പൊലീസുകാരെ സാധാരണ വിറപ്പിക്കുന്നത് രാഷ്ട്രീയക്കാരാണ്. ഏത് പൊലീസുകാരനും തെറ്റുപറ്റാമെന്നാണല്ലോ ചൊല്ല്. തെറ്രുപറ്റുന്ന പൊലീസുകാരനെ ചോദ്യവും ചെയ്യാം. ജനാധിപത്യത്തിൽ അങ്ങനെയൊരു സൗകര്യമുണ്ട്. അതുകൊണ്ട് രാഷ്ട്രീയക്കാരും ജനപ്രതിനിധികളും പൊലീസുമായി പലപ്പോഴും നേർക്കുനേർ ഏറ്റുമുട്ടാറുണ്ട്.
പക്ഷേ ഇന്ന് കളിമാറി. കൊച്ചുപിള്ളേർ പോലും പൊലീസുകാരെ നേരിടുകയാണ്. പിള്ളേർക്ക് പാർട്ടിയുടെ പിന്തുണ വേണ്ട. നേരേ വാ നേരോ പോ എന്നാണ് അവരുടെ രീതി.
പത്തനംതിട്ട ബസ് സ്റ്റാൻഡിൽ തരികിട കാട്ടിയ പയ്യനെ ചോദ്യംചെയ്ത എസ്.ഐയെ ചെറുക്കൻ തല്ലി താഴെയിട്ടിട്ട് അധികനാളായില്ല. പത്തനംതിട്ടയിൽ മാത്രമല്ല. കന്യാകുമാരി മുതൽ കാസർകോട് വരെ ഇതാണ് സ്ഥിതി. പിള്ളേർക്ക് പൊലീസിനെ പേടിയില്ല. പക്ഷേ പൊലീസിന് പേടിച്ചേ പറ്റു. തല്ലാൻ കൈ ആയമുള്ളവരാണ് പൊലീസുകാർ. പക്ഷേ നിയമവും മനുഷ്യാവകാശവുമായി നൂറുകൂട്ടം നൂലാമാലകളിൽപ്പെടുമെന്നതിനാൽ അവർ സംയമനം പാലിക്കും. പഴയ പൊലീസല്ല ഇന്ന്. ജനമൈത്രി പൊലീസാണ്. ലാത്തി കൊണ്ടു നടക്കാമെന്നേയുള്ളു. അത് ഉപയോഗിക്കാതെ സാരോപദേശത്തിലൂടെ കള്ളനെയും കൊലപാതകിയെയും വരെ നേർവഴിക്ക് നയിക്കണമെന്നാണ് ചട്ടം. തലതിരഞ്ഞവനെപ്പോലും തല്ലാൻ പാടില്ല. തല്ലിയാൽ പൊലീസ് പ്രതിയാകും. കൊലക്കേസ് പ്രതിയുടെ മനുഷ്യാവകാശത്തെക്കുറിച്ച് പറയാൻ പോലും ആളുണ്ട്. പക്ഷേ പൊലീസിന് തല്ലുകിട്ടിയാലോ ?
പണ്ട് പൊലീസ് ഇങ്ങനെയല്ലായിരുന്നു. കാണുമ്പോൾ തന്നെ ജനം വിറയ്ക്കും. കൂമ്പൻതൊപ്പിയും വടിവുള്ള കുട്ടിനിക്കറും ചുണ്ടൻവള്ളം കമഴ്ത്തിവച്ചതുപോലെയുള്ള കൊമ്പൻ മീശയുമുള്ള അന്നത്തെ പൊലീസുകാർ കണ്ണുരുട്ടിയാൽ ഏത് ചട്ടമ്പിയും വിരണ്ടോടും. അന്ന് നിയമം ഇന്നത്തപ്പോലെ ശക്തമായിരുന്നില്ല. അത് മുതലെടുത്ത പൊലീസുകാരും അന്നുണ്ട്.. ഭീകരൻമാരായി നാടു വിറപ്പിച്ച് നടന്നവർ. പൊലീസിന് തല്ലാനും കൊല്ലാനും അധികാരമുണ്ടെന്ന് അന്ന് പാവം ജനം വിശ്വസിച്ചിരുന്നു. അവരുമായി താരതമ്യം ചെയ്യുമ്പോൾ ഇപ്പോഴത്തെ പൊലീസ് പഞ്ച പാവമാണ്. അവരോടാണ് പിള്ളേർ പോലും മെക്കിട്ട് കയറുന്നത്. നാടുവിറപ്പിച്ച പഴയ പൊലീസുകാരുടെ ആത്മാക്കൾ അതുകണ്ട് മൂക്കത്ത് വിരൽ വയ്ക്കുന്നുണ്ടാകണം.
പണ്ട് പൊലീസ് ഇങ്ങനെയല്ലായിരുന്നു. കാണുമ്പോൾ തന്നെ ജനം വിറയ്ക്കും. കൂമ്പൻതൊപ്പിയും വടിവുള്ള കുട്ടിനിക്കറും ചുണ്ടൻവള്ളം കമഴ്ത്തിവച്ചതുപോലെയുള്ള കൊമ്പൻ മീശയുമുള്ള അന്നത്തെ പൊലീസുകാർ കണ്ണുരുട്ടിയാൽ ഏത് ചട്ടമ്പിയും വിരണ്ടോടും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |