പൂഞ്ഞാർ: പനച്ചികപാറയിൽ ആറുഗ്രാം കഞ്ചാവുമായി പത്താംക്ലാസ് വിദ്യാർത്ഥി എക്‌സൈസ് പിടിയിൽ. പിടികൂടുന്നതിനിടെ പിടിവലിയിൽ നിലത്ത് വീണ് എക്‌സൈസ് ഉദ്യോഗസ്ഥന്റെ കൈയ്ക്ക് പരിക്കേറ്റു. ശനിയാഴ്ച രാത്രി എട്ടോടെയായിരുന്നു സംഭവം. മറ്റൊരു കേസുമായി ബന്ധപ്പെട്ട് എക്‌സൈസ് സംഘം പൂഞ്ഞാർ കുന്നോന്നിയിൽ പോയി മടങ്ങി വരികയായിരുന്നു. സംശയാസ്പദമായ സാഹചര്യത്തിൽ ബൈക്കിൽ ഇരിക്കുന്ന വിദ്യാർത്ഥിയെ കണ്ട് വാഹനം നിറുത്തി. കൈയിലുണ്ടായിരുന്ന പൊതി വലിച്ചെറിഞ്ഞ് വിദ്യാർത്ഥി രക്ഷപ്പെടാൻ ശ്രമിച്ചു. പിടിച്ചുനിറുത്താൻ ശ്രമിച്ച പ്രസാദ് എന്ന ഉദ്യോഗസ്ഥനുമായി ബൈക്ക് മുന്നോട്ട് നീങ്ങിയതോടെ ഇരുവരും നിലത്ത് വീഴുകയായിരുന്നു. ഒമ്പതാം ക്ലാസ് മുതൽ കഞ്ചാവ് ഉപയോഗിക്കുന്നതായി എക്‌സൈസ് പറഞ്ഞു. മറ്റൊരു സ്‌കൂളിൽ നിന്ന് നേരത്തെ പുറത്താക്കിയിരുന്നു. എക്‌സൈസ് ഇൻസ്‌പെക്ടർ ബിനീഷ്,ഉദ്യോഗസ്ഥനായ പ്രതീഷ്, ഡ്രൈവർ സജി എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു. വിദ്യാർത്ഥിയെ ജാമ്യത്തിൽ വിട്ടയച്ചു.
100 മീറ്റർ അകലെ
കഞ്ചാവ് ചെടിയും
വിദ്യാർത്ഥിയെ പിടികൂടിയ സ്ഥലത്തിന് 100 മീറ്റർ അകലെ നിന്ന് കഞ്ചാവ് ചെടിയും കണ്ടെത്തി. മീനച്ചിലാറ്റിൽ കാവുംകടവ് പാലത്തിന് സമീപത്ത് നിന്നാണ് ചെടി കണ്ടെത്തിയത്. പ്രദേശവാസിയായ അജയൻ അറിയിച്ചതിനെ തുടർന്ന് ഈരാറ്റുപേട്ട എക്‌സൈസ് സ്ഥലത്തെത്തി ചെടി കസ്റ്റഡിയിലെടുത്തു. കേസെടുത്ത് അന്വേഷണം നടത്തും. കഞ്ചാവ് ഉപയോഗിച്ചവർ വലിച്ചെറിഞ്ഞ അവശിഷ്ടത്തിൽ നിന്നാകാം ചെടി വളർന്നതെന്നാണ് സൂചന. പ്രദേശം കഞ്ചാവ് മാഫിയയുടെ താവളമാണെന്ന് നാട്ടുകാർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |