കോട്ടയം : മില്ലുകാരും, അധികൃതരും ഒന്ന് ഓർക്കണം, നിങ്ങളുടെ വാശി വിജയിച്ചെന്ന് കരുതരുത്. നിവൃത്തിയില്ലാതെയാണ് രണ്ടുകിലോ കിഴിവിൽ നെല്ല് സംഭരിക്കാൻ ഞങ്ങൾ തയ്യാറായത്. മൂന്നരക്കിലോ വരെയാണ് ആവശ്യപ്പെട്ടത്. വിലപേശുന്നത് ഞങ്ങളുടെ വിയർപ്പിന്റെ വിലയാണ്. ഓരോ ദിവസവും ആയിരങ്ങൾ മുടക്കിയാണ് നെൽക്കൂനകൾ ഇളക്കി കൂട്ടിയിരുന്നത്. വൈകും തോറും നെല്ല് കിളിർക്കാനുള്ള സാദ്ധ്യതയുണ്ട്. ഒപ്പം മഴ ഭീഷണിയും. ഈ സാഹചര്യത്തിൽ കിഴിവിന് വഴങ്ങുകയായിരുന്നുവെന്ന് കർഷകർ പറയുന്നു. തിരുവാർപ്പ് ജെ ബ്ലോക്ക് ഒമ്പതിനായിരം പാടശേഖരത്തിലാണ് ഇന്നലെ മുതൽ സംഭരണം ആരംഭിച്ചത്. അതും ഏറെ പ്രതിഷേധങ്ങൾക്കൊടുവിൽ.
ജില്ലയിലെ ഏറ്റവും വലിയ പാടശേഖരത്തിൽ രണ്ടാഴ്ചത്തെ കാത്തിരിപ്പിന് ശേഷമാണ് 11 കർഷകരുടെ നെല്ല് സംഭരിച്ചത്. 1500 ഏക്കറിലേറെ വരുന്ന ഇവിടെ ഇനിയും കർഷകരുണ്ട്. 500 ഏക്കറിലെ കൊയ്ത്ത് കഴിഞ്ഞ മൂന്നിന് പൂർത്തിയായതാണ്. ഇതിനിടയിലായിരുന്നു ചൂഷണവുമായി മില്ലുകാരുടെ രംഗപ്രവേശം. ഇതിന് കർഷകർ നിന്ന് കൊടുത്തില്ല. പിന്നെ കണ്ടത് സമാനതകളില്ലാത്ത പ്രതിഷേധമായിരുന്നു. പിന്തുണയുമായി രാഷ്ട്രീയ പാർട്ടികളും എത്തിയതോടെജില്ലാ ഭരണകൂടം ചർച്ചയ്ക്ക് തയ്യാറായി.
കളക്ടർക്ക് കപടകർഷക പ്രേമമെന്ന്
കളക്ടർ ചർച്ചയ്ക്ക് വിളിച്ചത് പാടശേഖര സമിതി ഭാരവാഹികളെ അല്ലെന്നും മില്ലുകാർക്ക് അനുകൂല നിലപാട് സ്വീകരിച്ചവരെയാണെന്നും നെൽകർഷക സംരക്ഷണ സമിതി ഭാരവാഹികൾ ആരോപിക്കുന്നു. തുടർന്നാണ് രണ്ടു കിലോ കിഴിവോടെ നെല്ല് സംഭരിക്കാൻ കർഷകർ സമ്മതിച്ചതായി പാഡി മാർക്കറ്റിംഗ് ഓഫീസർ അറിയിച്ചത്. എന്നാൽ ചർച്ചയിൽ പങ്കെടുത്ത കർഷകരുടെ നെല്ലാണ് സംഭരിച്ചതെന്ന ആക്ഷേപവും ഉയരുന്നുണ്ട്. ഏറ്റവും മികച്ച നെല്ലിന് കഴിഞ്ഞ വർഷങ്ങളിലൊന്നുമില്ലാതിരുന്ന കിഴിവ് ആവശ്യം ഇത്തവണ ഉന്നയിച്ചത് സമ്മർദ്ദതന്ത്രമായിരുന്നു. മഴ ആരംഭിച്ചാൽ തോന്നിയ പോലെ കിഴിവ് ആവശ്യപ്പെടുന്ന മില്ലുകാരുടെ തീരുമാനത്തിനും കർഷകർ വഴങ്ങേണ്ടി വരും.
''ജില്ലാ ഭരണ കൂടവും, പാഡി ഓഫീസറും, മില്ലുകാരും ഒത്തുകളിച്ച് നെൽകർഷകരെ കിഴിവ് കൊള്ളക്ക് വിധേയരാക്കുകയാണ്. മഴ വരും എന്ന് പേടിപ്പിച്ച് കർഷകനെ ബ്ലാക്ക് മെയിൽ ചെയ്യുകയാണ് മില്ലുകാർ ചെയ്യുന്നത്. അധികൃതർ ഇതിന് ഒത്താശ ചെയ്യുകയാണ്.
വി.ജെ.ലാലി, നെൽകർഷക സംരക്ഷണ
സമിതി സംസ്ഥാന രക്ഷാധികാരി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |