷിച്ച് നവംബറിലും 8,746 ലിറ്ററിന്റെ കുറവുണ്ടായി. സെപ്തംബറിൽ പ്രതിദിനം 15,014 ലിറ്ററിന്റെ കുറവ്. വേനൽ ശക്തമാകുന്ന മാർച്ച്, ഏപ്രിൽ, മേയ് മാസങ്ങളിൽ ഉത്പാദനം വീണ്ടും താഴേക്കാകും. റബർ വിലയിടിവിനെതുടർന്ന് അഞ്ച് വർഷം മുൻപ് മലയോര കർഷകർ കൂട്ടമായി പശു വളർത്തലിലേക്ക് തിരിഞ്ഞിരുന്നു. ഇതോടെ പാൽ ഉത്പാദനവും വർദ്ധിച്ചു. പിന്നീട് പ്രതിസന്ധികൾ തലപൊക്കിയതോടെ പലരും ഇതിൽ നിന്ന് പിന്തിരിഞ്ഞു.

താങ്ങാനാകില്ല ചെലവ്

കാലിത്തീറ്റ, പച്ചപ്പുല്ല് എന്നിവയുടെ വില വലിയതോതിലാണ് വർദ്ധിച്ചത്. അകിട് വീക്കം, കാത്സ്യം എന്നിവയ്ക്കുള്ള മരുന്നുകൾക്കും വില ഉയരുകയാണ്. പ്രതിമാസം മരുന്നിന് മാത്രം 5000 - 10000 രൂപ ചെലവാകും. ആനുകൂല്യങ്ങൾ കൃത്യമായി ലഭിക്കാത്തതും പശുക്കൾക്ക് ഇടയ്ക്കിടെ രോഗം വരുന്നതുമാണ് കർഷകരെ ദുരിതത്തിലാക്കുന്നത്.

''എട്ട് വർഷമായി ക്ഷീരമേഖലയിലുണ്ട്. 12 പശുക്കളുണ്ട്. പാലിന് വില കൂട്ടിയെങ്കിലും കർഷകന് ഗുണകരമല്ല. പരിപാലനം ഏറെ വെല്ലുവിളിയാണ്.

-വാസുദേവൻ, കുറുപ്പന്തറ