കോട്ടയം: ജില്ലയിൽ വിവിധ കേസുകളിൽ എക്‌സൈസ് പിടികൂടിയ വാഹനങ്ങൾ ലേലം ചെയ്ത് തുടങ്ങിയെങ്കിലും തണുപ്പൻ പ്രതികരണം. ലേലത്തിൽ വച്ച 69 വാഹനങ്ങളിൽ ബുള്ളറ്റ് അടക്കമുള്ള 10 ഇരുചക്ര വാഹനങ്ങൾ മാത്രമാണ് വിൽക്കാനായത്. കാറുകളടക്കമുള്ളവ ലേലത്തിനെടുത്തിട്ടില്ല. 18 എണ്ണം അബ്കാരി കേസുകളിലും 51 എണ്ണം എൻ.ഡി.പി.എസ് കേസുകളിലും പിടികൂടിയവയാണ്. ഇതിൽ രണ്ട് അബ്കാരി കേസുകളിലേതും ബാക്കി എൻ.ഡി.പി.എസ് കേസുകളിലേയും വാഹനങ്ങളാണ് ലേലത്തിൽപ്പോയത്. 61,000 രൂപ അടിസ്ഥാന വിലയിട്ട എൻഫീൽഡ് ബുള്ളറ്റ് 76,000 രൂപക്ക് ലേലത്തിൽ പിടിച്ചതാണ് ഉയർന്ന തുക. 2,000 രൂപ വിലയിട്ട 2001 മോഡൽ ഇരുചക്രവാഹനം 3,500 രൂപക്കും ലേലത്തിന് പോയി. അഞ്ചര ലക്ഷം രൂപ നിശ്ചയിച്ച ഏറ്റുമാനൂരിൽ നിന്ന് പിടികൂടിയ ലോറി എടുക്കാൻ ആരും എത്തിയില്ല.
നേരിട്ടുള്ള ലേലം ആദ്യം
കേന്ദ്ര സർക്കാർ വെബ്‌സൈറ്റായ എം.എസ്.ടി.സി വഴി ഓൺലൈൻ ലേലമാണ് ഇതുവരെ നടത്തിയിരുന്നത്. ആദ്യമായാണ് നേരിട്ട് ലേലം വെച്ചത്. 16നായിരുന്നു കോട്ടയം ജില്ലയിലെ ലേലം. 64 പേർ പങ്കെടുത്തു. ഓൺലൈൻ ലേലത്തിൽ പോകാത്ത വാഹനങ്ങൾക്കാണ് നേരിട്ടുള്ള ലേലം. രണ്ടു തവണ ഇവ ഓൺലൈനിലും വച്ചിരുന്നു. ലേലം കൊള്ളാത്തവർക്ക് രജിസ്ട്രേഷൻ ഫീസ് തിരിച്ചുനൽകി. പത്തുപേരിൽ എട്ടുപേർ മുഴുവൻ പണവും രണ്ടുപേർ പകുതി പണവും അടച്ചു. നടപടി പൂർത്തിയാക്കി വാഹനങ്ങൾ ഉടൻ ഇവർക്കു വിട്ടുനൽകും. 47 വാഹനങ്ങളുടെ അടുത്ത ലിസ്റ്റ് നേരിട്ടുള്ള ലേലത്തിന് ഒരുങ്ങുന്നുണ്ട്.
രജിസ്ട്രേഷൻ ഫീസ്: 5000
അടുത്ത ലേലം ഇന്ന്
ലേലത്തിൽ വയ്ക്കുക 20 വാഹനങ്ങൾ
വില പുനർനിർണയിക്കും
ഇത്തവണ ലേലത്തിൽ പോകാത്ത 59 വാഹനങ്ങളുടെ വില പുനർനിർണയിക്കും
2022ൽ നിശ്ചയിച്ച അടിസ്ഥാന വില ഇത്തവണയും വച്ചത് തടസമായി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |